ഈ ബ്ലോഗും ഇതിലെ കഥകളും പപ്പേട്ടന്റെ തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിലെ, ഉദകപ്പോള എന്ന നോവലിലെ ക്ലാര എന്ന അനശ്വര കഥാപാത്രത്തിനായി സമര്‍പ്പിക്കുന്നു.

Sunday, January 1, 2012

സമീര

സിക്സ്റ്റീന്‍ സ്ക്വയറിലെ എന്റെ പത്താം നമ്പര്‍ അപ്പാര്‍ട്ട്മെന്റിലേക്ക്, അന്ന് വൈകിട്ട് അവള്‍ അപ്രതീക്ഷിതമായി കടന്നു വന്നത് എന്നെ തെല്ലു നിരാശനാക്കാതിരുന്നില്ല. ഒരു നിശാപാര്ട്ടിയില്‍ പങ്കെടുക്കാനായി ബ്രിഗേഡ് റോഡ്‌ വരെ ശരവണനോടൊപ്പം പോകാന്‍ പദ്ധതിയിട്ടിരുന്നപ്പോഴായിരുന്നു അവളുടെ വരവ്.

ശരവണനെ ഫോണില്‍ വിളിച്ചു വരാന്‍ സാധിക്കില്ല എന്നറിയിച്ചപ്പോള്‍ അവന്‍ ചീത്ത പറയാന്‍ ഭാവിച്ചെങ്കിലും, കാരണം അവളാണെന്നറിഞ്ഞപ്പോള്‍ നിശ്ശബ്ദനായി.

"എന്താ ഞാന്‍ വന്നത് ഒരു ബുദ്ധിമുട്ടായോ...?"
"ഏയ്‌...ഒരിക്കലുമില്ല...." ഞാന്‍ ചിരിക്കുവാന്‍ ശ്രമിച്ചു.
അവള്‍ പതിവിലും സുന്ദരിയായിരിക്കുന്നു. ഭ്രമിപ്പിക്കുന്ന ഒരു നറുമണം അവളില്‍ നിന്നും എന്നിലേക്ക്‌ ഒഴുകിയെത്തുന്നത് ഞാനറിഞ്ഞു.

ഫ്രിഡ്ജ് നിറയെ വിവിധ വര്‍ണ്ണങ്ങളില്‍ അടുക്കി വെച്ചിരിക്കുന്ന ബിയര്‍ നിറഞ്ഞ കുപ്പികളില്‍ നിന്നും ഒരെണ്ണം മേശപ്പുറത്തു എടുത്തു വെച്ചശേഷം അവളെന്നെ കളിയാക്കി.
"ബിയര്‍ കുടിയന്‍...
എനിക്കുള്ളത് വേറെ കൊണ്ടുവന്നിട്ടുണ്ട്..."

വാനിറ്റി ബാഗില്‍ നിന്നും അവള്‍ റഷ്യന്‍ നിര്‍മ്മിത 'ഗോര്‍ബച്ചേവ്' വോഡ്ക്ക എടുക്കുന്നതും, ഒരു ഗ്ലാസിലേക്കു ബിയറും മറ്റൊരു ഗ്ലാസ്സിലേക്ക്‌ വോഡ്ക്കയും പകരുന്നത് നോക്കി ഞാന്‍ ഇരുന്നു.

"ബിയര്‍ കുടിയാ ചിയേഴ്സ്...." ഗ്ലാസ്സുകള്‍ തമ്മില്‍ കൂട്ടി മുട്ടിച്ചപ്പോള്‍ അവള്‍ ഓര്‍മ്മിപ്പിച്ചു... "ഐ കോണ്ടാക്റ്റ്...!"

സുറുമയിട്ട അവളുടെ കണ്ണുകളുടെ തിളക്കത്തിലേക്കു ഞാന്‍ ഉറ്റു നോക്കി. മദ്യം പിടിച്ച കൈകളില്‍ മൈലാഞ്ചിയുടെ ഭംഗി. ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ മനസ് അറിയാതെ പിന്നോട്ട് പോയി....

ഒന്നരവര്‍ഷത്തോളം മുന്‍പാണത്...
'നൈറ്റ് ഇലവണ്‍' ഡാന്‍സ് ബാറില്‍ മനോഹരമായി ചുവടുകള്‍ വെച്ച് നീങ്ങുന്ന ഒരു പെണ്‍കുട്ടി, അവള്‍ മലയാളി ആണോയെന്ന് ബലമായ ഒരു സംശയം. അവളുടെ പദചലനങ്ങളിലും കൈമുദ്രകളിലും അവള്‍ പോലുമറിയാതെ പ്രത്യക്ഷപ്പെട്ട മോഹിനിയാട്ടത്തിന്റെ സ്വാധീനമാണ് അങ്ങനെ ഒരു ചിന്ത മനസ്സില്‍ കോരിയിട്ടത്.

