ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Wednesday, June 1, 2011

എന്റെ നീഹാരപ്പറവയ്ക്ക്

റോജയെ കുറിച്ചുള്ള ചിന്തകള്‍ കലുഷിതമാക്കിയ മനസ്സുമായി കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ക്കുള്ള ബസും പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ്, അവള്‍ എന്റെ അരികിലെത്തി ചോദിച്ചത്.

"ബാംഗ്ലൂര്‍ക്കാണോ മാഷേ..?"
അവളുടെ മുഖത്ത് ഒരു പരിചയ ഭാവം പോലെ...
"അതേ..ബാംഗ്ലൂര്‍ക്കാണ്..."
"ഏഴു മണിയുടെ സ്ലീപ്പര്‍ ബസിലാണോ? "
"അതേ.."

റോജ ഒരു നിമിഷം മനസ്സില്‍ നിന്നും മാഞ്ഞു. തെല്ല് ആശ്ചര്യത്തോടെ ഞാന്‍ അവളെ നോക്കി.
"ഒറ്റയ്ക്കാണെങ്കില്‍, മാഷിന്റെ സിംഗിള്‍ ബെര്‍ത്ത്‌ മാറ്റി, ഒരു ഡബിള്‍ ബെര്‍ത്ത്‌ ടിക്കറ്റ് എടുത്താല്‍ നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാമായിരുന്നു..."

ഞാന്‍ ഒന്ന് ഞെട്ടി. ഇപ്പോഴാണ് ഞാന്‍ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഇളം പച്ച ചുരിദാറണിഞ്ഞ്, ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കൊടിയുടെ ലക്ഷണങ്ങളുള്ള ഒരു ശാലീന സുന്ദരി.
"അപരിചിതയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ എന്തിനാണ് വെറുതെ കാശ് കളയുന്നത്? "
"വെറുതെയാവില്ല, എന്തെങ്കിലും പ്രയോജനമുണ്ടാകും എന്ന് കരുതിക്കൊള്ളൂ... അല്‍പ നേരമെങ്കിലും എന്നെ ഒന്നുറങ്ങാന്‍ സമ്മതിച്ചാല്‍ മതി." അവള്‍ ചിരിച്ചു..

എനിക്കെന്തോ പന്തികേട്‌ തോന്നാതിരുന്നില്ല. വല്ല കെണിയുമാകുമോ?
ചിലപ്പോള്‍, തന്നെ മഥിക്കുന്ന റോജയെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമിടാന്‍ ഇവള്‍ക്കായി കൂടേ? ഇന്നീ രാത്രിയെങ്കിലും റോജയെ മറക്കാന്‍ പറ്റുമെങ്കില്‍..?

"എന്താ നിന്റെ പേര്? "
"നീഹാര..."
"വരൂ." ബസ് ഓപ്പറേറ്റരുടെ ഓഫീസിലേക്ക് കയറി ടിക്കറ്റ് ഡബിള്‍ ബെര്‍ത്തിന്റെയാക്കി മാറ്റി. താമസിയാതെ ബസ് വരികയും, അനുവദിച്ച് കിട്ടിയ ബെര്‍ത്തില്‍ ഞങ്ങള്‍ കൂടണയുകയും ചെയ്തു. ചുറ്റും നാല് കര്‍ട്ടനുകള്‍ വലയം ചെയ്തപ്പോള്‍ അവളുടെ നിശ്വാസം എനിക്ക് കേള്‍ക്കാമെന്നായി. പക്ഷെ....

ഒരു നിശ്വാസത്തിന്റെ ദൂരത്തില്‍ നീഹാര അരികിലുണ്ട്. അവളെ എന്ത് വേണമെങ്കിലും ചെയ്യാം. എന്നിട്ടും ഞാന്‍ അശക്തനാവുകയാണ്. മനസ്സ് മറ്റെവിടെയോ അലയുകയാണ്. അവളെ ഗൌനിക്കാനേ തോന്നുന്നില്ല. മനസ്സിന്റെ മേച്ചില്‍ പുറങ്ങളില്‍ റോജയുടെ ഓര്‍മ്മകള്‍ സംഹാരതാണ്ഡവമാടുകയാണ്.
അവളോടുള്ള സ്നേഹത്തിന് മുന്നില്‍ ഞാന്‍ തളരുകയാണ്.

"ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കിടന്നാല്‍ ഈ രാത്രി പെട്ടന്നങ്ങ് തീരും."
ഞാന്‍ തിരിഞ്ഞ് യാന്ത്രികമായി നീഹാരയെ നോക്കുക മാത്രം ചെയ്തു.
"കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ പ്രശ്നം മഹേഷിനെ വല്ലാതെ അലട്ടുന്നത് പോലെ..."
"സത്യം പറ...എന്റെ പേര് നീയെങ്ങനെ അറിഞ്ഞു? "
"പേര് പറയാതെയാണോ കുറച്ചു മുന്നേ ടിക്കറ്റ് മാറ്റി എടുത്തത്‌? "

ഒന്നും മിണ്ടാതെ ലാപ്ടോപ് എടുത്ത്, ഞാന്‍ അവസാനമെഴുതിയ ആ കഥ അവള്‍ക്കു കാണിച്ചു കൊടുത്തു. അവള്‍ അത് വായിക്കവേ, മനസ് വീണ്ടും റോജയില്‍ നിന്നും റോജയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

"ഈ കഥ സത്യമാണോ? "
"കഥാകാരന്റെ മനസിന്റെ രക്ത ചിത്രം...."
"എന്താ അവളുടെ പേര് ?"
"റോജ"
"അവസരങ്ങള്‍ ഉണ്ടായിട്ടും, വല്ലപ്പോഴുമെങ്കിലും നിന്നെ ഓര്‍ക്കാറുണ്ട് എന്നറിയിക്കാന്‍ പോലും അവള്‍ തയ്യാറാകുന്നില്ല അല്ലേ? അതല്ലേ നിന്റെ പ്രശ്നം..?" എന്റെ നെഞ്ചത്ത് കൂടി വിരലോടിച്ചു കൊണ്ട് നീഹാര ചോദിച്ചു. ഞാന്‍ ബസിന്റെ മുകളില്‍ കത്തി നില്‍ക്കുന്ന ബള്‍ബിന്റെ നീല വെളിച്ചത്തിലേയ്ക്കു നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു.

"എനിക്ക് തോന്നുന്നു, അവള്‍ വല്ലാണ്ട് സ്വാര്‍ത്ഥയാണെന്ന്. നീ നിന്നെക്കാള്‍ അവളെ സ്നേഹിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ മറ്റാരേക്കാളും അവളെ മാത്രം സ്നേഹിക്കുന്നു. ഒരു പക്ഷെ നിന്റെ പ്രണയം അവള്‍ അര്‍ഹിക്കുന്നുണ്ടാവില്ല. "
ശരിയാണ്; ചില കാര്യങ്ങളില്‍ അവള്‍ സ്വാര്‍ത്ഥ ആണെന്ന് തനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും അവളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തപ്പോഴൊക്കെ അതൊന്നും സത്യമാകരുതെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ താന്‍ ചെയ്തത്..

"ഈ കഥ അവള്‍ വായിച്ചോ "
"ഉം... വായിച്ചു...."
"എന്നിട്ട് "
"അവള്‍ പൊട്ടിച്ചിരിച്ചു കാണും.."
"അതെങ്ങനെ നിനക്കറിയാം...?"
"എനിക്കറിയാം..."
"സാരമില്ല പോട്ടെ..." അവള്‍ കവിളിലൊരുമ്മ തന്നപ്പോള്‍ ഒരു ചുടു നിശ്വാസം എന്റെ മുഖത്ത് തഴുകി അലിഞ്ഞില്ലാതായി.

"തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്‌. നിന്റെ സര്ഗാത്മകതക്ക് മേല്‍ കാലത്തിന്റെ കയ്യൊപ്പുന്ടാകില്ല എന്നാരു കണ്ടു? നീ എഴുതുക. നഷ്ടങ്ങളൊക്കെയും നിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാക്കി മാറ്റാന്‍ നിനക്ക് കഴിയണം.."

അവളുടെ വാക്കുകള്‍ എനിക്കല്പം ആശ്വാസം പകര്‍ന്നു. എങ്കിലും മനസ്സ് റോജയിലേക്ക് തന്നെ...
പെട്ടെന്ന് റോജയോടൊത്തുള്ള ഒരു സംഭാഷണം ഓര്‍മ്മയില്‍ തെളിഞ്ഞു. ക്ലാരയോടുള്ള തന്റെ പ്രണയം ഒരു പക്ഷെ റോജയെ പോലും അസൂയപ്പെടുത്തിയിട്ടുണ്ടാകാം. അത് കൊണ്ടല്ലേ അന്നവള്‍ അങ്ങനെ പറഞ്ഞത്...

