ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Sunday, August 15, 2010

വാടകയ്ക്കെടുത്ത പെണ്‍കുട്ടി

ബംഗ്ലൂര്‍ നഗരത്തിന്റെ വിത്യസ്തങ്ങളായ പല മുഖങ്ങളും ഞാന്‍ കാണാന്‍ തുടങ്ങിയത് ബാഹുലേയനുമായുള്ള സൗഹൃദത്തിനു ശേഷമാണ്. മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍, ഇനിയും ഉറങ്ങിയിട്ടില്ലാത്ത നഗര ഹൃദയത്തിലെ ഒരു ഡാന്സ് ബാറില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയത്‌. പിന്നെ അതൊരു ഉറ്റ സൗഹൃദമായി.

അന്തിയുറങ്ങുവാന്‍ പ്രത്യേകിച്ചൊരു വീടോ, കാത്തിരിക്കുവാന്‍ വീട്ടുകാരോ ഇല്ലാതിരുന്നതിനാലാവണം പലപ്പോഴും അവനെന്റെ മുറിയില്‍ വന്നു താമസിക്കുമായിരുന്നു. ബാഹുലേയന്‍ ജനിച്ചു വീണതും വളര്‍ന്നതും നഗരത്തിന്റെ മടിയില്‍ കിടന്നാണ്. അപ്പനും അമ്മയും ആരെന്നറിയില്ല. ഇവിടത്തെ ചീഞ്ഞതും നാറിയതുമായ ദിനരാത്രങ്ങളിലെ വിഴുപ്പുകള്‍ക്കിടയില്‍ എല്ലാം കണ്ടും കേട്ടുമാണവന് വളര്‍ന്നു വലുതായത്.

ബാഹുലേയന്‍ നഗരത്തെക്കുറിച്ച് പറഞ്ഞ പല കാര്യങ്ങളും എന്നെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു.

എന്നെയും അവന്റെ കൂടെ കൂട്ടണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും അവന്‍ ചെവിക്കൊണ്ടില്ല.

"വരട്ടെ കഥാകാരാ, സമയമാകുമ്പോള്‍ നമുക്ക് വേണ്ടത് ചെയ്യാം"

അവന്റെ കഥാകാരാ എന്നാ വിളി എനിക്ക് വളരെ ഇഷ്ടമാണ്. തുണ്ട് കടലാസ്സില്‍ ഞാന്‍ കുത്തിക്കുറിക്കുന്ന വട്ടുതരങ്ങള്‍ കണ്ടാണ്‌ അവനങ്ങനെ വിളിച്ചു തുടങ്ങിയത്. പക്ഷെ അവനറിയില്ലല്ലോ, ബസ്‌ ടിക്കറ്റിന്റെ മറു പുറത്തും തുണ്ട് കടലാസ്സിലും ഒന്നുമല്ല കഥകള്‍ പിറവിയെടുക്കുന്നത് എന്ന്.

ഞാന്‍ പിന്നെയും ഓരോന്ന് പറഞ്ഞു ബാഹുലേയനെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പക്ഷെ അവനടുക്കുന്ന ലക്ഷണം കാണുന്നില്ല.

"നീ നല്ല പിള്ളയാണ്. തല്‍ക്കാലം വഴി തെറ്റണ്ട. "

"വഴി തെറ്റുവാന്‍ വേണ്ടിയല്ല ബാഹൂ..ഒരു കഥാകാരന് എഴുതണമെങ്കില്‍ അനുഭവങ്ങള്‍ കൂടിയേ തീരു. അതാണ്‌ ഞാന്‍ നിന്നോട് ആവശ്യപ്പെടുന്നത്..."

ഞാന്‍ എന്തെങ്കിലുമൊക്കെ എഴുതികാണുവാന്‍ എന്നെക്കാളും അധികം അവന്‍ ആഗ്രഹിക്കുന്ന പോലെ തോന്നി. അവസാനം അവന്‍ വഴങ്ങി. എന്നാല്‍ അന്ന് പോയശേഷം ഒരുമാസത്തോളം കഴിഞ്ഞാണ് അവന്‍ വീണ്ടും വന്നത്.

"നീ നാളെ രാവിലെ ഒരുങ്ങി നില്‍ക്കുക. നമുക്കൊരിടം വരെ പോകാം".
അത് പറഞ്ഞു അവന്‍ സ്ഥലം വിട്ടു. എനിക്ക് കാര്യം പിടി കിട്ടിയിരുന്നു.