ബംഗ്ലൂരിലെ എത്രയോ ഡാന്‍സ് ബാറുകളില്‍ കയറിയിറങ്ങിയിരിക്കുന്നു. ഒരിടത്തും ഒരക്ഷരത്തെറ്റായി പോലും ഒരു മലയാളി നര്‍ത്തകിയെ കണ്ടെത്താന്‍ ഇന്നേവരെ സാധിച്ചിട്ടില്ല. അവളെ അരുകില്‍ വിളിച്ച്, വെയിറ്റര്‍ ചില്ലറ മാറി തന്ന പുത്തന്‍ പത്തു രൂപാ നോട്ടുകളുടെ കെട്ടില്‍ നിന്നും പകുതി എടുത്ത് ഓരോന്നായി അവളെ ഏല്‍പ്പിക്കവേ അവളുടെ കണ്ണുകള്‍ ഞാന്‍ പഠിക്കാന്‍ ശ്രമിക്കുകയായിരുന്നു...

ഉറക്കെ അലയടിക്കുന്ന ഹിന്ദി പാട്ടിന്റെ ആരവത്തില്‍ നിന്നും രക്ഷ നേടാന്‍ അവളുടെ ചെവിയില്‍ മുഖം അടുപ്പിച്ച് ഞാന്‍ ചോദിച്ചു.

"യുവര്‍ ഗുഡ് നെയിം പ്ലീസ്..."
"പുനം." തിരിച്ചവളെന്റെ ചെവിയില്‍ പറഞ്ഞു.
"ആര്‍ യു എ മലയാളി..?"
"നോ. ഐ ആം ഫ്രം യു.പി"

അങ്ങനെ അത്ര പെട്ടന്നൊന്നും അവളെനിക്കു പിടി തരില്ല എന്നുറപ്പായിരുന്നു. അതിനാല്‍, പിന്നീടുള്ള എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഞാനും ശരവണനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. മദാലസരായ തരുണീമണികള്‍ പലരും
മുന്നിലൂടൊഴുകി നടക്കുമ്പോഴും അവളെ മാത്രം നോക്കിയിരുന്ന് കൊണ്ട് ഞാന്‍ 'കാള്‍സ്‌ബെര്‍ഗ്' ബിയര്‍ ചുണ്ടുകളോട് ചേര്‍ത്തു. ചിലപ്പോള്‍ എന്റെ നോട്ടം അവളെ അലോസരപ്പെടുത്തുന്നതായും മറ്റു ചിലപ്പോള്‍ അവളതാസ്വദിക്കുന്നതായും എനിക്ക് തോന്നിയിരുന്നു. ഡാന്‍സ് ബാറിലെ വെയിറ്റര്‍മാരില്‍ പലരെയും കൈമടക്കു കൊടുത്തു പലതവണ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പറഞ്ഞതും അവള്‍ യു.പി.ക്കാരി ആണ് എന്ന് തന്നെ ആയിരുന്നു.

പത്തു രൂപ നോട്ടുകള്‍ കൊണ്ടവളെ അഭിഷേകം ചെയ്തും അഞ്ഞൂറിന്റെ നോട്ടുകള്‍ എണ്ണാതെ കൊടുത്തും ഞാനവളെ പ്രലോഭിപ്പിക്കുക പതിവായിരുന്നു. പക്ഷെ, മനോഹരമായ പുഞ്ചിരികള്‍ സമ്മാനിച്ചും ചിലപ്പോളൊരു ഹസ്തദാനം നല്‍കിയും മറ്റു ചിലപ്പോള്‍ ചെവിയില്‍ വന്നെന്തെങ്കിലും ഇംഗ്ലീഷില്‍ കുശു കുശുക്കിയും അതുമല്ലെങ്കില്‍ കവിളിലൊരുമ്മ തന്നും ഉള്ള നന്ദി പ്രകടനത്തില്‍ അവള്‍ എല്ലാം ഒതുക്കി.

