ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Wednesday, June 1, 2011

എന്റെ നീഹാരപ്പറവയ്ക്ക്

റോജയെ കുറിച്ചുള്ള ചിന്തകള്‍ കലുഷിതമാക്കിയ മനസ്സുമായി കൊച്ചിയില്‍ നിന്നും ബാംഗ്ലൂര്‍ക്കുള്ള ബസും പ്രതീക്ഷിച്ച് നില്‍ക്കുമ്പോഴാണ്, അവള്‍ എന്റെ അരികിലെത്തി ചോദിച്ചത്.

"ബാംഗ്ലൂര്‍ക്കാണോ മാഷേ..?"
അവളുടെ മുഖത്ത് ഒരു പരിചയ ഭാവം പോലെ...
"അതേ..ബാംഗ്ലൂര്‍ക്കാണ്..."
"ഏഴു മണിയുടെ സ്ലീപ്പര്‍ ബസിലാണോ? "
"അതേ.."

റോജ ഒരു നിമിഷം മനസ്സില്‍ നിന്നും മാഞ്ഞു. തെല്ല് ആശ്ചര്യത്തോടെ ഞാന്‍ അവളെ നോക്കി.
"ഒറ്റയ്ക്കാണെങ്കില്‍, മാഷിന്റെ സിംഗിള്‍ ബെര്‍ത്ത്‌ മാറ്റി, ഒരു ഡബിള്‍ ബെര്‍ത്ത്‌ ടിക്കറ്റ് എടുത്താല്‍ നമുക്ക് ഒരുമിച്ചു യാത്ര ചെയ്യാമായിരുന്നു..."

ഞാന്‍ ഒന്ന് ഞെട്ടി. ഇപ്പോഴാണ് ഞാന്‍ അവളെ ശരിക്കും ശ്രദ്ധിക്കുന്നത്. ഇളം പച്ച ചുരിദാറണിഞ്ഞ്, ഒരു നാട്ടിന്‍ പുറത്തുകാരി പെണ്‍കൊടിയുടെ ലക്ഷണങ്ങളുള്ള ഒരു ശാലീന സുന്ദരി.
"അപരിചിതയായ ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ എന്തിനാണ് വെറുതെ കാശ് കളയുന്നത്? "
"വെറുതെയാവില്ല, എന്തെങ്കിലും പ്രയോജനമുണ്ടാകും എന്ന് കരുതിക്കൊള്ളൂ... അല്‍പ നേരമെങ്കിലും എന്നെ ഒന്നുറങ്ങാന്‍ സമ്മതിച്ചാല്‍ മതി." അവള്‍ ചിരിച്ചു..

എനിക്കെന്തോ പന്തികേട്‌ തോന്നാതിരുന്നില്ല. വല്ല കെണിയുമാകുമോ?
ചിലപ്പോള്‍, തന്നെ മഥിക്കുന്ന റോജയെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരു താല്‍ക്കാലിക വിരാമമിടാന്‍ ഇവള്‍ക്കായി കൂടേ? ഇന്നീ രാത്രിയെങ്കിലും റോജയെ മറക്കാന്‍ പറ്റുമെങ്കില്‍..?

"എന്താ നിന്റെ പേര്? "
"നീഹാര..."
"വരൂ." ബസ് ഓപ്പറേറ്റരുടെ ഓഫീസിലേക്ക് കയറി ടിക്കറ്റ് ഡബിള്‍ ബെര്‍ത്തിന്റെയാക്കി മാറ്റി. താമസിയാതെ ബസ് വരികയും, അനുവദിച്ച് കിട്ടിയ ബെര്‍ത്തില്‍ ഞങ്ങള്‍ കൂടണയുകയും ചെയ്തു. ചുറ്റും നാല് കര്‍ട്ടനുകള്‍ വലയം ചെയ്തപ്പോള്‍ അവളുടെ നിശ്വാസം എനിക്ക് കേള്‍ക്കാമെന്നായി. പക്ഷെ....

ഒരു നിശ്വാസത്തിന്റെ ദൂരത്തില്‍ നീഹാര അരികിലുണ്ട്. അവളെ എന്ത് വേണമെങ്കിലും ചെയ്യാം. എന്നിട്ടും ഞാന്‍ അശക്തനാവുകയാണ്. മനസ്സ് മറ്റെവിടെയോ അലയുകയാണ്. അവളെ ഗൌനിക്കാനേ തോന്നുന്നില്ല. മനസ്സിന്റെ മേച്ചില്‍ പുറങ്ങളില്‍ റോജയുടെ ഓര്‍മ്മകള്‍ സംഹാരതാണ്ഡവമാടുകയാണ്.
അവളോടുള്ള സ്നേഹത്തിന് മുന്നില്‍ ഞാന്‍ തളരുകയാണ്.

"ഇങ്ങനെ വെറുതെ ഓരോന്ന് ചിന്തിച്ചു കിടന്നാല്‍ ഈ രാത്രി പെട്ടന്നങ്ങ് തീരും."
ഞാന്‍ തിരിഞ്ഞ് യാന്ത്രികമായി നീഹാരയെ നോക്കുക മാത്രം ചെയ്തു.
"കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു. എന്തോ പ്രശ്നം മഹേഷിനെ വല്ലാതെ അലട്ടുന്നത് പോലെ..."
"സത്യം പറ...എന്റെ പേര് നീയെങ്ങനെ അറിഞ്ഞു? "
"പേര് പറയാതെയാണോ കുറച്ചു മുന്നേ ടിക്കറ്റ് മാറ്റി എടുത്തത്‌? "

ഒന്നും മിണ്ടാതെ ലാപ്ടോപ് എടുത്ത്, ഞാന്‍ അവസാനമെഴുതിയ ആ കഥ അവള്‍ക്കു കാണിച്ചു കൊടുത്തു. അവള്‍ അത് വായിക്കവേ, മനസ് വീണ്ടും റോജയില്‍ നിന്നും റോജയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