പിറ്റേന്ന് ഞായറാഴ്ച, ഞാന്‍ ബാഹുലേയനും കൂടി R.T നഗറിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും പിന്നൊരു മൂന്നു കിലോമീറ്റര്‍ ദൂരം റിക്ഷയില്‍. പിന്നെ ഒരു കിലോമീറ്ററോളം ആള്‍ക്കാര്‍ തിങ്ങി പാര്‍ക്കുന്ന വൃത്തികെട്ട ഒരു തെരുവിലെ ബഹളങ്ങള്‍ക്കിടയിലൂടെ നടത്തം. അവസാനം ഒരു പഴയ കെട്ടിടത്തിലെ രണ്ടാം നിലയിലേക്ക് അവനെന്നെ കൂട്ടിക്കൊണ്ടു പോയി.

വരാന്തയില്‍ എന്നെ നിര്‍ത്തി അവനകത്തു പോയി.
ഞാന്‍ ചുറ്റും നോക്കി. ആ കെട്ടിടത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കായ്ക്കാത്ത ഒരു തെങ്ങ് മാത്രമാണവിടത്തെ ഏക പച്ചപ്പ്‌. കാറ്റിലാടുന്ന തെങ്ങോലയുടെ ശബ്ദത്തേക്കാള്‍ അധികമാണോ എന്റെ നാഡിമിടിപ്പ് എന്ന് ഞാന്‍ സംശയിച്ചു. അരുതാത്തതെന്തോ ആദ്യമായി ചെയ്യുവാന്‍ പോകുമ്പോഴുണ്ടാകുന്ന, എന്നാല്‍ സുഖകരവുമായ ഒരു ആകുലത എന്നെയാകെ പൊതിഞ്ഞു.

അല്പം കഴിഞ്ഞപ്പോള്‍ ഞാന്‍ അകത്തേക്ക് ആനയിക്കപ്പെട്ടു.
പല്ലുകളില്‍ മുറുക്കാന്‍ കറ കൂട് കെട്ടിയ ഒരു കിഴവന്‍ എന്നെയും ബാഹുലേയനെയും മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ മൂന്ന് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അതില്‍ രണ്ടു പേര്‍ നന്നേ ചെറുപ്പമാണ്. ഏറിയാല്‍ പതൊന്പതോ ഇരുപതോ. ആ രണ്ടു പേരിലൊരാള്‍ ജീന്‍സും ടോപ്പും മറ്റെയാള്‍ ചുരിദാറും ആണ് വേഷം.

"മൂന്നും മലയാളികളാണ്. ഇവരില്‍ ആരെ വേണമെന്ന് പറയൂ.."
കിഴവന്‍ പരുപരുത്ത ശബ്ദത്തില്‍ ഒരു ചുമയോട് കൂടി പറഞ്ഞു നിര്‍ത്തി.

ബാഹുലേയന്‍ ചോദ്യഭാവത്തില്‍ എന്നെ നോക്കി.
ഞാന്‍ ആ പെണ്‍കുട്ടികളുടെ മുഖത്തേക്ക് മാറി, മാറി നോക്കി.
കാണാന്‍ നല്ല രസമുള്ള പെണ്‍കുട്ടികള്‍.
ഹൃദയമിടിപ്പിന്റെ താളം പിന്നെയും മുറുകിക്കൊണ്ടിരുന്നു...

അതിലെ ചുരിദാര്‍കാരി പെണ്‍കുട്ടിയുടെ മുഖം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു.
അവളുടെ മുഖത്ത് എന്തൊക്കെയോ നൊമ്പരങ്ങള്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന പോലെ.
നിസ്സഹായതയുടെ കൂട്ടില്‍ തളയ്ക്കപ്പെട്ട ഒരു പാഴ് ജന്മം കണക്കെ.
അവളുടെ വട്ടക്കണ്ണുകളിലേക്ക് നോക്കിയപ്പോള്‍ എവിടെയോ ഞങ്ങള്‍ തമ്മില്‍ ഒരു അടുപ്പം ഉള്ളത് പോലെ ഒരു തോന്നല്‍.

