ഒരിക്കലും ഉത്തരം കിട്ടാതെ, ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചിട്ടുള്ള ഒരു ചോദ്യം. ക്ലാര എനിക്കാരാണ്?
മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ ക്ലാര കൂടുകൂട്ടിയിട്ടു ഇപ്പോള്‍ ഒരു പത്തു വര്‍ഷമെങ്കിലും ആയി കാണും..അതായത് പപ്പേട്ടന്റെ തൂവാനതുമ്പികള്‍ കണ്ടിട്ട് അത്രയും നാളായി എന്നര്‍ത്ഥം.
ക്ലാര എനിക്ക് വെറുമൊരു കഥാപാത്രമല്ല. ക്ലാര എവിടയോ ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുവാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നു. അത്രത്തോളം ആ കഥാപാത്രം എന്നിലലിഞ്ഞു ചേര്‍ന്നിരിക്കുന്നു...
പ്രിയപ്പെട്ട ക്ലാരേ, കപട സദാചാരത്തിന്റെ പൊയ്മുഖങ്ങളില്ലാതെ ഈ ലോകത്തോട് മുഴുവന്‍ വിളിച്ചു പറയാന്‍ ഞാനൊരുക്കമാണ്, എനിക്ക് നിന്നോട് പ്രണയമാണെന്ന്. എന്തിനു വേണ്ടി എന്നെനിക്കറിയില്ല. നിന്റെ സ്നേഹത്തിനായി മറ്റൊരു മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആകാന്‍ അറിയാതെ മനസ്സ് കൊതിക്കുകയാണ്.
നിന്നിലൂടെയാണ് ഞാന്‍ പപ്പേട്ടന്‍ എന്നാ പദ്മരാജന്‍ മാഷിനെ ഇഷ്ടപ്പെട്ടത്...
നിന്നിലൂടെയാണ് ഞാന്‍ സുമലതയെ ഇഷ്ടപ്പെട്ടത്...
ഇന്ന് നിനക്കായ് എഴുതുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
നിനക്കായി ഒരുപിടി കഥകള്‍...
അങ്ങനെ എന്റെ പ്രണയം ഞാന്‍ ലോകത്തെ അറിയിക്കട്ടെ.
ഒരുപക്ഷെ അവ വായിച്ചു കഴിഞ്ഞ് തീര്‍ത്തും നിലവാരം കുറഞ്ഞ സൃഷ്ടികള്‍ എന്ന് വിലയിരുത്തി നീ പൊട്ടിച്ചിരിച്ചേക്കാം. എങ്കിലും ഞാന്‍ എഴുതി കൊണ്ടേയിരിക്കും. കാരണം എനിക്ക് നിന്നെ അത്രമേല്‍ ഇഷ്ടമാണ്..
നിനക്ക് തുല്യം നീ മാത്രം. പകരം വക്കാനാവാത്തതാണ് നിന്റെ വ്യക്തിത്വവും നിന്നോടുള്ള എന്റെ ആരാധനയും.. നിന്റെ തങ്ക വിഗ്രഹത്തിനു ചുറ്റും അണി നിരത്താന്‍ കല്ലില്‍ തീര്‍ത്ത ഒരുപിടി ക്ലാരമാരെ സൃഷ്ടിക്കുവാന്‍ ഞാനൊരു എളിയ ശ്രമം നടത്തുകയാണ്.
ഞാനെഴുതി കൂട്ടുന്നവ തെറ്റുകളും കുറവുകളും നിറഞ്ഞ മണ്ടത്തരങ്ങള്‍ ആണെങ്കില്‍ എന്നോട് നീ സദയം പൊറുക്കുക. നിന്റെ പേരിനു ഒരിക്കലും ഒരു കളങ്കമാകാത്ത വിധത്തില്‍, നിന്റെ പിതാവായ പപ്പേട്ടനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ ഇവിടെ തുടങ്ങുകയാണ്, നീ ഈ എളിയ ആരാധകനെ അനുഗ്രഹിച്ചാലും!!
എന്റെ എത്രയും പ്രിയപ്പെട്ട ക്ലാരയ്ക്ക് വേണ്ടി ഈ ബ്ലോഗ് ഞാന്‍ സമര്‍പ്പിച്ചു കൊള്ളുന്നു...