"ഈ കഥ സത്യമാണോ? "
"കഥാകാരന്റെ മനസിന്റെ രക്ത ചിത്രം...."
"എന്താ അവളുടെ പേര് ?"
"റോജ"
"അവസരങ്ങള്‍ ഉണ്ടായിട്ടും, വല്ലപ്പോഴുമെങ്കിലും നിന്നെ ഓര്‍ക്കാറുണ്ട് എന്നറിയിക്കാന്‍ പോലും അവള്‍ തയ്യാറാകുന്നില്ല അല്ലേ? അതല്ലേ നിന്റെ പ്രശ്നം..?" എന്റെ നെഞ്ചത്ത് കൂടി വിരലോടിച്ചു കൊണ്ട് നീഹാര ചോദിച്ചു. ഞാന്‍ ബസിന്റെ മുകളില്‍ കത്തി നില്‍ക്കുന്ന ബള്‍ബിന്റെ നീല വെളിച്ചത്തിലേയ്ക്കു നോക്കിക്കൊണ്ടിരിക്കുക മാത്രം ചെയ്തു.

"എനിക്ക് തോന്നുന്നു, അവള്‍ വല്ലാണ്ട് സ്വാര്‍ത്ഥയാണെന്ന്. നീ നിന്നെക്കാള്‍ അവളെ സ്നേഹിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവള്‍ മറ്റാരേക്കാളും അവളെ മാത്രം സ്നേഹിക്കുന്നു. ഒരു പക്ഷെ നിന്റെ പ്രണയം അവള്‍ അര്‍ഹിക്കുന്നുണ്ടാവില്ല. "
ശരിയാണ്; ചില കാര്യങ്ങളില്‍ അവള്‍ സ്വാര്‍ത്ഥ ആണെന്ന് തനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. പലരും അവളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തപ്പോഴൊക്കെ അതൊന്നും സത്യമാകരുതെ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമല്ലേ താന്‍ ചെയ്തത്..

"ഈ കഥ അവള്‍ വായിച്ചോ "
"ഉം... വായിച്ചു...."
"എന്നിട്ട് "
"അവള്‍ പൊട്ടിച്ചിരിച്ചു കാണും.."
"അതെങ്ങനെ നിനക്കറിയാം...?"
"എനിക്കറിയാം..."
"സാരമില്ല പോട്ടെ..." അവള്‍ കവിളിലൊരുമ്മ തന്നപ്പോള്‍ ഒരു ചുടു നിശ്വാസം എന്റെ മുഖത്ത് തഴുകി അലിഞ്ഞില്ലാതായി.

"തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്‌. നിന്റെ സര്ഗാത്മകതക്ക് മേല്‍ കാലത്തിന്റെ കയ്യൊപ്പുന്ടാകില്ല എന്നാരു കണ്ടു? നീ എഴുതുക. നഷ്ടങ്ങളൊക്കെയും നിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാക്കി മാറ്റാന്‍ നിനക്ക് കഴിയണം.."

അവളുടെ വാക്കുകള്‍ എനിക്കല്പം ആശ്വാസം പകര്‍ന്നു. എങ്കിലും മനസ്സ് റോജയിലേക്ക് തന്നെ...
പെട്ടെന്ന് റോജയോടൊത്തുള്ള ഒരു സംഭാഷണം ഓര്‍മ്മയില്‍ തെളിഞ്ഞു. ക്ലാരയോടുള്ള തന്റെ പ്രണയം ഒരു പക്ഷെ റോജയെ പോലും അസൂയപ്പെടുത്തിയിട്ടുണ്ടാകാം. അത് കൊണ്ടല്ലേ അന്നവള്‍ അങ്ങനെ പറഞ്ഞത്...

"എനിക്ക് ക്ലാരയാകാന്‍ തോന്നുന്നു. എന്നിട്ട് മഹേഷ്‌ ചേട്ടന്‍ തന്നെ എല്ലാ ദിവസവും വേഷം മാറി എന്റടുത്തു വന്നാ മതി."
"നിനക്കൊരിക്കലും ക്ലാരയാകാന്‍ സാധിക്കില്ല. കാരണം, ഒരിക്കലും എന്നെ സങ്കടപ്പെടുത്താന്‍ ക്ലാരയ്ക്കാവില്ല; ക്ലാര വെറുമൊരു കഥാപാത്രമാണ്. പക്ഷെ, എന്നെ വേദനിപ്പിക്കുവാന്‍, സങ്കടപ്പെടുത്തുവാന്‍ നിനക്ക് ആകും.."
ആ മറുപടി അവള്‍ക്കിഷ്ടപ്പെട്ടില്ല എന്ന് തോന്നി...തോന്നട്ടെ..അവളിപ്പോള്‍ അതല്ലേ ചെയ്യുന്നത്?

തികച്ചും അപ്രതീക്ഷിതമായാണ് മനസ്സില്‍ ചില സംശയങ്ങള്‍ ഉടലെടുത്തത്.
എന്ത് കൊണ്ടാണ് പൊടുന്നനെ ക്ലാരയെ കുറിച്ച് ഓര്‍മ്മിക്കുവാന്‍ കാരണം?
പതിവായി ട്രെയിനില്‍ മാത്രം യാത്ര ചെയ്യുന്ന താന്‍ അവസാന നിമിഷം ടിക്കറ്റ് ശരിയാകാത്തത് കൊണ്ട് ബസില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചതും നീഹാര എന്ന പെണ്ണിനെ തികച്ചും വിത്യസ്തമായ ഒരു സാഹചര്യത്തില്‍ പരിചയപ്പെടാന്‍ ഇടയായതും കേവലം യാദൃശ്ചികത മാത്രമോ?
ഇതേ ബസില്‍ വേറെയും പലരും യാത്ര ചെയ്യുന്നുണ്ടായിട്ടും എന്ത് കൊണ്ടാണ് നീഹാര തന്നെ തേടി വന്നത്? ഒരു തരത്തില്‍ പറഞ്ഞാല്‍, തന്നെ മാത്രം കാത്തിരുന്ന രീതിയില്‍ ആയിരുന്നില്ലേ അവളുടെ പെരുമാറ്റം ?

