ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Wednesday, June 1, 2011

എന്റെ നീഹാരപ്പറവയ്ക്ക്

റോജയെ കുറിച്ചുള്ള ചിന്തകള്‍ കലുഷിതമാക്കിയ മനസ്സുമായി കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ക്കുള്ള ബസും പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ്, അവള്‍ എന്റെ അരികിലെത്തി ചോദിച്ചത്.

"ബാംഗ്ലൂര്‍ക്കാണോ മാഷേ..?"
അവളുടെ മുഖത്ത് ഒരു പരിചയ ഭാവം പോലെ...
"അതേ..ബാംഗ്ലൂര്‍ക്കാണ്..."
"ഏഴു മണിയുടെ സ്ലീപ്പര്‍ ബസിലാണോ? "
"അതേ.."

റോജ ഒരു നിമിഷം മനസ്സില്‍ നിന്നും മാഞ്ഞു. തെല്ല് ആശ്ചര്യത്തോടെ ഞാന്‍ അവളെ നോക്കി.
"ഒറ്റയ്ക്കാണെങ്കില്‍, മാഷിന്റെ സിംഗിള്‍ ബെര്‍ത്ത്‌ മാറ്റി, ഒരു ഡബിള്‍ ബെര്‍ത്ത്‌ ടിക്കറ്റ് എടുത്താല്‍ നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാമായിരുന്നു..."

ഞാന്‍ ഒന്ന് ഞെട്ടി. ഇപ്പോഴാണ് ഞാന്‍ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഇളം പച്ച ചുരിദാറണിഞ്ഞ്, ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കൊടിയുടെ ലക്ഷണങ്ങളുള്ള ഒരു ശാലീന സുന്ദരി.
"അപരിചിതയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ എന്തിനാണ് വെറുതെ കാശ് കളയുന്നത്? "
"വെറുതെയാവില്ല, എന്തെങ്കിലും പ്രയോജനമുണ്ടാകും എന്ന് കരുതിക്കൊള്ളൂ... അല്‍പ നേരമെങ്കിലും എന്നെ ഒന്നുറങ്ങാന്‍ സമ്മതിച്ചാല്‍ മതി." അവള്‍ ചിരിച്ചു..

എനിക്കെന്തോ പന്തികേട്‌ തോന്നാതിരുന്നില്ല. വല്ല കെണിയുമാകുമോ?
ചിലപ്പോള്‍, തന്നെ മഥിക്കുന്ന റോജയെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമിടാന്‍ ഇവള്‍ക്കായി കൂടേ? ഇന്നീ രാത്രിയെങ്കിലും റോജയെ മറക്കാന്‍ പറ്റുമെങ്കില്‍..?

"എന്താ നിന്റെ പേര്? "
"നീഹാര..."
"വരൂ." ബസ് ഓപ്പറേറ്റരുടെ ഓഫീസിലേക്ക് കയറി ടിക്കറ്റ് ഡബിള്‍ ബെര്‍ത്തിന്റെയാക്കി മാറ്റി. താമസിയാതെ ബസ് വരികയും, അനുവദിച്ച് കിട്ടിയ ബെര്‍ത്തില്‍ ഞങ്ങള്‍ കൂടണയുകയും ചെയ്തു. ചുറ്റും നാല് കര്‍ട്ടനുകള്‍ വലയം ചെയ്തപ്പോള്‍ അവളുടെ നിശ്വാസം എനിക്ക് കേള്‍ക്കാമെന്നായി. പക്ഷെ....

ഒരു നിശ്വാസത്തിന്റെ ദൂരത്തില്‍ നീഹാര അരികിലുണ്ട്. അവളെ എന്ത് വേണമെങ്കിലും ചെയ്യാം. എന്നിട്ടും ഞാന്‍ അശക്തനാവുകയാണ്. മനസ്സ് മറ്റെവിടെയോ അലയുകയാണ്. അവളെ ഗൌനിക്കാനേ തോന്നുന്നില്ല. മനസ്സിന്റെ മേച്ചില്‍ പുറങ്ങളില്‍ റോജയുടെ ഓര്‍മ്മകള്‍ സംഹാരതാണ്ഡവമാടുകയാണ്.
അവളോടുള്ള സ്നേഹത്തിന് മുന്നില്‍ ഞാന്‍ തളരുകയാണ്.

"ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കിടന്നാല്‍ ഈ രാത്രി പെട്ടന്നങ്ങ് തീരും."
ഞാന്‍ തിരിഞ്ഞ് യാന്ത്രികമായി നീഹാരയെ നോക്കുക മാത്രം ചെയ്തു.
"കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ പ്രശ്നം മഹേഷിനെ വല്ലാതെ അലട്ടുന്നത് പോലെ..."
"സത്യം പറ...എന്റെ പേര് നീയെങ്ങനെ അറിഞ്ഞു? "
"പേര് പറയാതെയാണോ കുറച്ചു മുന്നേ ടിക്കറ്റ് മാറ്റി എടുത്തത്‌? "

ഒന്നും മിണ്ടാതെ ലാപ്ടോപ് എടുത്ത്, ഞാന്‍ അവസാനമെഴുതിയ ആ കഥ അവള്‍ക്കു കാണിച്ചു കൊടുത്തു. അവള്‍ അത് വായിക്കവേ, മനസ് വീണ്ടും റോജയില്‍ നിന്നും റോജയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

"ഈ കഥ സത്യമാണോ? "
"കഥാകാരന്റെ മനസിന്റെ രക്ത ചിത്രം...."
"എന്താ അവളുടെ പേര് ?"
"റോജ"
"അവസരങ്ങള്‍ ഉണ്ടായിട്ടും, വല്ലപ്പോഴുമെങ്കിലും നിന്നെ ഓര്‍ക്കാറുണ്ട് എന്നറിയിക്കാന്‍ പോലും അവള്‍ തയ്യാറാകുന്നില്ല അല്ലേ? അതല്ലേ നിന്റെ പ്രശ്നം..?" എന്റെ നെഞ്ചത്ത് കൂടി വിരലോടിച്ചു കൊണ്ട് നീഹാര ചോദിച്ചു. ഞാന്‍ ബസിന്റെ മുകളില്‍ കത്തി നില്‍ക്കുന്ന ബള്‍ബിന്റെ നീല വെളിച്ചത്തിലേയ്ക്കു നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു.

"എനിക്ക് തോന്നുന്നു, അവള്‍ വല്ലാണ്ട് സ്വാര്‍ത്ഥയാണെന്ന്. നീ നിന്നെക്കാള്‍ അവളെ സ്നേഹിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ മറ്റാരേക്കാളും അവളെ മാത്രം സ്നേഹിക്കുന്നു. ഒരു പക്ഷെ നിന്റെ പ്രണയം അവള്‍ അര്‍ഹിക്കുന്നുണ്ടാവില്ല. "
ശരിയാണ്; ചില കാര്യങ്ങളില്‍ അവള്‍ സ്വാര്‍ത്ഥ ആണെന്ന് തനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും അവളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തപ്പോഴൊക്കെ അതൊന്നും സത്യമാകരുതെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ താന്‍ ചെയ്തത്..

"ഈ കഥ അവള്‍ വായിച്ചോ "
"ഉം... വായിച്ചു...."
"എന്നിട്ട് "
"അവള്‍ പൊട്ടിച്ചിരിച്ചു കാണും.."
"അതെങ്ങനെ നിനക്കറിയാം...?"
"എനിക്കറിയാം..."
"സാരമില്ല പോട്ടെ..." അവള്‍ കവിളിലൊരുമ്മ തന്നപ്പോള്‍ ഒരു ചുടു നിശ്വാസം എന്റെ മുഖത്ത് തഴുകി അലിഞ്ഞില്ലാതായി.

"തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്‌. നിന്റെ സര്ഗാത്മകതക്ക് മേല്‍ കാലത്തിന്റെ കയ്യൊപ്പുന്ടാകില്ല എന്നാരു കണ്ടു? നീ എഴുതുക. നഷ്ടങ്ങളൊക്കെയും നിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാക്കി മാറ്റാന്‍ നിനക്ക് കഴിയണം.."

അവളുടെ വാക്കുകള്‍ എനിക്കല്പം ആശ്വാസം പകര്‍ന്നു. എങ്കിലും മനസ്സ് റോജയിലേക്ക് തന്നെ...
പെട്ടെന്ന് റോജയോടൊത്തുള്ള ഒരു സംഭാഷണം ഓര്‍മ്മയില്‍ തെളിഞ്ഞു. ക്ലാരയോടുള്ള തന്റെ പ്രണയം ഒരു പക്ഷെ റോജയെ പോലും അസൂയപ്പെടുത്തിയിട്ടുണ്ടാകാം. അത് കൊണ്ടല്ലേ അന്നവള്‍ അങ്ങനെ പറഞ്ഞത്...

"എനിക്ക് ക്ലാരയാകാന്‍ തോന്നുന്നു. എന്നിട്ട് മഹേഷ്‌ ചേട്ടന്‍ തന്നെ എല്ലാ ദിവസവും വേഷം മാറി എന്റടുത്തു വന്നാ മതി."
"നിനക്കൊരിക്കലും ക്ലാരയാകാന്‍ സാധിക്കില്ല. കാരണം, ഒരിക്കലും എന്നെ സങ്കടപ്പെടുത്താന്‍ ക്ലാരയ്ക്കാവില്ല; ക്ലാര വെറുമൊരു കഥാപാത്രമാണ്. പക്ഷെ, എന്നെ വേദനിപ്പിക്കുവാന്‍, സങ്കടപ്പെടുത്തുവാന്‍ നിനക്ക് ആകും.."
ആ മറുപടി അവള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നി...തോന്നട്ടെ..അവളിപ്പോള്‍ അതല്ലേ ചെയ്യുന്നത്?

തികച്ചും അപ്രതീക്ഷിതമായാണ് മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത്.
എന്ത് കൊണ്ടാണ് പൊടുന്നനെ ക്ലാരയെ കുറിച്ച് ഓര്‍മ്മിക്കുവാന്‍ കാരണം?
പതിവായി ട്രെയിനില്‍ മാത്രം യാത്ര ചെയ്യുന്ന താന്‍ അവസാന നിമിഷം ടിക്കറ്റ് ശരിയാകാത്തത് കൊണ്ട് ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതും നീഹാര എന്ന പെണ്ണിനെ തികച്ചും വിത്യസ്തമായ ഒരു സാഹചര്യത്തില്‍ പരിചയപ്പെടാന്‍ ഇടയായതും കേവലം യാദൃശ്ചികത മാത്രമോ?
ഇതേ ബസില്‍ വേറെയും പലരും യാത്ര ചെയ്യുന്നുണ്ടായിട്ടും എന്ത് കൊണ്ടാണ് നീഹാര തന്നെ തേടി വന്നത്? ഒരു തരത്തില്‍ പറഞ്ഞാല്‍, തന്നെ മാത്രം കാത്തിരുന്ന രീതിയില്‍ ആയിരുന്നില്ലേ അവളുടെ പെരുമാറ്റം ?

അവള്‍ ഒരു നിഗൂഡത ആണെന്നും അവളുടെ ആഗമനോദ്ദേശം തന്നെ മറ്റെന്തോ ആണെന്നും എനിക്ക് തോന്നിത്തുടങ്ങി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നാടകീയത അവള്‍ക്കു ചുറ്റും ഒളിച്ചിരിക്കുന്ന പോലെ. എന്താണത്?

മനസ്സാകെ അസ്വസ്ഥമാകുന്നതും സൂചി കുത്തുന്ന മാതിരിയുള്ള ഒരു തലവേദന എന്നെ കീഴ്പ്പെടുത്തുന്നതും ഞാനറിഞ്ഞു. കലുഷിതമായ മനസ്സിലിപ്പോള്‍ റോജയില്ല; ക്ലാരയും നീഹാരയും മാത്രം. ഞാന്‍ അറിയാതെ കണ്ണടച്ചു. അലോസരപ്പെടുത്തുന്ന ചില നിറങ്ങള്‍ കണ്‍മുന്നിലൂടെ ചീറിപ്പാഞ്ഞു. ചെവിയില്‍ ഒരു മുരളല്‍ പ്രകമ്പനം ചെയ്യുന്നു. അല്‍പനേരം അങ്ങനെ തുടര്‍ന്നു; പിന്നെയെല്ലാം ശാന്തമാകുന്ന പോലെ...

ചരിഞ്ഞ് കിടന്ന്, തലയുയര്‍ത്തി നീഹാരയുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
"സത്യം പറ, നീ ക്ലാരയല്ലേ??? "
"ഏത് ക്ലാര..? "
"നിന്റെ പേരന്തെന്നാണ് പറഞ്ഞത്? "
"ഇത്ര പെട്ടന്ന് മറന്നോ? നീഹാര....."

നീഹാര...
നീഹാരം എന്നാല്‍ തൂവാനം...തൂവാനത്തുമ്പികള്‍..
തൂവാനതുമ്പികളിലെ ക്ലാര...ഇവള്‍ ക്ലാര തന്നെ ആയിരിക്കാനാണ്‌ സാധ്യത.
ഞാന്‍ അവളുടെ ദേഹത്തിന് മുകളില്‍ കൂടി കൈയ്യിട്ട് കര്‍ട്ടന്‍ മാറ്റി, ഗ്ലാസ്സിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്തു മഴ പെയ്യുന്നുണ്ട്. ക്ലാരയുടെ സാമീപ്യം ജയകൃഷ്ണന്‍ അറിഞ്ഞപ്പോഴെല്ലാം മഴ കൂട്ടിനുണ്ടായിരുന്നു.. ബസില്‍ കയറും മുന്‍പ്, നീഹാരയെ ആദ്യം കണ്ടപ്പോഴും എവിടെ നിന്നോ വന്ന ഒരു ചാറ്റല്‍ മഴ ഞങ്ങളെ നനച്ചു പോയില്ലേ? ആ മഴത്തുള്ളികളുടെ അംശം ഇപ്പോഴും എന്റെ കണ്ണടയുടെ ചില്ലില്‍ നിന്നും മാഞ്ഞിട്ടില്ല.

ഞാന്‍ ഉറപ്പിക്കുന്നു.
ഇവള്‍ നീഹാരയല്ല, ക്ലാരയാണ്..
എന്റെ പ്രിയ്യപ്പെട്ട ക്ലാര.
"നീ ക്ലാരയാണ്..എന്റെ ക്ലാര" ഞാന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"ക്ലാരയോ ? ഞാനോ ? "
അവളുടെ ഗൂഡമായ മന്ദഹാസം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
ഒരു വശത്തേക്ക് വിടര്ത്തിയിട്ടിരുന്ന അവളുടെ മുടിയിഴകളെടുത്ത് ഞാന്‍ മണത്തു നോക്കി...പുതുമഴയുടെ ഗന്ധം. ക്ലാരയുടെ മുടിക്കും ഈ ഗന്ധം തന്നെ ആയിരിക്കും ഉണ്ടായിരുന്നിരിക്കുക; തീര്‍ച്ച.