"എനിക്ക് ക്ലാരയാകാന്‍ തോന്നുന്നു. എന്നിട്ട് മഹേഷ്‌ ചേട്ടന്‍ തന്നെ എല്ലാ ദിവസവും വേഷം മാറി എന്റടുത്തു വന്നാ മതി."
"നിനക്കൊരിക്കലും ക്ലാരയാകാന്‍ സാധിക്കില്ല. കാരണം, ഒരിക്കലും എന്നെ സങ്കടപ്പെടുത്താന്‍ ക്ലാരയ്ക്കാവില്ല; ക്ലാര വെറുമൊരു കഥാപാത്രമാണ്. പക്ഷെ, എന്നെ വേദനിപ്പിക്കുവാന്‍, സങ്കടപ്പെടുത്തുവാന്‍ നിനക്ക് ആകും.."
ആ മറുപടി അവള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നി...തോന്നട്ടെ..അവളിപ്പോള്‍ അതല്ലേ ചെയ്യുന്നത്?

തികച്ചും അപ്രതീക്ഷിതമായാണ് മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത്.
എന്ത് കൊണ്ടാണ് പൊടുന്നനെ ക്ലാരയെ കുറിച്ച് ഓര്‍മ്മിക്കുവാന്‍ കാരണം?
പതിവായി ട്രെയിനില്‍ മാത്രം യാത്ര ചെയ്യുന്ന താന്‍ അവസാന നിമിഷം ടിക്കറ്റ് ശരിയാകാത്തത് കൊണ്ട് ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതും നീഹാര എന്ന പെണ്ണിനെ തികച്ചും വിത്യസ്തമായ ഒരു സാഹചര്യത്തില്‍ പരിചയപ്പെടാന്‍ ഇടയായതും കേവലം യാദൃശ്ചികത മാത്രമോ?
ഇതേ ബസില്‍ വേറെയും പലരും യാത്ര ചെയ്യുന്നുണ്ടായിട്ടും എന്ത് കൊണ്ടാണ് നീഹാര തന്നെ തേടി വന്നത്? ഒരു തരത്തില്‍ പറഞ്ഞാല്‍, തന്നെ മാത്രം കാത്തിരുന്ന രീതിയില്‍ ആയിരുന്നില്ലേ അവളുടെ പെരുമാറ്റം ?

അവള്‍ ഒരു നിഗൂഡത ആണെന്നും അവളുടെ ആഗമനോദ്ദേശം തന്നെ മറ്റെന്തോ ആണെന്നും എനിക്ക് തോന്നിത്തുടങ്ങി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നാടകീയത അവള്‍ക്കു ചുറ്റും ഒളിച്ചിരിക്കുന്ന പോലെ. എന്താണത്?

മനസ്സാകെ അസ്വസ്ഥമാകുന്നതും സൂചി കുത്തുന്ന മാതിരിയുള്ള ഒരു തലവേദന എന്നെ കീഴ്പ്പെടുത്തുന്നതും ഞാനറിഞ്ഞു. കലുഷിതമായ മനസ്സിലിപ്പോള്‍ റോജയില്ല; ക്ലാരയും നീഹാരയും മാത്രം. ഞാന്‍ അറിയാതെ കണ്ണടച്ചു. അലോസരപ്പെടുത്തുന്ന ചില നിറങ്ങള്‍ കണ്‍മുന്നിലൂടെ ചീറിപ്പാഞ്ഞു. ചെവിയില്‍ ഒരു മുരളല്‍ പ്രകമ്പനം ചെയ്യുന്നു. അല്‍പനേരം അങ്ങനെ തുടര്‍ന്നു; പിന്നെയെല്ലാം ശാന്തമാകുന്ന പോലെ...

ചരിഞ്ഞ് കിടന്ന്, തലയുയര്‍ത്തി നീഹാരയുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
"സത്യം പറ, നീ ക്ലാരയല്ലേ??? "
"ഏത് ക്ലാര..? "
"നിന്റെ പേരന്തെന്നാണ് പറഞ്ഞത്? "
"ഇത്ര പെട്ടന്ന് മറന്നോ? നീഹാര....."