"എന്താ, നിന്റെ പേര്? " ധൈര്യം സംഭരിച്ചു ഞാന്‍ ചോദിച്ചു.
"സാന്ദ്ര" എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി ഒരു ഒഴുക്കന്‍ രീതിയില്‍, ഞാന്‍ ഇതെത്ര കേട്ടിരിക്കുന്നു എന്ന മട്ടില്‍ അവള്‍ മൊഴിഞ്ഞു.

ഞാന്‍ ബാഹുലേയന്റെ മുഖത്തേക്ക് നോക്കി.
കിഴവന്‍ അവളോട്‌ പോയി റെഡിയാകാന് പറഞ്ഞു. ഞാന്‍ ആ മുറിയില്‍ നിന്നും പുറത്തിങ്ങി കാത്തിരിന്നു. അല്പം കഴിഞ്ഞപ്പോള്‍, അപ്പുറത്തെവിടെയോ നിന്നു ഒരു സ്ത്രീ ശബ്ദം കേട്ടു.

"മിസ്റ്റര്‍ ബാഹുലേയന്‍, തനിക്കറിയാല്ലോ , ഈ ഫീല്‍ഡില്‍ മലയാളികളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണെന്ന്. ഇതിപ്പോ ഭാഗ്യത്തിന് ഒത്തു വന്നതാ. അതുകൊണ്ട് നാലായിരം രൂപയിലൊട്ടും കുറയില്ല. "

സാന്ദ്ര ഒരുങ്ങി വന്നു. ഒരുങ്ങി
എന്ന് വരുത്തി തീര്‍ത്തു എന്ന് പറയുന്നതാവും ശരി. മുടിയിഴകള്‍ അലസമായി പാറി കിടക്കുന്നു. ഉറങ്ങി എഴുന്നേറ്റ ശേഷം കുളിക്കാതെ വന്ന പോലെ. എന്നിട്ടും നല്ല ചന്തമുണ്ടവള്‍ക്ക്.

"വൈകുന്നേരം ആറ് മണിക്ക് മുന്നേ ഇങ്ങോട്ട് എത്തിക്കണേ സാറേ.. അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ എത്തിച്ചാല്‍ മതി." കിഴവന്‍ ഓര്‍മിപ്പിച്ചു.
കഷ്ടം, ഇവിടെ പകല് ജോലി ചെയ്താലും രാത്രിയിലവള്‍ക്ക് വിശ്രമമില്ല.

വിശിഷ്ടാതിഥിയെയും കൂട്ടി ഞങ്ങള്‍ തിരികെ എന്റെ മുറിയിലേക്ക്. ഇടയ്ക്കു വച്ച് ബാഹുലേയന്‍ പിന്‍വാങ്ങി.

"മാഷ്‌ പോയി, കഥയെഴുതുകയോ കേള്‍ക്കുകയോ എന്താന്ന് വച്ചാല്‍ ചെയ്തോളൂ..ഞാന്‍ വരുന്നില്ല. "

അങ്ങനെ സാന്ദ്രയും ഞാനും വീട്ടിലെത്തി.

നല്ല തണുപ്പുള്ള ഒരു പ്രഭാതമായിരുന്നു അന്ന്. പത്തു മണിയായിട്ടും തണുപ്പ്, കുറഞ്ഞെങ്കിലും മാറിയിട്ടില്ല. ഗീസറില്‍ ചൂട് വെള്ളമുണ്ടെന്നും, പോയി കുളിച്ചു വരാനും അവളോട്‌ ഞാന്‍ ആവശ്യപ്പെട്ടു. തണുത്തവെള്ളം മതി എന്നവള്‍ പറഞ്ഞു.

കുളി കഴിഞ്ഞ് അവളെത്തിയപ്പോള്‍ ആ മുഖകാന്തി പതിന്മടങ്ങ്‌ വര്‍ദ്ധിച്ചിരിക്കുന്നു. പക്ഷെ, ഒട്ടും മാറ്റമില്ലാതെ ആ ദുഖഭാവം അവിടെ തന്നെ തെളിഞ്ഞു കാണാം. തണുപ്പ് മാറ്റാന്‍ നല്ലൊരു ഏലക്ക ചായ ഞാന്‍ അവള്‍ക്കു ഇട്ടു കൊടുത്തു. എന്റെ ഏലക്ക ചായ പണ്ടേ പ്രസിദ്ധമാണ്.