അവള്‍ ഒരു നിഗൂഡത ആണെന്നും അവളുടെ ആഗമനോദ്ദേശം തന്നെ മറ്റെന്തോ ആണെന്നും എനിക്ക് തോന്നിത്തുടങ്ങി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു നാടകീയത അവള്‍ക്കു ചുറ്റും ഒളിച്ചിരിക്കുന്ന പോലെ. എന്താണത്?

മനസ്സാകെ അസ്വസ്ഥമാകുന്നതും സൂചി കുത്തുന്ന മാതിരിയുള്ള ഒരു തലവേദന എന്നെ കീഴ്പ്പെടുത്തുന്നതും ഞാനറിഞ്ഞു. കലുഷിതമായ മനസ്സിലിപ്പോള്‍ റോജയില്ല; ക്ലാരയും നീഹാരയും മാത്രം. ഞാന്‍ അറിയാതെ കണ്ണടച്ചു. അലോസരപ്പെടുത്തുന്ന ചില നിറങ്ങള്‍ കണ്‍മുന്നിലൂടെ ചീറിപ്പാഞ്ഞു. ചെവിയില്‍ ഒരു മുരളല്‍ പ്രകമ്പനം ചെയ്യുന്നു. അല്‍പനേരം അങ്ങനെ തുടര്‍ന്നു; പിന്നെയെല്ലാം ശാന്തമാകുന്ന പോലെ...

ചരിഞ്ഞ് കിടന്ന്, തലയുയര്‍ത്തി നീഹാരയുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
"സത്യം പറ, നീ ക്ലാരയല്ലേ??? "
"ഏത് ക്ലാര..? "
"നിന്റെ പേരന്തെന്നാണ് പറഞ്ഞത്? "
"ഇത്ര പെട്ടന്ന് മറന്നോ? നീഹാര....."

നീഹാര...
നീഹാരം എന്നാല്‍ തൂവാനം...തൂവാനത്തുമ്പികള്‍..
തൂവാനതുമ്പികളിലെ ക്ലാര...ഇവള്‍ ക്ലാര തന്നെ ആയിരിക്കാനാണ്‌ സാധ്യത.
ഞാന്‍ അവളുടെ ദേഹത്തിന് മുകളില്‍ കൂടി കൈയ്യിട്ട് കര്‍ട്ടന്‍ മാറ്റി, ഗ്ലാസ്സിട്ട ജനാലയിലൂടെ പുറത്തേക്ക് നോക്കി. പുറത്തു മഴ പെയ്യുന്നുണ്ട്. ക്ലാരയുടെ സാമീപ്യം ജയകൃഷ്ണന്‍ അറിഞ്ഞപ്പോഴെല്ലാം മഴ കൂട്ടിനുണ്ടായിരുന്നു.. ബസില്‍ കയറും മുന്‍പ്, നീഹാരയെ ആദ്യം കണ്ടപ്പോഴും എവിടെ നിന്നോ വന്ന ഒരു ചാറ്റല്‍ മഴ ഞങ്ങളെ നനച്ചു പോയില്ലേ? ആ മഴത്തുള്ളികളുടെ അംശം ഇപ്പോഴും എന്റെ കണ്ണടയുടെ ചില്ലില്‍ നിന്നും മാഞ്ഞിട്ടില്ല.

ഞാന്‍ ഉറപ്പിക്കുന്നു.
ഇവള്‍ നീഹാരയല്ല, ക്ലാരയാണ്..
എന്റെ പ്രിയ്യപ്പെട്ട ക്ലാര.
"നീ ക്ലാരയാണ്..എന്റെ ക്ലാര" ഞാന്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചു.
"ക്ലാരയോ ? ഞാനോ ? "
അവളുടെ ഗൂഡമായ മന്ദഹാസം ഞാന്‍ കണ്ടില്ല എന്ന് നടിച്ചു.
ഒരു വശത്തേക്ക് വിടര്ത്തിയിട്ടിരുന്ന അവളുടെ മുടിയിഴകളെടുത്ത് ഞാന്‍ മണത്തു നോക്കി...പുതുമഴയുടെ ഗന്ധം. ക്ലാരയുടെ മുടിക്കും ഈ ഗന്ധം തന്നെ ആയിരിക്കും ഉണ്ടായിരുന്നിരിക്കുക; തീര്‍ച്ച.

ഈ രാത്രിയിലെ എല്ലാ നാടകീയതക്കും ഒരുതരം മാത്രമേ ഉള്ളൂ എന്ന് ഞാനറിയുന്നു. ക്ലാര എന്ന ഉത്തരം.
ഞാനവളുടെ ചുണ്ടുകളില്‍ അമര്‍ത്തി ചുംബിച്ചു. അവളുടെ നെഞ്ചില്‍ തല ചായ്ച്ച് വെച്ച് ഞാന്‍ കിടന്നു. എന്റെ മുടിയിഴകളിലൂടെ അവള്‍ വിരലോടിച്ചു കൊണ്ടിരുന്നു. പൊടുന്നനെ വീണ്ടും തല പെരുക്കുന്നത് പോലെ. കണ്പോളകള്‍ക്ക് ഭാരം വര്‍ദ്ധിച്ചു..കണ്ണുകളടഞ്ഞു..അങ്ങനെ ഉറക്കത്തിലേക്ക് വഴുതി വീണു.