എങ്ങനെയും അവളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു പിന്നീട് എന്റെ ശ്രമം. നൈറ്റ് ഇലവണില്‍ നിന്നും നൃത്തം കഴിഞ്ഞു അവളും മറ്റുള്ളവരും പുറത്തേക്കു പോകുന്നത് കണ്ടു പിടിക്കുക എന്നതായിരുന്നു ആദ്യത്തെ ഉദ്യമം. ബാറില്‍ നിന്നും പുറത്തേക്കു വരാനുള്ള വഴികള്‍ , ബാഹുലേയന്‍ മുഖേന വാടകയെക്കെടുത്ത കാറുകളില്‍ ഇരുന്നു കൊണ്ട് ഞങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചു.

ദിവസങ്ങളുടെ പ്രയത്നത്തിനൊടുവില്‍ അവള്‍ ഉണ്ടെന്ന് സംശയം തോന്നിയ ഒരു സ്കോര്‍പ്പിയോയെ പിന്തുടരാന്‍ ഞങ്ങള്‍ക്ക് സാധിക്കുകയും ചെയ്തു. പക്ഷെ ഞങ്ങളുടെ പോക്ക് അപകടത്തിലേക്കായിരുന്നു എന്ന് മനസിലാക്കാന്‍ വൈകിപ്പോയിരുന്നു. സിറ്റി ലിമിറ്റ് വിട്ടു തിരക്കൊഴിഞ്ഞ ഒരു ഭാഗത്ത്‌ എത്തിയപ്പോഴാണ് ആരൊക്കെയോ രണ്ടു കറുത്ത കാറുകളില്‍ ഞങ്ങളെയും പിന്തുടരുന്നു എന്ന വസ്തുത ശ്രദ്ധയില്‍ പെട്ടത്. സ്കോര്‍പ്പിയോയെ പിന്തുടരാനുള്ള ശ്രമം ഉപേക്ഷിച്ചു ഞങ്ങള്‍ കെംഗേരി റോഡിലേക്ക് തിരിഞ്ഞെങ്കിലും പുറകെയുള്ളവര്‍ വിടുന്ന ലക്ഷണം കണ്ടില്ല. ഏതൊക്കെയോ കുറുക്കു വഴികളിലൂടെയുള്ള ശരവണന്റെ ഡ്രൈവിംഗ് മാത്രമാണ് അന്ന് ഞങ്ങളെ രക്ഷിച്ചത്‌.

ആ സംഭവത്തിനു ശേഷം നൈറ്റ് ഇലവണില്‍ പോകാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ടായില്ല. 'പുനം' എന്ന് സ്വയം പരിചയപ്പെടുത്തിയ അവളെ കുറിച്ച് കൂടുതല്‍ അറിയാനുള്ള വഴികള്‍ അടഞ്ഞതില്‍ ഞാന്‍ അതീവ ദുഖിതനായിരുന്നു....

രണ്ട് മാസങ്ങള്‍ക്ക് ശേഷമുള്ള ഒരു ശനിയാഴ്ച ഉച്ച തിരിഞ്ഞ നേരം, കോറമംഗലയിലെ 'ഫോറം വാല്യൂ' മാളില്‍ വെച്ച് അവിചാരിതമായി ഞാന്‍ അവളെ വീണ്ടും കണ്ടു മുട്ടി. ഷോപ്പിംഗ്‌ കഴിഞ്ഞ് ഒരു കൂട്ടുകാരിയോടൊപ്പം, ഫോണില്‍ ആരോടോ മലയാളത്തില്‍ സംസാരിച്ചു കൊണ്ട് അവള്‍ പുറത്തിറങ്ങവേ എന്റെ മുന്നില്‍ വന്നു പെട്ടു. ഫോണ്‍ കട്ട്‌ ചെയ്തു അവള്‍ എന്നെ നോക്കി ചിരിച്ചു.

"സത്യം പറ, എന്താ നിന്റെ യഥാര്‍ത്ഥ പേര്? "
"സമീര.."

അങ്ങനെയാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങുന്നത്. പിന്നീട് പതിവായി ഫോണില്‍ വിളിക്കുകയും പലപ്പോഴും നേരില്‍ കാണുകയും ചെയ്തു. സമീര ഒരു എം.ബി.എ വിദ്യാര്‍ത്ഥിനി ആണെന്നും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പഠനം നിര്‍ത്തേണ്ട ഒരു ഘട്ടം എത്തിയപ്പോള്‍ ഡാന്‍സ് ബാറിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. പക്ഷെ എനിക്ക് അത്തരം കഥകളിലൊന്നും യാതൊരു വിധ വിശ്വാസമോ താല്പര്യമോ ഉണ്ടായിരുന്നില്ല.