ഈ രാത്രിയിലെ എല്ലാ നാടകീയതക്കും ഒരുതരം മാത്രമേ ഉള്ളൂ എന്ന് ഞാനറിയുന്നു. ക്ലാര എന്ന ഉത്തരം.
ഞാനവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ നെഞ്ചില്‍ തല ചായ്ച്ച് വെച്ച് ഞാന്‍ കിടന്നു. എന്റെ മുടിയിഴകളിലൂടെ അവള്‍ വിരലോടിച്ചു കൊണ്ടിരുന്നു. പൊടുന്നനെ വീണ്ടും തല പെരുക്കുന്നത് പോലെ. കണ്പോളകള്‍ക്ക് ഭാരം വര്‍ദ്ധിച്ചു..കണ്ണുകളടഞ്ഞു..അങ്ങനെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉറക്കത്തിലെപ്പോഴോ ഞാനൊരു സ്വപ്നം കണ്ടു. ഏതോ മണലാരണ്യത്തില്‍ ചുടുകാറ്റേറ്റ് തളര്‍ന്നു ഞാന്‍ വേച്ചു വേച്ചു നടക്കുകയാണ് . എവിടെ നിന്നോ ഒരു പൂമ്പാറ്റ എന്റെ കയ്യില്‍ വന്നിരുന്നു. എനിക്കല്പം ആശ്വാസം തോന്നി. പൊടുന്നനെ അതിന്റെ ചിറകുകള്‍ വലുതാകുകയും അതിനൊരു ഭീമാകാരം കൈവരുകയും ചെയ്തു. അത് തന്റെ വലിയ ചുണ്ടുകള്‍ കൊണ്ടെന്നെ കൊത്തി മുറിവേല്‍പ്പിച്ച ശേഷം ചിറകുകള്‍ക്കുള്ളില് എന്നെ ഒതുക്കി ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഉയരങ്ങളില്‍, മേഘങ്ങള്‍ക്ക് തൊട്ടു താഴെ വെച്ച്‌, ആ രൂപത്തിന്റെ ചിറകുകള്‍ക്കുള്ളില്‍ നിന്നും കൂര്‍ത്ത മുള്ളുകള്‍ പുറത്ത് വന്ന് എന്റെ ദേഹമാസകലം തുളഞ്ഞു കയറി. എന്റെ മുറിവില്‍ നിന്നും വെളുത്ത രക്തം താഴേക്കു വീണു കൊണ്ടിരുന്നു. ഒടുവില്‍ ആ പക്ഷി ചിറകു കുടഞ്ഞ്‌ എന്നെ താഴേക്കിട്ടു.

ഞാന്‍ ഞെട്ടിയുണര്‍ന്നു...
വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...
"എന്ത് പറ്റീ...?" നീഹാര ചോദിച്ചു.
"ഞാനൊരു സ്വപ്നം കണ്ടു..ഒരു പേടിപ്പിക്കുന്ന സ്വപ്നം"

എന്റെ തോളില്‍ മുഖമമര്‍ത്തി, എന്നെ കെട്ടിപ്പിടിച്ച് അവള്‍ പറഞ്ഞു...
"നിന്റെ മനസ്സ് ശാന്തമാകട്ടെ.. നീയുറങ്ങിക്കൊള്ളുക..മെല്ലെ മെല്ലെ.."
അവളെന്റെ നെറ്റിയില്‍ തലോടി; കൈവിരലുകളില്‍ അമര്ത്തിപ്പിടിച്ചു.
അവളുടെ സാന്ത്വനത്തില്‍ എന്റെ മനസ്സ് ശാന്തമാകുന്നത് ഞാനറിഞ്ഞു.
മെല്ലെ ഞാനുറങ്ങി; എല്ലാം മറന്ന് ഒരുറക്കം.

രാവിലെ ഉണര്‍ന്നപ്പോള്‍ ബസ് ബാംഗ്ലൂര്‍ എത്തിയിരുന്നു.
ഞാന്‍ ഞെട്ടി. നീഹാര അല്ല ക്ലാര കിടന്നിടം ശൂന്യം. അവളിതെവിടെ പോയി? ഒരു പക്ഷെ മടിവാളയില്‍ ഇറങ്ങിയിട്ടുണ്ടാകും. എന്നാലും തന്നോടൊരു വാക്ക് പറയാതെ പോയല്ലോ.

പെട്ടന്നാണത് ശ്രദ്ധിച്ചത്. എന്റെ ഇടതു കയ്യില്‍ അവളുടെ പച്ച നിറമുള്ള ഷാള്‍ കെട്ടിയിട്ടിരിക്കുന്നു.
ആ ഷാള്‍ അഴിച്ചെടുത്ത്‌ ഞാന്‍ മുഖത്തോടടുപ്പിച്ചു. അതിന് പുതുമഴയുടെ, ക്ലാരയുടെ സുഗന്ധം...
അതവള്‍ തന്നെ ആയിരുന്നു...എന്റെ എക്കാലത്തെയും പ്രിയ്യപ്പെട്ട പ്രണയിനി...എന്റെ ക്ലാര.
ആഴത്തില്‍ മനസ്സിനേറ്റ മുറിവിന്റെ നീറ്റലിലും പുകച്ചിലിലും ഞാന്‍ ഉഴറിയപ്പോള്‍, എന്നെ സ്വാന്ത്വനിപ്പിക്കാന്‍ എവിടെ നിന്നോ അവള്‍ വന്നു; എന്റെ പ്രിയ്യപ്പെട്ട ക്ലാര.

എന്നും ഏറ്റവും അധികം വേദനിക്കപ്പെടുമ്പോള്‍ ആള്‍ക്കൂട്ടത്തിലും ഏകനായി നിന്ന് തേങ്ങുമ്പോള്‍, മഴയായി, മഞ്ഞായി, പറവയായി നീയെന്നരികില്‍ വരുമെന്നെനിക്കറിയാം...
എന്റെ ഹൃദയരക്തം കിനിയുമ്പോള്‍, അതൊപ്പിയെടുക്കുവാന്‍, ഞാന്‍ കാത്തിരിക്കുന്നു...എന്റെ നീഹാരപ്പറവയ്ക്കായി...വരാതിരിക്കുവാന്‍ നിനക്കാവില്ലല്ലോ..നീ വരും. തീര്‍ച്ച..

Saturday, January 29, 2011

ആംസ്റ്റര്‍ഡാമിലെ സുന്ദരി

ആംസ്റ്റര്‍ഡാം സെന്ട്രലിനു സമീപം , കനാലിനു ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ചെറിയ തെരുവില്‍ , ചുവന്ന സന്ധ്യാ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയ സമയം ഞാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങി. ക്യാമറ കൂടെ കരുതുന്നത് അപകടകരമാണ് എന്ന് തോന്നിയതിനാല്‍ , ഒരു നിമിഷം ശങ്കിച്ചശേഷമാണ് രണ്ടും കല്‍പ്പിച്ചു ക്യാമറ എടുത്തു ജാക്കറ്റിനുള്ളില്‍ വെച്ചത്.