ഉറക്കത്തിലെപ്പോഴോ ഞാനൊരു സ്വപ്നം കണ്ടു. ഏതോ മണലാരണ്യത്തില്‍ ചുടുകാറ്റേറ്റ് തളര്‍ന്നു ഞാന്‍ വേച്ചു വേച്ചു നടക്കുകയാണ് . എവിടെ നിന്നോ ഒരു പൂമ്പാറ്റ എന്റെ കയ്യില്‍ വന്നിരുന്നു. എനിക്കല്പം ആശ്വാസം തോന്നി. പൊടുന്നനെ അതിന്റെ ചിറകുകള്‍ വലുതാകുകയും അതിനൊരു ഭീമാകാരം കൈവരുകയും ചെയ്തു. അത് തന്റെ വലിയ ചുണ്ടുകള്‍ കൊണ്ടെന്നെ കൊത്തി മുറിവേല്‍പ്പിച്ച ശേഷം ചിറകുകള്‍ക്കുള്ളില് എന്നെ ഒതുക്കി ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഉയരങ്ങളില്‍, മേഘങ്ങള്‍ക്ക് തൊട്ടു താഴെ വെച്ച്‌, ആ രൂപത്തിന്റെ ചിറകുകള്‍ക്കുള്ളില്‍ നിന്നും കൂര്‍ത്ത മുള്ളുകള്‍ പുറത്ത് വന്ന് എന്റെ ദേഹമാസകലം തുളഞ്ഞു കയറി. എന്റെ മുറിവില്‍ നിന്നും വെളുത്ത രക്തം താഴേക്കു വീണു കൊണ്ടിരുന്നു. ഒടുവില്‍ ആ പക്ഷി ചിറകു കുടഞ്ഞ്‌ എന്നെ താഴേക്കിട്ടു.

ഞാന്‍ ഞെട്ടിയുണര്‍ന്നു...
വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു...
"എന്ത് പറ്റീ...?" നീഹാര ചോദിച്ചു.
"ഞാനൊരു സ്വപ്നം കണ്ടു..ഒരു പേടിപ്പിക്കുന്ന സ്വപ്നം"

എന്റെ തോളില്‍ മുഖമമര്‍ത്തി, എന്നെ കെട്ടിപ്പിടിച്ച് അവള്‍ പറഞ്ഞു...
"നിന്റെ മനസ്സ് ശാന്തമാകട്ടെ.. നീയുറങ്ങിക്കൊള്ളുക..മെല്ലെ മെല്ലെ.."
അവളെന്റെ നെറ്റിയില്‍ തലോടി; കൈവിരലുകളില്‍ അമര്ത്തിപ്പിടിച്ചു.
അവളുടെ സാന്ത്വനത്തില്‍ എന്റെ മനസ്സ് ശാന്തമാകുന്നത് ഞാനറിഞ്ഞു.
മെല്ലെ ഞാനുറങ്ങി; എല്ലാം മറന്ന് ഒരുറക്കം.

രാവിലെ ഉണര്‍ന്നപ്പോള്‍ ബസ് ബാംഗ്ലൂര്‍ എത്തിയിരുന്നു.
ഞാന്‍ ഞെട്ടി. നീഹാര അല്ല ക്ലാര കിടന്നിടം ശൂന്യം. അവളിതെവിടെ പോയി? ഒരു പക്ഷെ മടിവാളയില്‍ ഇറങ്ങിയിട്ടുണ്ടാകും. എന്നാലും തന്നോടൊരു വാക്ക് പറയാതെ പോയല്ലോ.

പെട്ടന്നാണത് ശ്രദ്ധിച്ചത്. എന്റെ ഇടതു കയ്യില്‍ അവളുടെ പച്ച നിറമുള്ള ഷാള്‍ കെട്ടിയിട്ടിരിക്കുന്നു.
ആ ഷാള്‍ അഴിച്ചെടുത്ത്‌ ഞാന്‍ മുഖത്തോടടുപ്പിച്ചു. അതിന് പുതുമഴയുടെ, ക്ലാരയുടെ സുഗന്ധം...
അതവള്‍ തന്നെ ആയിരുന്നു...എന്റെ എക്കാലത്തെയും പ്രിയ്യപ്പെട്ട പ്രണയിനി...എന്റെ ക്ലാര.
ആഴത്തില്‍ മനസ്സിനേറ്റ മുറിവിന്റെ നീറ്റലിലും പുകച്ചിലിലും ഞാന്‍ ഉഴറിയപ്പോള്‍, എന്നെ സ്വാന്ത്വനിപ്പിക്കാന്‍ എവിടെ നിന്നോ അവള്‍ വന്നു; എന്റെ പ്രിയ്യപ്പെട്ട ക്ലാര.

എന്നും ഏറ്റവും അധികം വേദനിക്കപ്പെടുമ്പോള്‍ ആള്‍ക്കൂട്ടത്തിലും ഏകനായി നിന്ന് തേങ്ങുമ്പോള്‍, മഴയായി, മഞ്ഞായി, പറവയായി നീയെന്നരികില്‍ വരുമെന്നെനിക്കറിയാം...
എന്റെ ഹൃദയരക്തം കിനിയുമ്പോള്‍, അതൊപ്പിയെടുക്കുവാന്‍, ഞാന്‍ കാത്തിരിക്കുന്നു...എന്റെ നീഹാരപ്പറവയ്ക്കായി...വരാതിരിക്കുവാന്‍ നിനക്കാവില്ലല്ലോ..നീ വരും. തീര്‍ച്ച..

47 comments:

  1. എന്നും ഏറ്റവും അധികം വേദനിക്കപ്പെടുമ്പോള്‍ ആള്‍ക്കൂട്ടത്തിലും ഏകനായി നിന്ന് തേങ്ങുമ്പോള്‍, മഴയായി, മഞ്ഞായി, പറവയായി അവള്‍ വരുന്നതും കാത്ത്.....എന്റെ നീഹാരപ്പറവയ്ക്കായി...

    ഈ കഥയുടെ ആദ്യഭാഗത്ത്‌ സൂചിപ്പിച്ചിരിക്കുന്ന കഥയ്ക്കുള്ളിലെ കഥ (ബ്ലോഗുകള്‍ കഥ പറയുമ്പോള്‍) വായിക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക..

    ReplyDelete
  2. ആരെയാണു കാത്തിരിക്കുന്നത്? നീഹാരയേയോ ക്ലാരയേയോ അതോ ബ്ലോഗർ നായികയേയോ? പ്രണയത്തിന്റെ ലീലാവിലാസങ്ങൾ...ഇങ്ങനെയെഴുതാനും തോന്നുന്നു..