ആര്‍.ജെ ഗാര്‍ഡനിലെ എന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് വരുവാന്‍ നിരന്തരം അവളെ പ്രലോഭിപ്പിച്ചിരുന്നെങ്കിലും അവള്‍ വഴങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. പക്ഷെ ഒരുപാട് മാസം ചെറുത്ത് നില്‍ക്കാന്‍ അവള്‍ക്കായില്ല. ഒടുവിലൊരുനാള്‍ ലക്ഷം രൂപയ്ക്ക് വേണ്ടി മൂന്നു രാവുകളും രണ്ട് പകലുകളും അവളെനിക്ക്‌ കടം തന്നു. ആദ്യ കാലങ്ങളില്‍ എന്നോടൊപ്പം മാത്രമേ അവള്‍ വരുമായിരുന്നുള്ളൂ. എന്റെ പത്താം നമ്പര്‍ അപ്പാര്ട്ട്മെന്റ്റ് അവള്‍ക്കു വേണ്ടി പലതവണ മണിയറകള്‍ ഒരുക്കി. പക്ഷെ എന്റെ മണിയറയിലെ രാജകുമാരി അവള്‍ മാത്രമല്ല എന്ന തിരിച്ചറിവ് അവളെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നതായി എനിക്ക് തോന്നിയിരുന്നു.

പുതുപ്പെണ്ണിന്റെ ഗന്ധം അലിഞ്ഞില്ലാതായതോടെ എനിക്ക് അവളെ മടുത്തു തുടങ്ങി. പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഞാന്‍ ഇറങ്ങിയതോടെ സമീരയുടെ രാവുകള്‍ക്ക്‌ വിലപേശാന്‍ പുതുമുഖങ്ങള്‍ ഉടലെടുത്തു. ആരോടൊക്കെയോ ഉള്ള ഒരുതരം വാശിയായിരുന്നു അവള്‍ക്ക്. എങ്കിലും മാസത്തില്‍ ഒന്ന് അവളെന്നെ തേടി വരും.

"എന്താ നീ ഗഹനമായി ആലോചിക്കുന്നത്...?"
സമീരയുടെ ആ ചോദ്യമാണ് എന്നെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തിയത്.
"ഒന്നുമില്ല, നിന്നെ കുറിച്ച് തന്നെ..."
"ഉം..." അവള്‍ ഒന്നമര്‍ത്തി മൂളുക മാത്രം ചെയ്തു.
അവള്‍ എന്റെ വിശേഷങ്ങള്‍ ചോദിക്കുകയും അവളുടേത്‌ പറയുകയും ചെയ്തു കൊണ്ടിരുന്നു. ചോദ്യങ്ങള്‍ക്ക് അലസമായ മറുപടിയില്‍ ഞാന്‍ ഉത്തരം അവസാനിപ്പിച്ചു.

"നീ ക്ലബ്‌ സീറോ എന്ന് കേട്ടിട്ടുണ്ടോ?"
എന്റെ അറിവില്‍ അങ്ങനെയൊരു ക്ലബ്‌ എവിടെയും ഉണ്ടായിരുന്നില്ല.

"എങ്കില്‍ കേട്ടോളൂ..ഞാന്‍ പറയാം. പത്തു ലക്ഷം രൂപയാണ് ഇവിടത്തെ മെമ്പര്‍ഷിപ്പ് ഫീസ്‌. കഴിഞ്ഞ ദിവസം ഒരു പാര്‍ട്ടി എന്നെ വിളിച്ചിരുന്നു; അയാളുടെ ഭാര്യയായി അഭിനയിച്ച് ക്ലബ്‌ സീറോയില്‍ ഒപ്പം ചെല്ലാന്‍. ഡിന്നര്‍ കഴിഞ്ഞ് ഒന്‍പതു മണിയോടെ ഞങ്ങള്‍ അവിടെ എത്തി. അവിടെയെത്തുന്ന ക്ലബ്‌ മെമ്പേഴ്സ്, തങ്ങളുടെ ഭാര്യമാരെ അവരവരുടെ വാഹനത്തില്‍ തന്നെ ഇരുത്തിയ ശേഷം, വാഹനത്തിന്റെ കീ ക്ലബിലെ ഹാളില്‍ വെച്ചിരിക്കുന്ന കറങ്ങുന്ന ഒരു പെട്ടിയില്‍ നിക്ഷേപിക്കും. ഒടുവില്‍ ഓരോരുത്തരായി തിരികെ ചെന്ന് ആ പെട്ടിയില്‍ നിന്നും ഏതെങ്കിലും ഒരു കീ എടുക്കും. ഏത് വാഹനത്തിന്റെ കീ ആണോ കിട്ടുന്നത്, അതില്‍ കാത്തിരിക്കുന്ന പെണ്ണിനോടൊപ്പമാണ് അന്നയാളുടെ രാത്രി. സ്വന്തം വാഹനത്തിന്റെ തന്നെ കീ കിട്ടുന്നവന് നഷ്ടം. പറഞ്ഞത് നിനക്ക് മനസിലായില്ലാ എന്നുണ്ടോ? സ്വാപ്പിംഗ്...ഭാര്യമാരെ എക്സ്ചേഞ്ച് ചെയ്യുന്ന പുത്തന്‍ സംസ്കാരം..."