പുറത്തു നല്ല തണുപ്പുണ്ടായിരുന്നു ..
രാത്രിയില്‍ ഒരുപക്ഷേ മഞ്ഞു പെയ്തേക്കുമെന്ന് തോന്നി ..
റോഡിന്റെ നടുക്കുള്ള പാളങ്ങളിലൂടൊഴുകി നീങ്ങുന്ന ട്രാമുകളും അവയെ കടന്നു പോകുന്ന വാഹനങ്ങളും അപ്പോഴും എന്നിലെ കൌതുകത്തെ തെല്ലും ശമിപ്പിച്ചിരുന്നില്ല .

അര മണിക്കൂര്‍ നടന്നു കാണും .
ചുവന്ന ജാലകങ്ങളില്‍ പലതിലും വെളിച്ചം പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു . ജാലക വാതില്‍ക്കല്‍ നിന്ന് ഏതൊക്കെയോ സുന്ദരികള്‍ ചിരിച്ചു കാണിക്കുന്നു. ചിലര്‍ മാടി വിളിക്കുന്നു. പൊടുന്നനെ ഒരു പുഞ്ചിരി എന്നെ പിടിച്ചു നിര്‍ത്തി. എന്റെ മുന്നില്‍ ആ വലിയ ജാലകം ഉള്ളിലേക്ക് തുറക്കപ്പെട്ടു.

"ഡു യു വാണ്ട്‌ ടു കം ഇന്സൈഡ് ? " സ്വര്‍ണ്ണ നിറമാര്‍ന്ന നീണ്ട തലമുടി മുന്നിലെക്കെടുത്തിട്ട് പകുതി മാറ് മറച്ചു കൊണ്ട് അവള്‍ ചോദിച്ചു .
"ഹൌ മച്ച് ? " ഞാന്‍ തിരക്കി.
"ഫിഫ്റ്റി യൂറോസ് "
"ഹൌ ലോംഗ് ? "
"ഫോര്‍ ട്വന്റി മിനുറ്റ്സ് "
അവളുടെ വായില്‍ നിന്നും പുറത്തേക്കു വന്ന ഹാഷിഷ് അടങ്ങിയ പുകയിലയുടെ രൂക്ഷ ഗന്ധം എന്നില്‍ മടുപ്പുളവാക്കിയപ്പോള്‍ വീണ്ടും നടന്നു...

ചുവന്ന തെരുവില്‍ സഞ്ചാരികളുടെ വരവ് തുടങ്ങിയിരുന്നു .
കനാലിലൂടൊഴുകി നീങ്ങുന്ന വെള്ള നിറമുള്ള വാത്തക്കൂട്ടങ്ങളുടെ കരച്ചില്‍ കൊണ്ട് അവിടെങ്ങും ശബ്ദമുഖരിതമായിരുന്നു.
ബനാന ബാറില്‍ കയറി , ഹെനികന്‍ ബിയര്‍ കഴിച്ചു ഒരു മണിക്കൂര്‍ നഗ്ന നൃത്തവും ആസ്വദിച്ച് പുറത്തിറങ്ങി വീണ്ടും മുന്നോട്ടു നടന്നപ്പോള്‍ , ഒരിടത്ത് ഞാന്‍ തേടുന്ന പേരും ഫോണ്‍ നമ്പരും എഴുതി വെച്ചിരിക്കുന്നത് കണ്ടു. അകത്തേക്ക് കയറി ചെന്നപ്പോള്‍ പ്രായമായ ഒരു സ്ത്രീ എന്നെ സ്വാഗതം ചെയ്തു.


"നിങ്ങള്‍ വിളിച്ചിരുന്നു അല്ലെ ? "
"അതെ ഞാന്‍ വിളിച്ചിരുന്നു . "
"വരൂ .. "
മറ്റൊരു മുറിയിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു .
"ഇരിക്കൂ . "
അവര്‍ സ്പാനീഷില്‍ എന്തോ ഉറക്കെ പറഞ്ഞു. കാണാന്‍ കൊള്ളാവുന്ന നാല് ചെറുപ്പക്കാരികള്‍ ഇറങ്ങിവന്ന് എന്നെ ചിരിച്ചു കാണിച്ചു.
"നിനക്ക് ആരെയാണ് ഇഷ്ടപ്പെട്ടത് ?" എന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അവര്‍ ചോദിച്ചു .


"ക്ഷമിക്കണം . ഇവരെല്ലാം സുന്ദരികള്‍ തന്നെ . പക്ഷെ , ഇന്നൊരു രാത്രി എന്റെ കൂടെ ശയിക്കാന്‍ അതിസുന്ദരിയായ ഒരു പെണ്ണിനെ ആണ് ഞാന്‍ തേടുന്നത് ."
"അതിസുന്ദരി ? "
"അതെ..."
"അതിനു നീ കൂടുതല്‍ പണം ചിലവാക്കേണ്ടിയിരിക്കുന്നു."
"ഞാന്‍ തയ്യാറാണ്. എത്ര വേണം?"
ആ നാല് പെണ്ണുങ്ങളെയും മടക്കി അയച്ച ശേഷം അല്പം ആലോചനയിലാണ്ട് അവര്‍ പറഞ്ഞു.
"നാനൂറു യൂറോ "
"ഞാന്‍ തയ്യാറാണ്" അവരുടെ കണ്ണുകളില്‍ നിന്നും ദൃഷ്ടി മാറ്റാതെ ഞാനറിയിച്ചു.

എന്നോട് സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ട ശേഷം അവര്‍ അകത്തേക്ക് കയറിപ്പോയി. അല്പം കഴിഞ്ഞപ്പോള്‍ അവര്‍ ആരോടോ ഉറക്കെ സംസാരിക്കുന്നതും ദേക്ഷ്യപ്പെടുന്നതും കേട്ടു. ഏതാനും നിമിഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അവര്‍ അവളെയും കൂട്ടിക്കൊണ്ടു എന്റടുത്തു വന്നു പരിചയപ്പെടുത്തി.

"മിസ്‌ ടാനിയ"
ഞാന്‍ അവളുടെ കൈ പിടിച്ചു കുലുക്കി. അവള്‍ നല്ല രീതിയില്‍ വസ്ത്രധാരണം ചെയ്തിട്ടുണ്ടായിരുന്നു.
ആരെയും ആകര്‍ഷിക്കുന്ന ഒരു ഭാവം അവളില്‍ ഉറങ്ങിക്കിടന്നിരുന്നു.
അവളുടെ പുഞ്ചിരിയും വെളുത്ത ശരീരത്തിന്റെ വടിവൊത്ത രൂപഭംഗിയും ചാരനിറമാര്‍ന്ന കൃഷ്ണമണിക്ക് നടുവില്‍ ചെറിയ കറുത്ത പൊട്ടുള്ള കണ്ണുകളും കറുത്ത നീണ്ട തലമുടിയും എന്നെ കീഴ്പ്പെടുത്തിയിരുന്നു.