നീഹാര...
നീഹാരം എന്നാല്‍ തൂവാനം...തൂവാനത്തുമ്പികള്‍..
തൂവാനതുമ്പികളിലെ ക്ലാര...ഇവള്‍ ക്ലാര തന്നെ ആയിരിക്കാനാണ്‌ സാധ്യത.
ഞാന്‍ അവളുടെ ദേഹത്തിന് മുകളില്‍ കൂടി കൈയ്യിട്ട് കര്‍ട്ടന്‍ മാറ്റി, ഗ്ലാസ്സിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്തു മഴ പെയ്യുന്നുണ്ട്. ക്ലാരയുടെ സാമീപ്യം ജയകൃഷ്ണന്‍ അറിഞ്ഞപ്പോഴെല്ലാം മഴ കൂട്ടിനുണ്ടായിരുന്നു.. ബസില്‍ കയറും മുന്‍പ്, നീഹാരയെ ആദ്യം കണ്ടപ്പോഴും എവിടെ നിന്നോ വന്ന ഒരു ചാറ്റല്‍ മഴ ഞങ്ങളെ നനച്ചു പോയില്ലേ? ആ മഴത്തുള്ളികളുടെ അംശം ഇപ്പോഴും എന്റെ കണ്ണടയുടെ ചില്ലില്‍ നിന്നും മാഞ്ഞിട്ടില്ല.

ഞാന്‍ ഉറപ്പിക്കുന്നു.
ഇവള്‍ നീഹാരയല്ല, ക്ലാരയാണ്..
എന്റെ പ്രിയ്യപ്പെട്ട ക്ലാര.
"നീ ക്ലാരയാണ്..എന്റെ ക്ലാര" ഞാന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"ക്ലാരയോ ? ഞാനോ ? "
അവളുടെ ഗൂഡമായ മന്ദഹാസം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
ഒരു വശത്തേക്ക് വിടര്ത്തിയിട്ടിരുന്ന അവളുടെ മുടിയിഴകളെടുത്ത് ഞാന്‍ മണത്തു നോക്കി...പുതുമഴയുടെ ഗന്ധം. ക്ലാരയുടെ മുടിക്കും ഈ ഗന്ധം തന്നെ ആയിരിക്കും ഉണ്ടായിരുന്നിരിക്കുക; തീര്‍ച്ച.

ഈ രാത്രിയിലെ എല്ലാ നാടകീയതക്കും ഒരുതരം മാത്രമേ ഉള്ളൂ എന്ന് ഞാനറിയുന്നു. ക്ലാര എന്ന ഉത്തരം.
ഞാനവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ നെഞ്ചില്‍ തല ചായ്ച്ച് വെച്ച് ഞാന്‍ കിടന്നു. എന്റെ മുടിയിഴകളിലൂടെ അവള്‍ വിരലോടിച്ചു കൊണ്ടിരുന്നു. പൊടുന്നനെ വീണ്ടും തല പെരുക്കുന്നത് പോലെ. കണ്പോളകള്‍ക്ക് ഭാരം വര്‍ദ്ധിച്ചു..കണ്ണുകളടഞ്ഞു..അങ്ങനെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉറക്കത്തിലെപ്പോഴോ ഞാനൊരു സ്വപ്നം കണ്ടു. ഏതോ മണലാരണ്യത്തില്‍ ചുടുകാറ്റേറ്റ് തളര്‍ന്നു ഞാന്‍ വേച്ചു വേച്ചു നടക്കുകയാണ് . എവിടെ നിന്നോ ഒരു പൂമ്പാറ്റ എന്റെ കയ്യില്‍ വന്നിരുന്നു. എനിക്കല്പം ആശ്വാസം തോന്നി. പൊടുന്നനെ അതിന്റെ ചിറകുകള്‍ വലുതാകുകയും അതിനൊരു ഭീമാകാരം കൈവരുകയും ചെയ്തു. അത് തന്റെ വലിയ ചുണ്ടുകള്‍ കൊണ്ടെന്നെ കൊത്തി മുറിവേല്‍പ്പിച്ച ശേഷം ചിറകുകള്‍ക്കുള്ളില് എന്നെ ഒതുക്കി ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഉയരങ്ങളില്‍, മേഘങ്ങള്‍ക്ക് തൊട്ടു താഴെ വെച്ച്‌, ആ രൂപത്തിന്റെ ചിറകുകള്‍ക്കുള്ളില്‍ നിന്നും കൂര്‍ത്ത മുള്ളുകള്‍ പുറത്ത് വന്ന് എന്റെ ദേഹമാസകലം തുളഞ്ഞു കയറി. എന്റെ മുറിവില്‍ നിന്നും വെളുത്ത രക്തം താഴേക്കു വീണു കൊണ്ടിരുന്നു. ഒടുവില്‍ ആ പക്ഷി ചിറകു കുടഞ്ഞ്‌ എന്നെ താഴേക്കിട്ടു.