വിദേശങ്ങളിലും മറ്റും ഇത്തരം പ്രസ്ഥാനങ്ങള്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ടെങ്കിലും ബാംഗ്ലൂരില്‍ ഇമ്മാതിരി ഒരെണ്ണം ഉണ്ടെന്നുള്ളത് പുതിയ അറിവായിരുന്നു.
"എന്താ നിനക്ക് ക്ലബ്‌ സീറോയില്‍ അംഗമാകണമെന്ന് തോന്നുന്നുണ്ടോ? ഞാന്‍ വരാമെടാ നിന്റെ ഭാര്യ ആയിട്ട്. " അവള്‍ ചിരിച്ചു...

സമീരയുടെ ഗ്ലാസ്സില്‍ പലതവണ മദ്യം നിറഞ്ഞപ്പോള്‍ ചോദിക്കാതിരിക്കാനായില്ല.
"നീ വല്ലാതെ കുടിക്കുന്നു. എന്തിനാണിത്രയും കുടിക്കുന്നത്..?"
"സോറി. അതൊരു ശീലമായിപ്പോയി. നിനക്കറിഞ്ഞു കൂടെ, കുടിക്കാതെ ഈ ജോലി ചെയ്യുവാനാവില്ല എന്ന്.........."
അവളുടെ ശബ്ദത്തില്‍ നിരാശയുണ്ടായിരുന്നു.
അവള്‍ എഴുന്നേറ്റു ജനാലയ്ക്കരുകിലേക്ക് നീങ്ങി കുറെ നേരം പുറത്തേക്കു നോക്കി നിന്നു. ജാലകത്തിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റ് അവളെ വട്ടം പിടിച്ചു. രാത്രി വൈകിയതിനാല്‍ ആര്‍.ജെ.ഗാര്‍ഡന്‍ ശാന്തമായിട്ടുറങ്ങുന്നു. ഇടയ്ക്കിടെ റിംഗ് റോഡിലൂടെ കുതിച്ചു പായുന്ന വാഹനങ്ങളുടെ ഇരമ്പലും തെരുവ് പട്ടികളുടെ കുരയും രാവിന്റെ നിശബ്ദതയില്‍ അധികപ്പറ്റായി.

"സത്യത്തില്‍ ഞാന്‍ നിന്റെ അടുത്ത് വരുമ്പോള്‍ മാത്രമാണ് ഒരു പെണ്ണാകുന്നത്. അല്ലാത്തപ്പോഴെല്ലാം വെറും അഭിനയം മാത്രം. നാല് കാശിനു വേണ്ടി അന്യന്റെ വിയര്‍പ്പിന്റെ ഉപ്പുരസം ഏറ്റുവാങ്ങേണ്ടി വരുന്ന വെറുക്കപ്പെട്ട ഒരു നാടകം. "

ഞാന്‍ എഴുന്നേറ്റ് മുറിയിലെ ലൈറ്റ് അണച്ചു. നേര്‍ത്ത നിലാവ് അപ്പോള്‍ ഞങ്ങള്‍ക്ക് കൂട്ടായെത്തി. സമീരയോടു എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. അവളെ കരവലയത്തിലേക്ക് അടുപ്പിച്ച് ഞാന്‍ മാറോടണച്ചു. മുഖമുയര്‍ത്തി എന്റെ നേരെ നോക്കിഅവള്‍ തുടര്‍ന്നു....