നൂറു യൂറോയുടെ നാല് നോട്ടുകള്‍ എണ്ണി കയ്യില്‍ കൊടുത്തപ്പോള്‍ അവരുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, ടാനിയയെ ചേര്‍ത്ത് പിടിച്ചു അവളുടെ ചാരക്കണ്ണില്‍ ‍ നോക്കി മുറിയിലേക്ക് നടന്നു നീക്കിയപ്പോള്‍ അവര്‍ പിറകില്‍ നിന്നും ചിരിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു.
"ആസ്വദിക്കൂ.. നിനക്ക് ഇന്നത്തെ മദ്യം എന്റെ വക.."
പക്ഷെ അപ്പോഴും ഞാനറിഞ്ഞിരുന്നില്ല, ആ രാത്രി എനിക്ക് വേണ്ടി മാറ്റിവെച്ച നാടകീയവും ഭയനാകവുമായ രംഗങ്ങളെക്കുറിച്ച് .
"ഇത് നിന്റെ മുറിയാണോ ? "
"അല്ല. ഇത് അതിഥി കള്‍ക്കുള്ള ഒരു വിശിഷ്ട മുറിയാണ് "
ചെറുതെങ്കിലും ആ മുറി മനോഹരമായി അലങ്കരിച്ചിരുന്നു. ഒരു കട്ടിലും ചെറിയൊരു മേശയും അതിനു ചുറ്റും നല്ല രണ്ടു കസേരയും ഇട്ടിരുന്നു. ഒരു ഭാഗത്ത്‌ ഒരു വലിയ കണ്ണാടിയും അതിനു മുന്നില്‍ കുറെ മേയ്ക്കപ്പ് സാധനങ്ങളും അടുക്കി വെച്ചിരുന്നു. ബാല്ക്കണിയിലേക്ക് തുറക്കുന്ന ചെറിയൊരു വാതിലും എന്റെ ദൃഷ്ടിയില്‍ പെട്ടു. അവിടെ നിന്നും നോക്കിയാല്‍ ആ തെരുവ് മൊത്തം കാണാമെന്നു തോന്നി.

"നിനക്കെന്താണ് കുടിക്കാന്‍ വേണ്ടത് ? " അവള്‍ തിരക്കി.
"ഞാന്‍ ബിയറും വൈനും മാത്രമേ കഴിക്കുകയുള്ളൂ.."
എന്റെ മുന്നില്‍ വന്നു നിന്ന്, ഇരു തോളുകളിലും കൈകള്‍ കൊണ്ട് പിടിച്ചു കുലുക്കി, കണ്ണുകളിലേക്കു ഉറ്റു നോക്കി അവള്‍ പറഞ്ഞു
"ചുരുങ്ങിയ പക്ഷം അല്പം റം എങ്കിലും നീ കഴിക്ക. അല്ലെങ്കില്‍ ഈ തണുപ്പിനു മുന്നില്‍ നീ തോറ്റുപോകും"
"നിന്റെ ഇഷ്ടം" എനിക്ക് നിഷേധിക്കാന്‍ കഴിഞ്ഞില്ല. ഞാനിട്ടിരുന്ന ജാക്കറ്റ് അവള്‍ മെല്ലെയഴിച്ചെടുത്തു ഹാംഗറില്‍ തൂക്കിയപ്പോള്‍ ഞാന്‍ പറഞ്ഞു.
"നീ വളരെ മനോഹരിയാണ്.."
"അതെനിക്കറിയാം."
എടുത്തടിച്ച പോലുള്ള ആ മറുപടി എന്നെ അല്‍പനേരം നിശബ്ദനാക്കി.

അവള്‍ പോയി ഡ്രിങ്ക്സും കോക്കും ഒരുതരം ചിപ്സും കൊണ്ടുവന്ന് മേശമേല്‍ വെച്ചു. നിശാവസ്ത്രം ധരിച്ച് , മാദക ഭംഗിയോടെ അവള്‍ എനിക്കഭിമുഖമായിരുന്നു ചിയേഴ്സ് പറഞ്ഞു.
"നീ ഇന്ത്യക്കാരനോ അതോ പാക്കിസ്ഥാനിയോ ? "
എന്റെ ദീക്ഷയാവണം അവളില്‍ ഒരു ആശയക്കുഴപ്പം ഉണ്ടാക്കിയത് എന്ന് എനിക്ക് തോന്നി.
"ഇന്ത്യക്കാരന്‍. നീയോ?"
"എന്റെ ദേശം ബ്രസീലാണ് "
അവള്‍ ഒരു പാക്കറ്റ് സിഗററ്റെടുത്ത് അതിലൊരെണ്ണം എനിക്ക് നേരെ നീട്ടി.
"നോ താങ്ക്സ്. ഞാന്‍ വലിക്കില്ല. പുകയിലയുടെ ഗന്ധം എനിക്കിഷ്ടമല്ല. കഴിയുമെങ്കില്‍ നീയുമത് ഒഴിവാക്കുന്നത് നന്നായിരിക്കും"
"എന്റെ ചുണ്ടുകള്‍ നിനക്കാവശ്യം ഉള്ളപ്പോള്‍ ആ ഗന്ധം ഞാന്‍ ഇല്ലാതാക്കിതരം. പോരെ?"
ടാനിയ സിഗററ്റ് വലിക്കുന്നതും നോക്കി ഞാനിരുന്നു. അവളുടെ ആ കൂസലില്ലായ്മ എന്നെ വീണ്ടും ആകര്‍ഷിച്ചു.
"നീ ഇപ്പോള്‍ ഇന്ത്യയില്‍ നിന്നാണോ വരുന്നത്?"
"അല്ല, പാരീസില്‍ നിന്നും"
"പാരീസ്...?"
"അതേ. ഞാന്‍ ഒരു ബിസിനസ് ആവശ്യത്തിനു പാരീസ് വരെ വന്നതാണ്. കൂട്ടത്തില്‍ ആസ്റ്റര്ഡാമും പിന്നെ നിന്നെയും ഒന്ന് കണ്ടേക്കാമെന്നു വച്ചു ."

"പാരീസിലെ വിരുന്നുകാരന്‍ " അവള്‍ പതിയെ ചിരിച്ചു .
"പാരീസിലെ വിരുന്നുകാരന്‍! അതൊരു നല്ല തലക്കെട്ടാണല്ലോ. നന്ദി ടാനിയ. എന്റെ അടുത്ത കഥക്ക് ആ പേരിടാം. പാരീസിലെ വിരുന്നുകാരന്‍"
"എഴുത്തുകാരനോ? നീയോ ?"
അവള്‍ ആശ്ചര്യം കൊണ്ടു . പിന്നെ പൊട്ടിച്ചിരിച്ചു.
"എന്താ ചിരിച്ചത്?" ഞാന്‍ തിരക്കി.

"എഴുത്തുകാരെ എനിക്കിഷ്ടമല്ല. സ്വയം മാന്യനെന്നു വരുത്തിതീര്‍ക്കുകയും മറ്റുള്ളവരെയെല്ലാം അപരാധികളായി ചിത്രീകരിക്കുകയും ചെയ്യുന്നവരെല്ലേ നിങ്ങള്‍ എഴുത്തുകാര്‍? ജീവിതത്തിലെ സൂചി മുന കൊണ്ടേറ്റ ചെറിയൊരു മുറിവിനെപ്പോലും തൂമ്പ കൊണ്ടുള്ള മുറിവാക്കി കഥയെഴുതി, അങ്ങനെ സഹാതാപം പിടിച്ചു പറ്റി ആരാധകരെ സൃഷ്ടിക്കുന്നവരല്ലേ നിങ്ങള്‍ ? "
"എല്ലാരും അങ്ങനെ ആയിരിക്കണം എന്നില്ലല്ലോ ?" ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചു.