    "പ്രണയം അഭിനയമാക്കിയവനേ
    നീ പ്രണയിച്ചത് നിന്നെമാത്രമല്ലേ
    നീയെത്ര പേരെ പ്രണയിച്ചു
    ഗിന്നസ് ബുക്കിലൊരു നാൾ
    നിന്റെ പേരു ഞാൻ കണ്ടേക്കും
    നീ പണത്തെയും പ്രണയിച്ചിരുന്നു
    അതല്ലേ നിനക്ക്
    തല താഴ്ത്തി നടക്കേണ്ടി വന്നത്
    കടം കൊണ്ട വരികൾ. എനി വേ കഥ നന്നായി ട്ടോ

    ReplyDelete
  3. കൈത്തണ്ടയില്‍ പച്ച ഷാള്‍ കെട്ടിയിട്ടു അവിടെ യുണ്ടായിരുന്ന വാച്ചും പോക്കറ്റില്‍ സൂക്ഷിച്ച പേഴ്സും ആ കരിം കള്ളി നീഹാര എന്ന നിന്റെ സ്വപ്നത്തിലെ ക്ലാര അടിച്ചു കൊണ്ട് പോയില്ലേ മോനെ മഹേശാ...സിനിമയുഇലൊക്ക കാണുന്നത് പോലെ യുള്ള പെണ്ണുങ്ങളെയും സ്വപ്നം കണ്ടു ക്ലാര ക്ലൂര എന്നൊക്കെ പറഞ്ഞു കാണുന്ന പെണ്ണുങ്ങളുടെ നെഞ്ചില്‍ തല വയ്ക്കാന്‍ ഇരുന്നാല്‍ ബാന്‍ഗ്ലൂര്‍ ക്കുള്ള വണ്ടി ക്കൂലിയും പോകും മറ്റു വഹകളും സ്വാഹ യാകും ..അവള്‍ അവളാണ് സൂപര്‍ ചോരി...ഒരു ഉമ്മയ്ക്ക് പകരം എന്തൊക്കെ യാണ് കിട്ടിയത് !!!!

    ReplyDelete
  4. ആകെ കൺഫ്യൂസ്ഡ് ആയീല്ലോ...ക്ലാര??? നീഹാര??? അതോ ബ്ലോഗറോ??? ആരാ നായിക ഇപ്പോ..

    കഥ കൊള്ളാം ട്ടോ

    ReplyDelete
  5. പ്രിയപ്പെട്ട മഹേഷ്‌,
    ക്ലാര ഒരു നിശ്വാസമായി,ഒരു വികാരമായി ആത്മാവില്‍ കൊണ്ട് നടക്കുന്നുണ്ട്,പലരും!
    ക്ലരയോടുള്ള ഇഷ്ടം,യഥാര്‍ത്ഥ ജീവിതത്തിലെ ഇഷ്ടങ്ങളെ ബാധിക്കാതിരിക്കട്ടെ !
    ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,
    സസ്നേഹം,
    അനു

    ReplyDelete
  6. @കിങ്ങിണിക്കുട്ടീ,
    ആദ്യ അഭിപ്രായത്തിന് അകമഴിഞ്ഞ നന്ദി...
    'ആരെയാണു കാത്തിരിക്കുന്നത്' എന്ന കിങ്ങിണിക്കുട്ടിയുടെ ചോദ്യത്തിന് ഉത്തരം എനിക്കറിയില്ല...
    വിശ്വസിച്ചാലും ഇല്ലെങ്കിലും ഒന്ന് മാത്രം പറയട്ടെ...അയാളിപ്പോഴും ബ്ലോഗിലെ നായികയെ പ്രണയിക്കുന്നു..

    പിന്നെ, "പ്രണയം അഭിനയമാക്കിയവനേ" എന്ന വരികള്‍ കടമെടുതെഴുതിയത് എന്നെ ഉദ്ദേശിച്ചാണോ :-)
    എന്റെ അഭിനയം അത്രയ്ക്ക് നന്നാവുന്നില്ല എന്നാണു പൊതുവേയുള്ള പരാതി...
    കഥ നന്നായി എന്ന അഭിപ്രായം ഹൃദയത്തില്‍ തട്ടി എഴുതിയതാണെന്ന് വിചാരിച്ചോട്ടെ...?

    @രമേശ്‌ അരൂര്‍...
    വാച്ചോ പേഴ്സോ എന്നല്ല ജീവിതം തന്നെ നഷ്ടപ്പെട്ടിട്ടായാലും ഒരു കഥ കിട്ടുമെങ്കില്‍ ഞാന്‍ അതിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്...
    പണ്ട് എന്റെ പേഴ്സ് നഷ്ടപ്പെട്ടപ്പോള്‍ ഒരു പോസ്റ്റ്‌ ഞാന്‍ ഇട്ടിരുന്നു..അതിവിടെ വായിക്കാവുന്നതാണ്...: ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു

    @സീത
    ചോദ്യം ആരെ കുറിച്ചാണ് കഥയിലെ നായികയെ കുറിച്ചോ അതോ ജീവിതത്തിലെ നായികയെ കുറിച്ചോ?
    കഥയിലെ നായികയെ കുറിച്ചാണെങ്കില്‍ പറയാം.. ജീവിതമാണെങ്കില്‍ മിക്കവാറും അടൂരിന്റെ 'മതിലുകള്‍' എന്ന സിനിമ പോലെ ആയേക്കും..:-)

    @അനുപമ
    വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.. അനു പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്..
    ക്ലാരയോടുള്ള ഇഷ്ടം എന്റെ ജീവിതത്തിലെ ഇഷ്ടങ്ങളെ ബാധിക്കില്ല എന്ന് പ്രത്യാശിക്കാം...
    പക്ഷേ, ജീവിതത്തിലും കഥയിലും ക്ലാരയുടെ സ്വാധീനം വളരെ വലുതാണ്‌...:-)

    ReplyDelete
  7. മഹേഷ്,ചിലകഥാപാത്രങ്ങൾ അങ്ങനെയാണു..നമ്മെ വിടാതെ പിന്തുടരും.കിങ്ങിണിക്കുട്ടി,നായിക ക്ലാരയല്ലേ?പിന്നെ ആ കവിത ആരുടെയായാലും അതിൽ കവിത മാത്രം ഇല്ല കേട്ടൊ.അത് ഇവിടെ പറഞ്ഞതു അത്ര ഉചിതമായി തോന്നിയില്ല.കഥ നന്ന്..