"നിന്റെ വീടെവിടാ..?"
ചായ കുടിക്കുന്നതിനിടയില്‍ ഞാന്‍ തിരക്കി.
"തലശ്ശേരി" താല്പര്യമില്ലാത്ത മട്ടില്‍ അവള്‍ പറഞ്ഞു.
"ഞാനൊരിക്കല്‍ അവിടെ വന്നിട്ടുണ്ട്. തലശ്ശേരിയില്‍ നിന്നും വിരാജ്പേട്ട വഴി കൂര്‍ഗിലേക്ക് ഒരിക്കല്‍ പോയിരുന്നു."

അവള്‍ക്കു കാണാന്‍ ടി.വി. വച്ചുകൊടുത്തു കൊണ്ട് ഞാന്‍ വീണ്ടും പറഞ്ഞു.
"നീയിവിടെ ഇരിക്കൂ..ഞാന്‍ പോയി കഴിക്കാന്‍ എന്തെങ്കിലം മേടിച്ചു കൊണ്ട് വരാം."

പ്രാതലുമായി ഞാന്‍ തിരികെ വന്നപ്പോള്‍ അവള്‍ ടിവിയിലെ ഏതോ ഒരു മലയാളം സിനിമയില്‍ മുഴുകിയിരിക്കുകയായിരുന്നു. ശല്യപ്പെടുത്താന് പോയില്ല. ഒരു പാത്രമെടുത്ത്‌ കഴുകി അതില്‍, ജോസ് ചേട്ടന്റെ മല്ലു മെസ്സില്‍ നിന്നും വാങ്ങിയ ദോശയും ചട്നിയും എടുത്തു അവളുടെ കയ്യില്‍ കൊടുത്തു. മറ്റൊരു പാത്രത്തില്‍ എനിക്കും വിളമ്പി.

സാന്ദ്ര കഴിക്കുനതും നോക്കി ഞാന്‍ ഇരുന്നു.

അവളുടെ പാത്രത്തിലെ കറി തീര്‍ന്നു എന്ന് കണ്ടപ്പോള്‍ കുറച്ചു കൂടി ചട്നി ഞാന്‍ ഒഴിച്ച് കൊടുത്തു. അവളെന്റെ കണ്ണുകളിലേക്കു നോക്കി, എന്തിനിങ്ങനെയൊക്കെ ചെയ്യുന്നു എന്നാ മട്ടില്‍. ആഹാരം കഴിച്ചു കഴിഞ്ഞപ്പോള്‍ അവളെന്റെ പാത്രവും കൂടി കഴുകി വച്ചു.

"സാന്ദ്ര, നമുക്ക് ഉച്ചക്കത്തേന് വല്ലതും ഉണ്ടാക്കണ്ടേ? നിനക്ക് ചോറും കറിയുമൊക്കെ വെക്കാനറിയാമോ? "
ഇല്ലെന്നു അവള്‍ തലയാട്ടി.


"അതെന്താ? നിന്റെ അമ്മയിതോന്നും നിന്നെക്കൊണ്ടു ചെയ്യിപ്പിച്ചിട്ടില്ലേ? "
അവളുടെ മുഖം കാര്‍മേഘം കണക്കെ ഇരുണ്ടു.
മ്ലാനമായ മുഖത്തോടെ അവള്‍ തന്റെ നില്‍പ്പ് തുടര്‍ന്നു.


"എന്തെ ഒന്നും പറയാത്തെ? " ഞാന്‍ ചോദ്യമാവര്‍ത്തിച്ചു.
"നിങ്ങള്ക്ക് എന്നെ കൂട്ടിക്കൊണ്ടു വന്ന കാര്യം സാധിച്ചെടുത്താല്‍ പോരെ ? എന്തിനാണ് അതുമിതും ചോദിക്കുന്നത്? " അവള്‍ ദേക്ഷ്യപ്പെട്ടു.

ഞാന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.
ആ മുഖം അതൊരാവരണം മാത്രമാണെന്നെനിക്ക് തോന്നി. അതിനു പിന്നില്‍ പൊട്ടിത്തെറിക്കാന്‍ വെമ്പി നില്‍ക്കുന്ന സങ്കടങ്ങളുടെ ഒരു അഗ്നിപര്‍വ്വതം പുകയുന്ന പോലെ.

"എങ്കില്‍ ശരി. നീ പോയി ടിവി കണ്ടോളൂ.. ഞാന്‍ തന്നെ ഉണ്ടാക്കിക്കൊള്ളാം.."