"അല്ലായിരിക്കാം. പക്ഷെ നീ അങ്ങനെയാണ്. നിന്നെക്കുറിച്ചു ഞാന്‍ മറ്റൊരു കാര്യം കൂടി പറയാം. നീ ഒരിക്കലും ഒന്നിലും തൃപ്തനാവുകയില്ല. എന്നും പുതിയതിനായുള്ള അന്വേഷണമായിരിക്കും നിന്റേതു. പ്രത്യേകിച്ചും പെണ്‍ വിഷയങ്ങളില്‍"
ഇത്ര കഠിനമായി അവള്‍ പ്രതികരിക്കുമെന്ന് ഞാന്‍ തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കില്‍ എനിക്കൊന്നും മറുപടി പറയാന്‍ ഉണ്ടായിരുന്നില്ല.
"പക്ഷെ, ദയവായി ഇന്നൊരു രാത്രി നീ എഴുത്തുകാരെ ഇഷ്ടപ്പെട്ടേ മതിയാകൂ. എനിക്ക് വേണ്ടി"
"തീര്‍ച്ചയായും. അതാണല്ലോ ഈ രാത്രിയിലെ എന്റെ ജോലി. നിന്നെയും നിന്റെ ദേഹത്തെ വിയര്‍പ്പിനെയും സ്നേഹിക്കുക."
ഞാനൊന്നും മിണ്ടിയില്ല.
അല്‍പസമയം ഞങ്ങള്‍ക്കിടയില്‍ കനത്ത നിശ്ശബ്ദത പറന്നു.

അവളുടെ സിഗററ്റില്‍ നിന്നും പുകച്ചുരുളുകള്‍ നൂല് പൊട്ടിയ പട്ടം മാതിരി വായുവിലൂടൊഴുകി ശൂന്യതയില്‍ ഞെരിഞ്ഞമര്‍ന്നില്ലാതായിക്കൊണ്ടിരുന്നു..
"നീ എവിടം വരെ പഠിച്ചിട്ടുണ്ട് ?" ഒടുവില്‍ ഞാന്‍ തന്നെ ആ നിശ്ശബ്ദതയെ ഭഞ്ജിച്ചു.
"സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. പഠനകാലം കൂടുതലും ചിലവഴിച്ചത് പാരീസില്‍ ആയിരുന്നു." ആ മറുപടി അക്ഷരാര്‍ത്ഥത്തില്‍ എന്നെ സ്തംഭിപ്പിച്ചിരുന്നു.

സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു പെണ്ണ് ഈ ചുവന്ന തെരുവില്‍..?
"ഇത്രയൊക്കെ പഠിച്ചിട്ടും നീ എങ്ങനെ ഇവിടെ വന്നു പെട്ടു ? ജീവിതം ആസ്വദിക്കാനോ?"
"ചില ചോദ്യങ്ങള്‍ക്ക് അര്‍ത്ഥമില്ല, ചിലതിനാവട്ടെ ഉത്തരങ്ങളും" സിഗററ്റിലെ ചാരം ആഷ്ട്രെയിലേക്ക് തട്ടിയിട്ടു കൊണ്ട് അവള്‍ പറഞ്ഞു.

ഞങ്ങള്‍ പിന്നെയും ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓരോ നിമിഷം കഴിയുന്തോറും അവളുടെ മനസ്സ് തണുക്കുന്നതും വാക്കുകള്‍ക്കു ശാന്തത കൈവരുന്നതും എനിക്ക് മനസിലാക്കാനായി. മദ്യം കഴിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ അവളെയും കൂട്ടി ബാല്‍ക്കണിയില്‍ ചെന്ന് നിന്നു . ഞങ്ങളുടെ മുറി രണ്ടാമത്തെ നിലയിലായിരുന്നു.
പുറത്തു മഞ്ഞു പെയ്തുകൊണ്ടിരുന്നു...
വല്ലാത്ത തണുപ്പ് ശരീരത്തിലേക്ക് അരിച്ചിറങ്ങിയപ്പോള്‍ അവളെ ഞാന്‍ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു, ആ നീണ്ട മുടിയിഴകളില്‍ മുഖമമര്‍ത്തി.
"നീ എന്താ എന്നെ പ്രണയിക്കുന്ന പോലെ ? " അവള്‍ ചോദിച്ചു.
"അതേ. ഞാന്‍ നിന്നെ പ്രണയിക്കുകയാണ്."
"ഇന്നൊരു രാത്രിയിലേക്ക്‌ മാത്രം ??"
"അതെ. ഈ ഒരു രാത്രി നിന്നെ ഞാന്‍ പ്രണയിക്കുന്നു."
"പ്രണയം വിലയ്ക്കെടുക്കാന്‍ നടക്കുന്ന പമ്പര വിഡ്ഢി." അവള്‍ കളിയാക്കി.

ഞാനൊന്നും മിണ്ടിയില്ല.
അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍ ?
അവള്‍ പറഞ്ഞത് ശരിയല്ലേ ?
എന്നാണു പ്രണയത്തിനു വേണ്ടിയുള്ള ഈ ദാഹം തുടങ്ങിയത് എന്നറിയില്ല. പ്രണയത്തിനു വേണ്ടി അലയുകയായിരുന്നു. പിന്നീടാണ് ഈ വഴി സ്വീകരിച്ചത്.

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.
തെരുവിലെ തിരക്കുകള്‍ക്ക് അപ്പോഴും ഒരു കുറവുമുണ്ടായിരുന്നില്ല.
ചുവന്ന ജാലകങ്ങള്‍ ഇടയ്ക്കിടെ അടഞ്ഞും തെളിഞ്ഞും കിടന്നു.
തെരുവിന്റെ ഒരു കോണില്‍ യാത്രക്കാരെയും പ്രതീക്ഷിച്ചു നില്‍ക്കുന്ന സൈക്കിള്‍ റിക്ഷകള്‍. അതെ, ഉറക്കമില്ലാത്ത ആംസ്റ്റര്ഡാം നഗരം...

തണുപ്പ് അസഹ്യമായപ്പോള്‍ വീണ്ടും മുറിക്കകത്ത് കയറി.
പിന്നെയും ഞങ്ങള്‍ എന്തൊക്കെയോ സംസാരിച്ചു.
എന്തൊക്കെയാണെന്ന് ഒരു ഓര്‍മ്മയും ഇല്ല. എപ്പോഴോ അവളോടൊപ്പം, കിടക്കയിലേക്ക് മറിഞ്ഞത് കൃത്യമായി ഓര്‍ക്കാനാവുന്നുണ്ട്.

അവള്‍ മെല്ലെയാണ് തുടങ്ങിയത്...
പിന്നെയവള്‍ ശാന്തമായൊഴുകുന്ന പുഴപോലെ എന്നിലൂടൊഴുകി.എപ്പോഴൊക്കെയോ പുഴയില്‍ ഓളങ്ങളും ചുഴികളും ഉണ്ടായി. അപ്പോഴെല്ലാം, അനിര്‍വചനീയമായ ഒരനുഭൂതി എന്റെ സിരകളെ ഉണര്‍ത്തിയിരുന്നു.ഒടുവില്‍ തളര്‍ന്നുറങ്ങി.

************************


രാത്രിയുടെ ഏതോ യാമത്തില്‍ എന്തോ ബഹളം കേട്ടാണ് ഞാനുണര്‍ന്നത്‌.
ലൈറ്റിട്ട് നോക്കി. ടാനിയയെ മുറിയിലെങ്ങും കണ്ടില്ല.
ഇവളിതെവിടെ പോയി? പുറത്തെ ബഹളം നേര്‍ത്ത് വന്നു.
എഴുന്നേറ്റു ചെന്ന് അല്പം വെള്ളമെടുത്തു കുടിച്ചു. കമ്പിളി ദേഹത്ത് നിന്നും മാറിയപ്പോള്‍ വല്ലാത്ത തണുപ്പ് തോന്നി. പിന്നെയും ഓരോന്നോലാചിച്ചു കിടന്നു.