"അസഹനീയമായ പീഡനമാണ് പലപ്പോഴും നടത്തിപ്പുകാരില്‍ നിന്നും ഏല്‍ക്കേണ്ടി വരിക. ഏത് പാതിരാത്രിയിലും സമീരയെ മാത്രം മതി എന്ന് പറഞ്ഞ് വരുന്നവര്‍ക്ക് ഒരിക്കലും അറിയേണ്ടല്ലോ അവളുടെ വേദനകള്‍. ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുന്ന ആര്‍ത്തവ സമയത്ത് പോലും പലരുടെയും കൂടെ കിടക്കേണ്ട ഗതികേട് വരാറുണ്ട്. ആര്‍ത്തവ രക്തം പുറത്ത് വരാതിരിക്കാനായി, പഞ്ഞി ഉള്ളിലേക്ക് തിരുകി കയറ്റി വെച്ചിട്ടാണ് കസ്റ്റമറിന്റെ അടുത്ത് ചെല്ലുക. എല്ലാം കഴിഞ്ഞ് ആ പഞ്ഞിക്കെട്ട് വലിച്ചൂരി എടുക്കുമ്പോള്‍ രക്തത്തില്‍ കുതിര്‍ന്ന ഒരു മാംസപിണ്ഡം മാതിരി പുറത്തേക്കു വരും....."

ആ വാക്കുകള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കി. അവിശ്വസനീയമായി തോന്നിയേക്കാവുന്ന വിധം ക്രൂരതകള്‍ നിറഞ്ഞ ഒരു ജീവിതം തന്നെ. അവളുടെ മൂര്‍ദ്ധാവില്‍ ഞാനമര്‍ത്തി ചുംബിച്ചു.

പതിവില്ലാതെ കാര്‍മേഘങ്ങള്‍ ആകാശത്ത് നിറയുകയും നിലാവ് ഇരുളിന് വഴി മാറുകയും കാറ്റിന് തണുപ്പ് കൂടുകയും ചെയ്തു.
"ഈ ഇരുളിന്റെ മടിത്തട്ടില്‍ ഈ നിമിഷം ഞാന്‍ അലിഞ്ഞില്ലാതായി തീര്‍ന്നിരുന്നെങ്കില്‍....." ഇരുട്ടിലേക്ക് നോക്കി അവള്‍ വ്യസനിക്കവേ എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാന്‍ വീണ്ടും ധര്‍മ സങ്കടത്തിലായി.

"ഈ വൃത്തികെട്ട ജീവിതം ഉപേക്ഷിച്ച് വന്ന് ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ? "
സമീരയുടെ കണ്ണുനീരിന്റെ നനവ്‌ എന്റെ നെഞ്ചില്‍ ഒരു പൊള്ളലായി പടര്‍ന്നു. ഞാനണിഞ്ഞിരിക്കുന്ന മാന്യതയുടെ ഈ കപട മുഖം മൂടി ഒരിക്കലും എനിക്കഴിച്ചു വെക്കാന്‍ സാധിക്കില്ല എന്നവള്‍ക്കറിയില്ലല്ലോ. ആ ഞാനെങ്ങനാണ് നിന്നെ രക്ഷപെടുത്തുക ?
"അല്ല എനിക്കറിയാം, നിനക്കതിനാവില്ല എന്ന്. നിന്റെ ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍ ഒന്നും അറിയാഞ്ഞിട്ടല്ല ; വെറുതെ ചോദിച്ചു പോയതാണ്..."

മഴ പെയ്തു തുടങ്ങിയിരുന്നു. പാഞ്ഞെത്തിയ മഴത്തുള്ളികള്‍ കെട്ടിടങ്ങളുടെ മേല്ക്കൂരകളിലും വൃക്ഷത്തലപ്പുകളില്‍ വന്നടിച്ച് വീണ് ചിതറി തെറിച്ചു മണ്ണിലേക്കാഴ്ന്നിറങ്ങി.
"ഞാനൊരുപാട് സങ്കടപ്പെടുമ്പോഴൊക്കെ എന്നെ ആശ്വസിപ്പിക്കാന്‍ ഒരമ്മയുടെ സാമീപ്യവുമായി എന്നും മഴയെത്താറുണ്ട്. അതേ, ഇതെനിക്കുവേണ്ടി പെയ്ത മഴയാണ്...."
അവളുടെ ആ വാക്കുകള്‍ കേട്ടപ്പോള്‍ മഴയുടെ ശക്തി ഒന്ന് കൂടിയ പോലെ എനിക്ക് തോന്നി..

അന്ന് രാത്രി ഒരുപാട് നേരം അവളെന്റെ മാറോട് ചേര്‍ന്ന് കിടന്നു കരഞ്ഞു കൊണ്ടിരുന്നു. എപ്പോഴോ ഞാനുറങ്ങി. നേരം പുലരും മുന്‍പേ എന്നെ വിളിച്ചുണര്‍ത്തി , പതിവില്ലാതെ കയ്യിലൊരുമ്മയും തന്നിട്ട് അവള്‍ പോയി.