അല്‍പനേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്ന ശേഷം അവള്‍ വീണ്ടും ടിവിയുടെ മുന്നിലേക്ക്‌ മടങ്ങി. ഇടയ്ക്കിടെ വെറുതെ അടുക്കളയില്‍ അവള്‍ വന്നെത്തി നോക്കുന്നത് ഞാന്‍ കണ്ടു.

ചോറും കറികളും ഉണ്ടാക്കി കഴിഞ്ഞപ്പോഴേക്കും സമയം ഉച്ചയായി.

ഊണ് കഴിക്കുന്നതിനിടയില്‍ അവള്‍ ശാന്തമായി ചോദിച്ചു.

"ചായയും ചോറും വെച്ച് തന്നു എന്റെ വിശപ്പടക്കാന്‍ വേണ്ടി മാത്രമാണോ നാലായിരം രൂപ കളഞ്ഞു നീയെന്നെ ഇവിടെ കൊണ്ട് വന്നത് ?"

ഞാന്‍ മെല്ലെ ചിരിച്ചു.
"ആവോ അറിയില്ല. നിന്നെക്കണ്ടിട്ടു ഒന്നും ചെയ്യാന്‍ തോന്നുന്നില്ല."

"അതെന്താ നിനക്കെന്നോട് പ്രേമം തോന്നുന്നുവോ? "
അവള്‍ ഉറക്കെ ചിരിച്ചു.
ഞാനൊന്ന് ചമ്മി. എന്നാലും വേണ്ടില്ല നീയൊന്നു ചിരിച്ചു കണ്ടല്ലോ?

ഊണ് കഴിഞ്ഞു ഞാന്‍ സാന്ദ്രയെയും കൂട്ടി മുറിയില്‍ നിന്നിറങ്ങി.

അവള്‍ക്കൊരു നല്ല ചുരിദാര്‍ വാങ്ങി കൊടുക്കണമെന്ന് ഉള്ളില്‍ ഒരു തോന്നല്‍. പോകുന്ന വഴി, തിരക്കേറിയ റോഡു മുറിച്ചു കടന്നപ്പോഴും മറ്റും അവളുടെ കൈ പിടിച്ചു ഞാന്‍ നടന്നു. അവള്‍ക്കതിഷ്ടപ്പെട്ടുവെന്നു അവളുടെ കണ്ണുകള്‍ എനിക്ക് പറഞ്ഞു തന്നു.

ചുരിദാര്‍ തിരഞ്ഞെടുക്കുവാനായി കടയിലൂടെ കയറിയിറങ്ങി നടന്നപ്പോള്‍ അവളെന്നോട് ചേര്ന്നുരുമ്മി നടന്നു. ആ നടത്തം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഓരോ ചുരിദാര്‍ എടുത്തു നോക്കുമ്പോഴും അതെനിക്കിഷ്ടപ്പെടുന്നുണ്ടോ എന്നറിയാന്‍ അവള്‍ ശ്രമിച്ചിരുന്നു. ചുരിദാര്‍ വാങ്ങിയ ശേഷം ഞങ്ങള്‍ നടന്ന് മാറത്തഹള്ളി സ്റ്റോപ്പിലെത്തി, വിശ്രമ കേന്ദ്രത്തില്‍ ബസ് കാത്തു നിന്നു.

എന്റെ അരികില്‍ ഇടയ്ക്കിടെ എന്റെ കണ്ണുകളിലേക്കും നോക്കി എന്തൊക്കെയോ ആലോചിച്ചവള്‍ നിന്നു.

അവള്‍ക്കു പോകാന്‍ പറ്റുന്ന പല ബസുകളും വന്നു പോയി; അവള്‍ കയറിയില്ല.
"എന്താ പോകുന്നില്ലേ? "
"കുറച്ചു നേരം കൂടി കഴിയട്ടെ "

അവളെന്റെ ആരോ ആയിക്കഴിഞ്ഞിരിക്കുന്നു എന്നെനിക്കു മനസ്സിലായി. പക്ഷെ ആര്?

സമയം തീരെ വൈകുന്നു, എന്ന് കണ്ടപ്പോള്‍, സാന്ദ്ര അടുത്ത ബസില്‍ കയറി. ബസിനുള്ളില്‍ ഇരുന്നു അവളെന്നെ കൈവീശി കാണിച്ചു. ബസ്‌ നീങ്ങി.