പെട്ടെന്ന് വാതില്‍ തള്ളിത്തുറന്നു അപരിചിതയായ ഒരു യുവതി അകത്തു കയറിവരികയും വാതില്‍ അടച്ചു കുറ്റിയിടുകയും ചെയ്തു. ചാടി എണീക്കുവാന്‍ തുടങ്ങിയ എന്നെ, ചുണ്ടുകളില്‍ വിരല്‍ വച്ച് മിണ്ടരുത് എന്നാംഗ്യം കാണിച്ചശേഷം, ലൈറ്റണച്ചു അവള്‍ എന്നോടൊപ്പം വന്നു കിടന്നു.

"ഒരു ചെറിയ പ്രശ്നമുണ്ട്" അവളുടെ ശബ്ദത്തിലെ പതര്‍ച്ച എന്നിലേക്കും ബാധിച്ചു.
"എന്ത് പറ്റി? ടാനിയ എവിടെ" എന്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങിയത് പോലെ.
"അതൊക്കെ പറയാം. ഞാന്‍ ഇവാ. ആരെങ്കിലും ചോദിച്ചാല്‍ നീ എന്റെ കസ്റ്റമര്‍ ‍ ആണെന്നെ പറയാവൂ.."
"ആര് ചോദിക്കാന്‍..?"
"ആരെങ്കിലും"
പറഞ്ഞു തീരും മുന്‍പേ പുറത്തു നിന്നാരോ വാതിലില്‍ ശക്തിയായി മുട്ടി. ഭയത്തിന്റെ നെരിപ്പോട് എന്നില്‍ പുകഞ്ഞു തുടങ്ങി.

ഉറക്കച്ചടവ് മുഖത്ത് വരുത്തിത്തീര്‍ത്ത് ഇവാ മെല്ലെ വാതില്‍ തുറന്നു. പൊടുന്നനെ ഇവാ പിന്നോട്ട് മാറുന്നതും അവളുടെ മുഖം വിളറി വെളുക്കുന്നതും ഞാന്‍ കണ്ടു. അതികായന്മാരായ രണ്ടു കറുത്ത മനുഷ്യര്‍ മുറിയില്‍ പ്രവേശിച്ചു ചുറ്റും കണ്ണോടിച്ചു നോക്കി. നല്ല ഉയരവും അതിനൊത്ത ശരീരവുമുള്ള അവരിലൊരാളുടെ തല മുണ്ഡനം ചെയ്തിരുന്നു. രണ്ടാമന്റെ ഇടത്തെ ചെവിയില്‍ ഒരു കമ്മല്‍ ഞാത്തിയിട്ടിരുന്നു. അവരുടെ തുറിച്ചുള്ള നോട്ടം എന്നില്‍ പതിച്ചപ്പോള്‍ ഇവാ പതറിയ ശബ്ദത്തില്‍ പറഞ്ഞു.
"എന്റെ കസ്റ്റമര്‍ ആണ്."
എന്റെ നാഡിമിടിപ്പ് ദ്രുതഗതിയിലാവുകയും വല്ലാത്തൊരു കെണിയിലാണ് അകപ്പെട്ടത് എന്നൊരു തോന്നല്‍ എന്നെ പിടികൂടുകയും ചെയ്തു. ഇവിടേയ്ക്ക് വരാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ മനസ്സില്‍ പഴിച്ചു.

ഇരയെ കിട്ടാത്ത നിരാശയോടെ നിലത്തമര്‍ത്തിച്ചവിട്ടി അവര്‍ തിരിച്ചു പോയപ്പോള്‍ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു. വാതില്‍ അടച്ചു വന്നു ഇവാ എന്റരികില്‍ കിടന്നു. എന്താണ് നടന്നതെന്നോ ഇനിയെന്താണ് നടക്കാന്‍ പോകുന്നതെന്നോ ഒന്നും എനിക്ക് മനസ്സിലായില്ല.
"അവരാരാ? ടാനിയ എവിടെ?"
"ആ ചാണതലയന്‍ ഒരു കുറ്റവാളിയും ഇതിന്റെ നടത്തിപ്പ് കാരിലൊരാളുമാണ്. പരമ ദുഷ്ടന്‍. അവനെ മൃഗമെന്നാണ് വിളിക്കേണ്ടത്." അവളുടെ സ്വരത്തില്‍ അമര്‍ഷവും വിദ്വേ ഷവുമെല്ലാം നുരഞ്ഞു പൊന്തി.

"എന്നിട്ട് അവള്‍ എവിടെ? "
"പാവം ടാനിയ.." ഒന്ന് നിര്‍ത്തി ഇവ തുടര്‍ന്നു.
"ആ സ്ത്രീയുടെ ആര്‍ത്തിയാണ് എല്ലാറ്റിനും കാരണം. ഇന്നലെ വൈകിട്ട് ആ ചാണതലയന് വേണ്ടി കാത്തിരിക്കണമെന്ന് ടാനിയയോടു അയാള്‍ ചട്ടം കെട്ടിയിരുന്നതാണ്. പക്ഷെ, വരാമെന്ന് പറഞ്ഞ സമയമേറെക്കഴിഞ്ഞിട്ടും അയാളെ കാണാതായപ്പോഴാണ് നിങ്ങളുടെ വരവ്. ആ സ്ത്രീ നിര്‍ബന്ധിച്ചു നിന്റെ കൂടെ കിടക്കാന്‍ അവളെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. പക്ഷെ, അപ്രതീക്ഷിതമായി അയാള്‍ പാതിരാത്രിക്ക്‌ കയറി വന്നു. ഇന്ന് അവള്‍ ശരിക്കും അനുഭവിക്കേണ്ടി വരും..പാവം"

അവളുടെ
അവളുടെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരനായല്ലോ എന്നോര്‍ത്ത് എനിക്ക് സങ്കടവും അതിലേറെ ഭയവും തോന്നി .



"അവരെന്തിനാ വന്നത് " ഞാന്‍ തിരക്കി .
"അവളുടെ കൂടെ കിടന്നവനെ കടിച്ചു കീറാന്‍ . നീ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് . അല്ല , അവള്‍ നിന്നെ രക്ഷിക്കുകയായിരുന്നു .
എനിക്ക് തോന്നുന്നു അവള്‍ക്കു നിന്നെ ഒരുപാട് ഇഷ്ട്ടപ്പെട്ടുവെന്നു " എന്റെ നെഞ്ചത്തെ രോമങ്ങള്‍ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് ഇവാ പറഞ്ഞു .
"ടാനിയ പറഞ്ഞിട്ടാണോ നീയിങ്ങോട്ടു വന്നത് ? "
"അതെ .."
മനസ്സാകെ കലുഷിതമായിരിക്കുന്നു . ഒരിടത്ത് ആ ചാണത്തലയന് ഇനിയും വരുമോയെന്ന ഭയം . മറുവശത്ത് ടാനിയയെക്കുറിച്ചുള്ള ചിന്തകള്‍ . അവളെ അവന്‍ ഉപദ്രവിച്ചിട്ടുണ്ടാകുമോ ? അവള്‍ക്കു എന്നോട് ദേക്ഷ്യം വല്ലതും തോന്നിക്കാണുമോ ?

നെഞ്ചത്ത് നിന്നും ഇവായുടെ കയ്യെടുത്ത് മാറ്റി , തിരിഞ്ഞു കിടന്നു ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു . എപ്പോഴോ ഉറങ്ങി .