ഞാന്‍ ഞെട്ടിയുണര്‍ന്നു...
വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...
"എന്ത് പറ്റീ...?" നീഹാര ചോദിച്ചു.
"ഞാനൊരു സ്വപ്നം കണ്ടു..ഒരു പേടിപ്പിക്കുന്ന സ്വപ്നം"

എന്റെ തോളില്‍ മുഖമമര്‍ത്തി, എന്നെ കെട്ടിപ്പിടിച്ച് അവള്‍ പറഞ്ഞു...
"നിന്റെ മനസ്സ് ശാന്തമാകട്ടെ.. നീയുറങ്ങിക്കൊള്ളുക..മെല്ലെ മെല്ലെ.."
അവളെന്റെ നെറ്റിയില്‍ തലോടി; കൈവിരലുകളില്‍ അമര്ത്തിപ്പിടിച്ചു.
അവളുടെ സാന്ത്വനത്തില്‍ എന്റെ മനസ്സ് ശാന്തമാകുന്നത് ഞാനറിഞ്ഞു.
മെല്ലെ ഞാനുറങ്ങി; എല്ലാം മറന്ന് ഒരുറക്കം.

രാവിലെ ഉണര്‍ന്നപ്പോള്‍ ബസ് ബാംഗ്ലൂര്‍ എത്തിയിരുന്നു.
ഞാന്‍ ഞെട്ടി. നീഹാര അല്ല ക്ലാര കിടന്നിടം ശൂന്യം. അവളിതെവിടെ പോയി? ഒരു പക്ഷെ മടിവാളയില്‍ ഇറങ്ങിയിട്ടുണ്ടാകും. എന്നാലും തന്നോടൊരു വാക്ക് പറയാതെ പോയല്ലോ.

പെട്ടന്നാണത് ശ്രദ്ധിച്ചത്. എന്റെ ഇടതു കയ്യില്‍ അവളുടെ പച്ച നിറമുള്ള ഷാള്‍ കെട്ടിയിട്ടിരിക്കുന്നു.
ആ ഷാള്‍ അഴിച്ചെടുത്ത്‌ ഞാന്‍ മുഖത്തോടടുപ്പിച്ചു. അതിന് പുതുമഴയുടെ, ക്ലാരയുടെ സുഗന്ധം...
അതവള്‍ തന്നെ ആയിരുന്നു...എന്റെ എക്കാലത്തെയും പ്രിയ്യപ്പെട്ട പ്രണയിനി...എന്റെ ക്ലാര.
ആഴത്തില്‍ മനസ്സിനേറ്റ മുറിവിന്റെ നീറ്റലിലും പുകച്ചിലിലും ഞാന്‍ ഉഴറിയപ്പോള്‍, എന്നെ സ്വാന്ത്വനിപ്പിക്കാന്‍ എവിടെ നിന്നോ അവള്‍ വന്നു; എന്റെ പ്രിയ്യപ്പെട്ട ക്ലാര.

എന്നും ഏറ്റവും അധികം വേദനിക്കപ്പെടുമ്പോള്‍ ആള്‍ക്കൂട്ടത്തിലും ഏകനായി നിന്ന് തേങ്ങുമ്പോള്‍, മഴയായി, മഞ്ഞായി, പറവയായി നീയെന്നരികില്‍ വരുമെന്നെനിക്കറിയാം...
എന്റെ ഹൃദയരക്തം കിനിയുമ്പോള്‍, അതൊപ്പിയെടുക്കുവാന്‍, ഞാന്‍ കാത്തിരിക്കുന്നു...എന്റെ നീഹാരപ്പറവയ്ക്കായി...വരാതിരിക്കുവാന്‍ നിനക്കാവില്ലല്ലോ..നീ വരും. തീര്‍ച്ച..