ഞാന്‍ തിരികെ മുറിയിലേക്ക്...
മനസ്സിനൊരു വല്ലായ്മ. എവിടെയോ ഒരു തേങ്ങല്‍..
ഓഫീസും തിരക്കുമായി വീണ്ടും ദിവസങ്ങള്‍ കൊഴിഞ്ഞു. എന്നും ഒരു ചോദ്യ ചിഹ്നമായി, ഒരു അസ്വസ്ഥതയായി സാന്ദ്രയുടെ മുഖം വീണ്ടും വീണ്ടും മനസ്സില്‍ തെളിയുന്നു. അവളെ ആദ്യം കണ്ടപ്പോള്‍ തന്നെ ഒരാത്മ ബന്ധം മനസ്സില്‍ തോന്നിയതാണ്.

അവളെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം...
എത്ര കാശ് മുടക്കിയിട്ടായാലും വേണ്ടില്ല.
ബാഹുലേയനെ എങ്ങനെയേലും സമ്മതിപ്പിക്കാം.
ഒരാഴ്ച തല പുകച്ച് പല പ്ലാനും പദ്ധതികളും ഞാന്‍ തയ്യാറാക്കി.

അടുത്ത ശനി വന്നു ചേര്‍ന്നു. ഒഫീസില്ലാത്ത ദിവസം.
ബാഹുലേയന്‍ എന്നെക്കൊണ്ട് പോയ വഴികളിലൂടെ ഞാന്‍ തനിയെ R.T നഗറിലെ ആ പഴയ കെട്ടിടത്തില്‍, രാവിലെ തന്നെ ചെന്നു; നാലായിരം രൂപയുമായി.

കണ്ടപ്പോള്‍ തന്നെ കിഴവന് മനസ്സിലായി.
"ബാഹുലേയന്റെ കൂടെ വന്ന ആളല്ലേ..? "
"അതെ.."
സാന്ദ്രയെ ഒരിക്കല്‍ കൂടി വേണമെന്ന് കിഴവനോട് പറഞ്ഞു.
"ഏത് ആ മലയാളി പെണ്ണോ? അവള്‍ പോയി സാറേ..മിനിങ്ങാന്ന്.."
ഉള്ളു കാളി.

"എങ്ങോട്ട് പോയി? "
"അതിപ്പോ പറയാന്‍ പറ്റില്ല, ഇതൊക്കെ ഓരോരുത്തര് കോണ്ട്രാക്റ്റ് പോലെ ഇവിടെ കൊണ്ട് വരുന്നതല്ലേ.. രണ്ടു ദിവസം, ഏറിയാ രണ്ടാഴ്ച. "
"അവളെ കണ്ടുപിടിക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ? "


ഇതെന്തു പുകില് എന്നാ മട്ടില്‍ കിഴവന്‍ എന്നെ നോക്കി.
"ഒരു മാര്‍ഗവുമില്ല. അവളിപ്പോ വല്ല അഹമ്മദാബാദിലോ
പൂനയിലോ എത്തിയിട്ടുണ്ടാവും. അതുമല്ലേല്‍ കല്‍ക്കട്ടയില്‍ "

ഞാനാകെ തകര്‍ന്നു.
"നല്ല കിളുന്തു ഹിന്ദിക്കാര് പെമ്പിള്ളേരുണ്ട്. നോക്കുന്നോ സാറേ ?" കിഴവന്റെ ശബ്ദം.

ഞാന്‍ തിരികെ ഇറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നു.
എന്റെ വിസിറ്റിംഗ് കാര്‍ഡോ ഫോണ്‍ നമ്പരോ എന്തെങ്കിലും അവള്‍ക്കു കൊടുക്കേണ്ടതായിരുന്നു.
പക്ഷെ ചെയ്തില്ല. പ്രക്ഷുബ്ദമായ മനസ്സുമായി യാന്ത്രികമായ ഹൃദയത്തോടെ ഞാന്‍ എങ്ങോട്ടോ നടന്നു കൊണ്ടേയിരുന്നു...

എന്തിനാണ് ഞാന്‍ ഇത്രയും സങ്കടപ്പെടുന്നത്?
അവള്‍ എന്റെ ആരാ??
ആരുമല്ല..അവള്‍ എന്റെ ആരുമല്ല.
വിലയുള്ള ഏതോ ഒരു പെണ്ണ്.. !!