***********************

രാവിലെ എഴുന്നേറ്റപ്പോള്‍ ഇവാ ഒരു ബെഡ് കോഫിയുമായി അരികില്‍ വന്നു .
" ടാനിയ എവിടെ ? "
"അകത്തുണ്ട് "
"അവളോടൊന്നിങ്ങോട്ടു വരാന്‍ പറയൂ "
ഇവാ ഒന്നും മിണ്ടിയില്ല . വെറുതെ എന്നെ നോക്കി ഇരിക്കുക മാത്രം ചെയ്തു . ഞാന്‍ കാപ്പി കുടിക്കാന്‍ തയ്യാറായില്ല .
തണുത്തു കഴിഞ്ഞപ്പോള്‍ അവള്‍ തന്നെ അതെടുത്ത് തിരികെ കൊണ്ടുപോയി .

ടാനിയക്ക്‌ എന്ത് പറ്റി ?
എന്താണ് ഇവാ ഒന്നും മിണ്ടാത്തത് ?
ഭയനാകമായ ഒരു മൂകത മരണത്തിന്റെ ഗന്ധവുമായി എന്നെ പുണരുന്നതുപോലെ .
ദൈവമേ , ഇനി അവള്‍ക്കെന്തെങ്കിലും സംഭവിച്ചു കാണുമോ ?
എന്തിനും മടിക്കാത്ത പിശാചുക്കള്‍.

അല്പസമയം കഴിഞ്ഞപ്പോള്‍ എന്റെ മനസ്സിന് ആശ്വാസം പകര്‍ന്നു കൊണ്ട് ടാനിയ കടന്നു വന്നു. പക്ഷെ, പെട്ടന്ന് തന്നെ അവളൊരു സങ്കടമായി മാറി.
അവളുടെ മുഖം പ്രകാശം നഷ്ട്ടപ്പെട്ട്, വാടിക്കരിഞ്ഞ ഒരു പൂവ് പോലെ കാണപ്പെട്ടു. കവിളുകള്‍ വീങ്ങിയിരുന്നു. നീണ്ട മനോഹരമായ മുടി പകുതിക്ക് വെച്ച് വികൃതമായി മുറിച്ചിട്ടിരിക്കുന്നു.

എന്നെക്കണ്ട് പുഞ്ചിരിക്കാന്‍ അവള്‍ വിഫലമായ ഒരു ശ്രമം നടത്തി. അവളെ ആശ്ലേഷിച്ച്, അവളുടെ മുറിഞ്ഞ മുടിയിഴകളില് തഴുകിക്കൊണ്ട് ഞാനവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
"പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കൂ..."
അവളുടെ നെഞ്ചത്ത് ചതഞ്ഞു കിടന്ന മുറിവുകളില്‍ തൊട്ടപ്പോള്‍ അവള്‍ വേദനകൊണ്ട് പുളഞ്ഞു. എങ്കിലും ഒരിറ്റു കണ്ണുനീര്‍ പോലും ആ കണ്ണുകളില്‍ നിന്നും വന്നില്ല.
"നിനക്കൊന്നു കരയുകയെങ്കിലും ചെയ്തു കൂടെ ടാനിയാ ?"
"പാടില്ല, കരഞ്ഞാല്‍ ഞാന്‍ തോല്‍ക്കും. തോല്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല"
എന്താണ് പറയേണ്ടത് എന്നറിയാതെ ഞാന്‍ കുഴഞ്ഞു.
തലേ രാത്രിയില്‍ അവള്‍ പറഞ്ഞ പോലെ, അര്‍ത്ഥമില്ലാത്ത, ഉത്തരമില്ലാത്ത, ഒരു ചോദ്യമാണ് അവളുടെ ജീവിതം എന്ന് എനിക്ക് തോന്നി.

ഇന്നെന്റെ കൂടെ ഷോപ്പിങ്ങിനു വരാമെന്നും, ഒരുമിച്ചു 'സാന്‍സ് ഷാന്‍സേ'യില്‍ കാറ്റാടിയന്ത്രങ്ങള് കാണാന്‍ പോകാമെന്നും ഇന്ത്യക്കാരിയായ അവളുടെ ഏതാനും പെണ്സുഹൃത്തുക്കളെ പരിചയപ്പെടുത്തി തരാമെന്നും അവള്‍ ഏറ്റിരുന്നതാണ്. പക്ഷേ...അപ്പോഴാണ്‌ ജാക്കറ്റിനുള്ളില് ഇരിക്കുന്ന ക്യാമറയുടെ കാര്യം ഓര്‍മ്മ വന്നത്.

"ഞാന്‍ നിന്റെയൊരു ഫോട്ടോ എടുത്തോട്ടേ ടാനിയ ?"
"ഈ കോലത്തിലോ? എന്നെ ഓര്‍മ്മിക്കാന്‍ നിനക്കൊരു ഫോട്ടോയുടെ ആവശ്യമുണ്ടോ പാരീസിലെ വിരുന്നുകാരാ? എനിക്കറിയാം കഴിഞ്ഞ രാത്രി നിനക്കൊരിക്കലും മറക്കാന്‍ ആകില്ലെന്ന്.."
ഞാനൊന്നും മിണ്ടിയില്ല.

"പാരീസിലേക്ക്‌ നീ എന്ന് തിരികെ പോകും ? "
"ഇന്ന് വൈകിട്ട്" നീ പോരുന്നോ എന്ന് വെറുതെയെങ്കിലും ചോദിക്കണമെന്ന് തോന്നി. പക്ഷെ ചോദിച്ചില്ല.
"ഇനിയെന്നാണ് നമ്മള്‍ കാണുക? " പോകാനിറങ്ങിയപ്പോള്‍ അവള്‍ ചോദിച്ചു.
"അറിയില്ല" ഞാന്‍ പറഞ്ഞു.
"ഞാനിവിടെ, ഇതുപോലൊക്കെ തന്നെ ഉണ്ടാകും...എന്നും"

അവളുടെ കവിളില്‍ എന്റെ കവിളുരുമ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഉള്ളിലൊരു വല്ലാത്ത നീറ്റല്‍ കുടിയേറിപ്പാര്ത്തിരുന്നു.
ഞാന്‍ എന്റെ ഹോട്ടലിനെ ലക്ഷ്യമാക്കി നടന്നു.
തിരക്കൊഴിഞ്ഞ ചുവന്ന തെരുവ് അപ്പോള്‍ ശാന്തമായിരുന്നു.
ജീവിതത്തിലെ ഏറ്റവും മനോഹരവും നാടകീയവുമായ ഒരു രാത്രിക്ക് സാക്ഷ്യം വഹിച്ച തെരുവിനോട് വിട പറയുമ്പോള്‍ ഉള്ളില്‍ ടാനിയ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

"ഞാന്‍ ഇനിയും വരും ടാനിയാ, വരാതിരിക്കാന്‍ എനിക്കാവില്ല "
ആ നിമിഷത്തില്‍, ഏതോ ഒരോര്‍മ്മയില്‍ എന്റെ കണ്ണുകളില്‍ നിന്നും ഒലിച്ചിറങ്ങിയ രണ്ടു തുള്ളി കണ്ണ് നീരിനു, ടാനിയയോടുള്ള ഒരു ദിവസത്തെ വിലക്കെടുത്ത പ്രണയത്തിന്റെ കഥ പറയുവാനുണ്ടായിരുന്നു....