    ReplyDelete
  8. സ്വപ്‌നങ്ങള്‍ കൂടുകെട്ടിയ മായക്കാഴ്ചകള്‍ ചിന്തകളിലൂടെ.

    ReplyDelete
  9. യഥാര്‍ത്ഥസ്നേഹം മഹേഷിനെ തേടിവരട്ടെ.. ആശംസകള്‍.. :) ഇനി കഥയെക്കുറിച്ചാണെങ്കില്‍ നല്ല ഒഴുക്കുണ്ടായിരുന്നു , ഫീല്‍ ഉണ്ടായിരുന്നു...

    ReplyDelete
  10. കഥയ്ക്ക്‌ നല്ല ഒഴുക്കുണ്ടായിരുന്നു...!
    മുഷിപ്പില്ലാതെ വായിച്ചു.
    പക്ഷെ .. കഴിഞ്ഞ കടയുടെ അത്ര നന്നായോന്നൊരു സംശയം
    എല്ലാ ആശംസകളും.

    ReplyDelete
  11. വളരെ നിലവാരം കുറഞ്ഞ രചനയായി പോയെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു .. :(

    ReplyDelete
  12. മഹേഷിനു ക്ലാര എന്ന കഥാപാത്രത്തിനെ കുറിച്ച് വളരെ അധികം തെറ്റിദ്ധാരണകൾ ഉണ്ടെന്നു തോന്നുന്നു. ചിലപ്പോൾ ഒരു പോസ്റ്റ് തന്നെ അതിനായി എഴുതേണ്ടി വരും !

    ReplyDelete
  13. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു . നായിക ഇല്ലെങ്ങില്‍ ക്ലാര . അതല്ലെങ്ങില്‍ നീഹാര . അതങ്ങനെ നീളുന്ന ലിസ്റ്റ്. .. ഒന്ന് പറയട്ടെ സങ്കല്‍പ്പ ലോകത്തിന്റെ അമരക്കാര നിങ്ങളുടെ വികാര തീവ്രമായ എഴുത്ത് കൊള്ളാം. .

    ReplyDelete
  14. ക്ലാരയെ ആവാഹിച്ചാവാഹിച്ച് ...എവിടെയെത്തും...?

    ReplyDelete
  15. “ ഞാന്‍ പ്രണയം അര്‍ഹിക്കാത്ത സമയത്ത് നീയെന്നെ പ്രണയിക്കുക.കാരണം അപ്പോഴാണു എനിക്കതേറ്റവും ആവശ്യം”
    കേട്ടിട്ടില്ലെ ഇത്. ആരോ പറഞ്ഞതാണു പണ്ട്. ചിലപ്പോള്‍ താങ്കളുടെ ബ്ലൊഗ് നായികക്കും ഇത് തന്നെയാകും പറയാനുണ്ടാകുക!!
    പിന്നെ ഈ ക്ലാരയില്‍ താങ്കളെന്താണു ഇത്ര മഹനീയമായ് കാണുന്നത്? എന്താണു അവള്‍ക്കിത്ര പ്രത്യേകത? മാനസികമായും ബുദ്ധിപരമായും അത്ര ഔന്നത്യത്തിലാണൊ ക്ലാര നില്‍ക്കുന്നത്?
    എല്ലാ പെണ്ണിലും ഒരു ക്ലാരയുണ്ട്. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും അതിതീവ്രമായ് ആഗ്രഹിക്കുമ്പോഴും അതൊക്കെ മറച്ച് വെച്ച് നിസ്സംഗതയോടെ പുഞ്ചിരിക്കാന്‍ കഴിയുന്ന ഒരു ക്ലാര. അത് മനസ്സിലാക്കാന്‍ കഴിയുക എന്നത് നിങ്ങളുടെ കാര്യം.

    ആശംസകളോടെ...
    (ഞാനോടി..)

    ReplyDelete
  16. എന്തരോ എന്തോ !!!!

    ReplyDelete
  17. ക്ലാര വരും….കാത്തിരിയ്ക്ക്..ഇനീം അവൾ വരും…വരുമ്പോൾ എന്റെ ഒരു ഹായ് പറഞ്ഞേക്കണേ…എനിക്കും ഇഷ്ടമാണ് ആ ആളെ…

    ReplyDelete
  18. പകുതി അവ്ടെ, പകുതി ഇവ്ടെ, പഴയ ബ്ലോഗര്‍, ക്ലാര, നീഹാര...ഹ! ആകെ കണ്‍ഫ്യൂഷനായി.

    "ഈ കഥ അവള്‍ വായിച്ചോ "
    "ഉം... വായിച്ചു...."
    "എന്നിട്ട് "
    "അവള്‍ പൊട്ടിച്ചിരിച്ചു കാണും.."
    "അതെങ്ങനെ നിനക്കറിയാം...?"
    "എനിക്കറിയാം..."

    അപ്പൊ അറിയാം അത് വായിച്ചാല്‍ അവള് പൊട്ടിചിരിക്കും എന്ന്. ആ ബ്ലോഗില്‍ ചെറുതും ഒന്ന് ചിരിച്ചിരുന്നു. അതിനുള്ള കാരണം എന്താണെന്ന് കഥാകാരന് തന്നെ മനസ്സിലാക്കാന്‍ പ്രയാസം കാണില്ല ;)

    എന്തായാലും കഥ പറയാനൊരു പ്രത്യേക കഴിവുണ്ട്. പല ആംഗിളില്‍ നിന്ന്! :‌)

    ആശംസോള് ട്ടാ!

    ReplyDelete
  19. തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം.
    ഇതെനിക്ക് വളരെ ഇഷ്ടമായി.
    പ്രണയം മാത്രമല്ല, വേദനകള്‍ നിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ നല്ല കൃതികളെ അത് വളരെ സഹായിക്കും.