***************************************

ഒന്നര ആഴ്ചകള്‍ക്ക് ശേഷം ബാഹുലേയന്റെ ഫ്ലാറ്റില്‍ വെച്ചാണ്, യാദൃശ്ചികമായി ശരവണന്റെ ശ്രദ്ധയില്‍ പെട്ട ഏതാനും ദിവസം മുന്‍പത്തെ ഒരു മലയാള ദിനപ്പത്രത്തിലെ ആ വാര്‍ത്ത അവനെന്നെ കാണിച്ചത്. അനാശാസ്യ പ്രവര്‍ത്തനത്തിന് കോഴിക്കോട്‌ നഗരത്തിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്ത രണ്ട് പേരില്‍ ഒരാള്‍ അവളായിരുന്നു സമീര. ആ വാര്‍ത്ത എന്നില്‍ പ്രത്യേകിച്ച് ചലനങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയില്ലെങ്കിലും ശരവണന്‍ അസ്വസ്ഥനാണ് എന്നെനിക്ക് മനസിലായി. അവന്‍ പുറത്തേക്കിറങ്ങി ആരെയൊക്കെയോ വിളിച്ച് അവളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞ ശേഷം എന്റടുത്തെത്തി പറഞ്ഞു.

"ആരോ ഒറ്റിയതാണ്. കൂടെയുണ്ടായിരുന്ന ബിസിനസ് പ്രമുഖനെ..."
"അല്ലേലും അവളെന്തിനാ ഈ പരിപാടിയുമായി നാട്ടിലേക്ക് പോയത്. നാട് ഒരിക്കലും സുരക്ഷിതമല്ലെന്ന് അവള്‍ക്കറിയാവുന്നതല്ലേ..."
"ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ..." ഒന്ന് നിര്‍ത്തി ശരവണന്‍ തുടര്‍ന്നു.
"അവളെ എങ്ങനെയേലും ഒന്ന് ജാമ്യത്തില്‍ ഇറക്കേണ്ടേ..? "
"ജാമ്യത്തിലിറക്കാന്‍ അങ്ങ് ചെല്ല്. പെണ് വാണിഭസംഘമെന്ന മുദ്ര കുത്തി ചെല്ലുന്നവനെ കൂടി അകത്താക്കും നമുടെ സദാചാര പോലീസ്. "

ശരവണന്‍ തെല്ലു നേരം നിശബ്ദനായി; പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു തുടങ്ങി.
"രണ്ട് കൊല്ലം മുന്‍പ് ബാംഗ്ലൂരില്‍ എം.ബി.എ പഠിച്ചു കൊണ്ടിരുന്ന ഒരു പെണ്‍കുട്ടി. അന്ന് തീര്‍ത്തും അപ്രതീക്ഷിതമായാണ് അവളുടെ അച്ഛന് ഹൃദയ ശസ്ത്രക്രിയ വേണ്ടി വന്നത്. എവിടെ നിന്നോ എങ്ങനെയെക്കെയോ കാശ് കടം വാങ്ങി ഓപ്പറേഷന്‍ നടത്തി. ആകെയുണ്ടായിരുന്ന അഞ്ചു സെന്റ്‌ പുരയിടവും വീടും തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു; അപ്പോഴും പകുതി കടം പിന്നെയും ബാക്കി. വീട്ടു വാടകയ്ക്കും പിതാവിന്റെ മരുന്നിനു പോലും പണമില്ലാത്ത അവസ്ഥ. അവളുടെ ഹോസ്റ്റല്‍ ഫീസ്‌ കിട്ടാക്കനിയായി മാറി. പണം കടം കൊടുത്തവര്‍ അവളെയും ശല്യം ചെയ്തു തുടങ്ങിയതോടെയാണ് കൂടെ പഠിക്കുന്ന യു.പി.ക്കാരി പെണ്ണ് മുഖേന അവള്‍ ആ ഡാന്‍സ് ബാറില്‍ കാലെടുത്തു വെക്കുന്നത്.