Saturday, August 14, 2010

ക്ലാര എനിക്കാരാണ്

ഒരിക്കലും ഉത്തരം കിട്ടാതെ, ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചിട്ടുള്ള ഒരു ചോദ്യം. ക്ലാര എനിക്കാരാണ്?

മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ ക്ലാര കൂടുകൂട്ടിയിട്ടു ഇപ്പോള്‍ ഒരു പത്തു വര്‍ഷമെങ്കിലും ആയി കാണും..അതായത് പപ്പേട്ടന്റെ തൂവാനതുമ്പികള്‍ കണ്ടിട്ട് അത്രയും നാളായി എന്നര്‍ത്ഥം.

ക്ലാര എനിക്ക് വെറുമൊരു കഥാപാത്രമല്ല. ക്ലാര എവിടയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുവാന്‍ പോലും ഞാന്‍ ‍ ആഗ്രഹിക്കുന്നു. അത്രത്തോളം ആ കഥാപാത്രം എന്നിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...


പ്രിയപ്പെട്ട ക്ലാരേ, കപട സദാചാരത്തിന്റെ പൊയ്മുഖങ്ങളില്ലാതെ ഈ ലോകത്തോട്‌ മുഴുവന്‍ വിളിച്ചു പറയാന്‍ ഞാനൊരുക്കമാണ്, എനിക്ക് നിന്നോട് പ്രണയമാണെന്ന്. എന്തിനു വേണ്ടി എന്നെനിക്കറിയില്ല. നിന്റെ സ്നേഹത്തിനായി മറ്റൊരു മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആകാന്‍ അറിയാതെ മനസ്സ് കൊതിക്കുകയാണ്.

നിന്നിലൂടെയാണ് ഞാന്‍ പപ്പേട്ടന്‍ എന്നാ പദ്മരാജന്‍ മാഷിനെ ഇഷ്ടപ്പെട്ടത്...
നിന്നിലൂടെയാണ് ഞാന്‍ സുമലതയെ ഇഷ്ടപ്പെട്ടത്...
ഇന്ന് നിനക്കായ്‌ എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
നിനക്കായി ഒരുപിടി കഥകള്‍...
അങ്ങനെ എന്റെ പ്രണയം ഞാന്‍ ലോകത്തെ അറിയിക്കട്ടെ.

ഒരുപക്ഷെ അവ വായിച്ചു കഴിഞ്ഞ് തീര്‍ത്തും നിലവാരം കുറഞ്ഞ സൃഷ്ടികള്‍ എന്ന് വിലയിരുത്തി നീ പൊട്ടിച്ചിരിച്ചേക്കാം. എങ്കിലും ഞാന്‍ എഴുതി കൊണ്ടേയിരിക്കും. കാരണം എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ്..

നിനക്ക് തുല്യം നീ മാത്രം. പകരം വക്കാനാവാത്തതാണ് നിന്റെ വ്യക്തിത്വവും നിന്നോടുള്ള എന്റെ ആരാധനയും.. നിന്റെ തങ്ക വിഗ്രഹത്തിനു ചുറ്റും അണി നിരത്താന്‍ കല്ലില്‍ തീര്‍ത്ത ഒരുപിടി ക്ലാരമാരെ സൃഷ്ടിക്കുവാന്‍ ഞാനൊരു എളിയ ശ്രമം നടത്തുകയാണ്.

ഞാനെഴുതി കൂട്ടുന്നവ തെറ്റുകളും കുറവുകളും നിറഞ്ഞ മണ്ടത്തരങ്ങള്‍ ആണെങ്കില്‍ എന്നോട് നീ സദയം പൊറുക്കുക. നിന്റെ പേരിനു ഒരിക്കലും ഒരു കളങ്കമാകാത്ത വിധത്തില്‍, നിന്റെ പിതാവായ പപ്പേട്ടനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഇവിടെ തുടങ്ങുകയാണ്, നീ ഈ എളിയ ആരാധകനെ അനുഗ്രഹിച്ചാലും!!

എന്റെ എത്രയും പ്രിയപ്പെട്ട ക്ലാരയ്ക്ക്‌ വേണ്ടിബ്ലോഗ്‌ ഞാന്‍ സമര്‍പ്പിച്ചു കൊള്ളുന്നു...