    /അജ്ഞാതന്‍/

    ReplyDelete
  20. പ്രണയം ഭ്രാന്താണ് എന്ന് പണ്ട് ഒരു ഭ്രാന്തന്‍ പറഞ്ഞിട്ടുണ്ട്... അതോ മഹേഷാണോ പറഞ്ഞത്?

    ReplyDelete
  21. വെറുതെ വന്നതാ ഈ വഴി ...അപ്പോളൊരു ക്ലാര അല്ലല്ല നീഹാര ..
    ബസ്സും കാത്തു നില്‍ക്കുന്നു .... അതുമീ കൊച്ചിയില്‍ ..
    കണ്ടിട്ട് മിണ്ടാതെ പോകാന്‍ തോന്നിയില്ല ...

    കൊള്ളാട്ടോ .. നന്നായി ..
    രമേശേട്ടന്‍ പറഞ്ഞ പോലെ .എന്തൊക്കെ കട്ടോണ്ട് പോയോ ആവോ ..?

    ReplyDelete
  22. നല്ല ഒഴുക്കോടെ വായിച്ചു.

    ReplyDelete
  23. വായിച്ചു... പക്ഷെ.... എന്തോ ഒരു ...
    അല്ലെങ്കില്‍ വേണ്ട... ഒന്നും ഇല്ല :))

    ReplyDelete
  24. കഥ എനിക്കിഷ്ടപ്പെട്ടു, അതിലെ അവ്യക്തതകൾ കൂടുതൽ കഥയെ കൂടുതൽ മനോഹരമാക്കിയ പോലെ. പെൺകുട്ടികളുടെ ഉത്സവപ്പറമ്പു പോലൊരു മനസ്സ് !

    ReplyDelete
  25. നീഹാര..നല്ല പേര്..പക്ഷെ കയ്യില്‍ ഇരിപ്പ് ശരിയല്ലല്ലോ..നല്ല ഒഴുക്കുണ്ടായിരുന്നു കഥയ്ക്ക്‌..ബോറടിപ്പിക്കാത്ത ആഖ്യാന ശൈലി ..വീണ്ടും കാണാം...ആശംസകളോടെ..

    ReplyDelete
  26. നീഹാര എന്ന പേര്‍ എനിക്കുമിഷ്ടപ്പെട്ടു. ഞാന്‍ മുന്‍പൊരിക്കല്‍ സൂചിപ്പിച്ചപോലെ ദേ വീണ്ടും ക്ലാരയുടെ കാമുകന്‍ ഇറങ്ങി. ബാംഗ്ലൂര്‍ ഭാഗമായത് കൊണ്ട് കുഴപ്പമില്ല. അംബരിഷിന്റെ കണ്ണില്‍ പെടാതെ നോക്കിക്കോ.. മഹേഷേ.. ക്ലാരയെ നോക്കി വന്നതാണെന്ന് പറഞ്ഞാലൊന്നും അംബരീഷ് സമ്മതിച്ചേക്കില്ല. പത്മരാജന്‍ വന്ന് പറഞ്ഞാലും അംബരീഷ് ഇടിക്കോട്ടാ :)

    ReplyDelete
  27. നല്ല ഒഴുക്കുണ്ടായിരുന്നു കഥ വായിക്കാൻ..
    എല്ലാ പ്രണയിനിമാരെ കുറിച്ചും എഴുതൂ..ക്ലാര,ബ്ളൊഗർ,നിഹാര...തുടരട്ടെ! സർവ്വ വിധ ആശംസകളും നേരുന്നൂ....

    ReplyDelete
  28. മഹേഷ് ജി,
    ഇവിടെ വരുന്നത് വളരെ പ്രതീക്ഷയോടെയാണ്. ഇച്ചിരി
    നിരാശപ്പെടുത്തി എന്ന് പറഞ്ഞാൽ വിഷമമാകുകയില്ല എന്ന് കരുതുന്നു. ഇത് ഒരു പൈങ്കിളി പ്രണയം പോലെ തോന്നി.

    പിന്നെ മഹേഷ് ജി ഭാഗ്യവാൻ തന്നെ, എല്ലാ യാത്രയിലും എത്രയെത്ര കുട്ടികളാണ്. ഹൊ!!
    [ഒന്നു കൂടെ തന്നിട്ട് ഓടുന്നു,] എല്ലാരും ഇത് എന്റെ ക്ലാരയാണ് അതെ ഇതെന്റെ ക്ലാരയാണ് എന്ന തോന്നൽ പെട്ടന്ന് മാറ്റിയാൽ രക്ഷപ്പെടും. :))

    ReplyDelete
  29. നീഹാര,റോജ കഥാപാത്രങ്ങളുടെ പേരൊക്കെ കൊള്ളാല്ലോ.:)
    ‘കഥയ്ക്കുള്ളിലെ കഥ’ പോസ്റ്റൊക്കെ വെച്ച് നോക്കുമ്പോള്‍, യാത്രയ്ക്കിടയില്‍ വന്ന് ഭവിച്ച യാദൃശ്ചികതകള്‍ക്ക് ഒരു യാഥാര്‍ത്ഥ്യബോധം കൊടുക്കാനായോ എന്നൊരു സംശയം.പെട്ടെന്ന് മുഴുമിക്കണമെന്നൊരു ധൃതി കഥയില്‍ വന്ന പോലെ. എന്തായാലും പറന്നകന്ന പറവ വേഗം തിരിച്ചെത്തട്ടെ :)

    ReplyDelete
  30. മഹേഷ് ....
    മനസ്സു കൊണ്ടും ശരീരം കൊണ്ടും വ്യഭിചരിക്കാത്തവര്‍ ഉണ്ടാകില്ല..

    വാക്കുകളും വരികളും നന്നായിട്ടുണ്ട്..പക്ഷേ .....

    ആ നായിക ...അത് നിന്റെ ഭാവന മാത്രമല്ലേ??
    ക്ലാരയും റോജയും നീഹാരയും നീ കണ്ട സ്ത്രീയുടെ വിവിധ മുഖങ്ങള്‍ ...

    സ്ത്രീ യെ നിര്‍വചിക്കാനാവില്ല ... അവളുടെ മനസ്സും...

    ആശംസകള്‍ ............................

    ReplyDelete
  31. കഥ കൊള്ളാം

    സത്യം പറ
    എത്ര രൂപ പോയി ?

    ReplyDelete
  32. the story is nice and very interesting to read...... the plot, idea and narration are really good.....the story is right from the heart, sincere and intimate and the originality is there.....but realism is missing, right from the start and it didn't leave a lingering and intense feeling in the mind of a reader like me.

    ReplyDelete
  33. ക്ലാ..ക്ലാ....ക്ലീ..ക്ലീ..

    മുറ്റത്തൊരു ക്ലാരേടെ ശബ്ദം..!
    മഹേഷ് തിരിഞ്ഞുനോക്കി..!
    കണ്ടത് നീഹാരയെ...!!

    എഴുത്ത് നന്നായിട്ട്ണ്ട് കേട്ടോ..
    ഒത്തിരിയാശംസകള്‍...!!

    ReplyDelete
  34. ഹോ..ക്ലാരയെ വിട്ടില്ലെ ഇത് വരെ...!!
    വയനാട് കാണണോങ്കി അത് വരെ വരൂ...

    ആശംസകള്‍..

    ReplyDelete
  35. ഇതെന്തോന്ന് കഥയാ മഹേഷ്‌. ജിന്ന് കൂടുക, പ്രേതം കൂടുക എന്നൊക്കെ കേട്ടിട്ടുണ്ട്. ക്ലാര കൂടുക എന്ന് ആദ്യമായി കേള്‍ക്കുകയാണ്. താങ്കളില്‍ നിന്നും ഇത്ര നിലവാരം? പ്രതീക്ഷിച്ചില്ല.

    :(

    ReplyDelete
  36. നല്ലൊരു കഥ. വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍

    ReplyDelete
  37. വളരെ അവിചാരിതമായിട്ടാണ് ഈ ക്ളാരയുടെ
    മുഖം കണ്ടു കയറിയതാണ്.ഇതു വായിച്ചപ്പോ ഞാന്‍ എന്റെ സുഹൃത്തിനെ
    ഓര്‍ത്തു,കാരണം അയാളും ഇതുപോലെ
    ക്ളാരയെ അന്തമായി പ്രണയിക്കുന്നു...ഓരോ വട്ടുകള്‍ അല്ലെ.
    പ്രതീക്ഷ ..പലരും പലരില്‍ നിന്നും പലതും പ്രതീക്ഷിക്കുന്നു.
    അവസാനം ഒന്നും കിട്ടാതെ വരുമ്പോ നിരാശരാകുന്നു..

    ReplyDelete
  38. ഒരു സാധാരണ മലയാളി പുരുഷന്റെ ഉള്ളിലെ അമര്‍ത്തി വെച്ച , ഒളിച്ചു വെച്ച മോഹം , സ്വപ്നം ആണ് ക്ലാര.
    സദാചാരത്തിന്റെ കപടതയില്‍ മുഖം മറച്ചു, സമൂഹത്തിന്‍റെ
    വിലക്കുകളില്‍ വിധേയനായി ജീവിക്കുന്ന ഒരു മലയാളി പുരുഷന്‍ എന്നും തേടിക്കൊണ്ടേ ഇരിക്കും ഒരു ക്ലാരയെ... എന്നും.

    ReplyDelete
  39. തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്‌.
    ആയിരിക്കാം ...

    മഹേഷേട്ടാ എഴുത്ത് ഒരുപാടു ഇഷ്ടപ്പെട്ടു ..

    പറയാനായോ ചൂണ്ടി കാണികകാനായോ ഒന്നും തന്നെ

    ബാക്കിയില്ല .. യാത്രക്കാരന് ഇന്നത്തെ ദിവസം നല്ല മൂഡില്‍
    ഉറങ്ങാം.. "പകല്‍ നക്ഷത്രങ്ങള്‍ " എന്ന സിനിമ കണ്ടിരുന്നോ ?

    ഇല്ലെങ്കില്‍ കാണുക .. ബോക്സ്‌ ഓഫീസില്‍ തകര്‍ന്നെങ്കിലും

    മനോഹരമായ ഒരു ഫിലിം ... പറ്റുമെങ്കില്‍ കാണുക .. മഹേഷേട്ടനോടു

    മാത്രമല്ല എല്ലാവരോടും ....

    ReplyDelete
  40. തിരസ്ക്കരിക്കപ്പെട്ട പ്രണയമാണ് ഒരെഴുത്തുകാരന്റെ ഏറ്റവും വലിയ പ്രചോദനം. ആ പ്രചോദനത്തില്‍ നിന്നാണ് മഹത്തായ സൃഷ്ടികള്‍ ജന്മം കൊള്ളുന്നത്‌.
    ശരിയാ :( ...

    മഹേഷേട്ടാ എഴുത്ത് ഒരുപാടു ഇഷ്ടപ്പെട്ടു ..

    പറയാനായോ ചൂണ്ടി കാണികകാനായോ ഒന്നും തന്നെ

    ബാക്കിയില്ല .. യാത്രക്കാരന് ഇന്നത്തെ ദിവസം നല്ല മൂഡില്‍
    ഉറങ്ങാം.. "പകല്‍ നക്ഷത്രങ്ങള്‍ " എന്ന സിനിമ കണ്ടിരുന്നോ ?

    ഇല്ലെങ്കില്‍ കാണുക .. ബോക്സ്‌ ഓഫീസില്‍ തകര്‍ന്നെങ്കിലും

    മനോഹരമായ ഒരു ഫിലിം ... പറ്റുമെങ്കില്‍ കാണുക .. മഹേഷേട്ടനോടു

    മാത്രമല്ല എല്ലാവരോടും ....

    ReplyDelete
  41. പുതിയ കഥകള്‍ ഒന്നുമില്ലേ..?

    ReplyDelete