എന്ത് ജോലിയാണ് തന്റെ മകള്‍ പാര്‍ട്ട് ടൈം ആയി ചെയ്യുന്നത് എന്നറിയാന്‍ ആ അച്ഛനോ അമ്മയ്ക്കോ അവളുടെ അനുജനോ തെല്ലും താല്പര്യം ഉണ്ടായിരുന്നില്ല അഥവാ അവര്‍ കണ്ടില്ല എന്ന് നടിച്ചു. പകരം കൂടുതല്‍ കൂടുതല്‍ ആവശ്യങ്ങളുമായി അവര്‍ അവളെ സമീപിച്ചു. ബോസ്സിനെ വീട്ടിലെ അവസ്ഥ പറഞ്ഞു ബോധ്യപ്പെടുത്തി കൂടുതല്‍ ശമ്പളം നേടിയെടുക്കാന്‍ അമ്മ മകളെ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ വെറും ഡാന്‍സ് മാത്രം ചെയ്തു കൊണ്ടിരുന്ന ആ മകള്‍ക്ക് ആദ്യമായി ശമ്പളക്കയറ്റം നടത്തിയ മുതലാളി നീയായിരുന്നുവല്ലോ...മൂന്നു ദിവസത്തെ കൂലിയായി ലക്ഷം രൂപ നല്‍കിയ മഹാന്‍..."

"ഇമ്മാതിരി എല്ലാ പെണ്ണുങ്ങള്‍ക്കും കാണും ഇത് പോലൊരു കഥ പറയാന്‍. അവള്‍ പെഴയ്ക്കേണ്ടവളാണ് അതുകൊണ്ട് പെഴച്ചു. അല്ലാതെ അതിന്റെ കാരണക്കാരന്‍ ഞാനാണ് എന്ന് വ്യാഖ്യാനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ അല്ലെങ്കില്‍ വേറൊരുത്തന്‍. ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ആരെയും ഞാനൊട്ടു ചീത്തയാക്കിയിട്ടുമില്ല.."

"നിനക്കെങ്ങനെ ഇത്ര ക്രൂരനാവാന്‍ കഴിയുന്നു..." എന്ന് ചോദിച്ച് ശരവണന്‍ ഇറങ്ങിപ്പോയി. ബാഹുലേയന്‍ വരാന്‍ വൈകും എന്നറിഞ്ഞതിനാല്‍ ഫ്ലാറ്റ് പൂട്ടി താക്കോല്‍ അടുത്ത് താമസിക്കുന്ന ഒരു സുഹൃത്തിനെ ഏല്‍പ്പിച്ചു ഞാനും തിരികെ പോന്നു.

മൂന്നു ദിവസം കഴിഞ്ഞ് ശരവണന്റെ ഒരു ഫോണ്‍ വന്നു.
"സമീര ജാമ്യത്തില്‍ ഇറങ്ങി. നന്ദിയുള്ള പട്ടികളും ഭൂമുഖത്ത്‌ ഉണ്ടെന്ന് ഇപ്പോള്‍ മനസിലായില്ലേ..?"
അവന്റെ ആ വാക്കുകള്‍ എന്നെ അരിശം കൊള്ളിച്ചു.
"പോലീസ് ഏമാന്മാരുടെ കൂടെ കിടന്നതിനു അവള്‍ക്ക് കിട്ടിയ പ്രതിഫലം ആയിരിക്കും അവളുടെ ജാമ്യം. അല്ലാതെ അവളെയൊക്കെ ജാമ്യത്തിലിറക്കാന്‍ ആരാണ് വരിക...?"
ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പേ അവന്‍ ഫോണ്‍ കട്ട് ചെയ്തു.

അവളുടെ വക്കാലത്തും സംരക്ഷണവും ഏറ്റെടുക്കാന്‍ അവന്‍ നടക്കുന്നതില്‍ എനിക്ക് ഈര്‍ഷ്യ തോന്നി. അവര്‍ തമ്മില്‍ എന്തോ ഒരടുപ്പം ഉണ്ടെന്ന് പല തവണ എനിക്ക് തോന്നിയിട്ടുള്ളതാണ്. അവനുമായി എപ്പോഴെങ്കിലും ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് അടുത്തിടെ കൂടി അവളോട്‌ ചോദിച്ചിട്ടുമുണ്ട്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല എന്നും അവന്‍ ഒരു നല്ല സുഹൃത്താണെന്നുമാണ് അവളന്നും മറുപടി പറഞ്ഞത്. നാശം. ഒരുത്തനെയും വിശ്വസിക്കാന്‍ കൊള്ളില്ല.

ഏതാനും നാള്‍ കഴിഞ്ഞ് ഒരു ദിവസം അതിരാവിലെ ശരവണന്‍ എന്നെ മൊബൈലില്‍ വിളിച്ചു. ആദ്യം കോള്‍ കട്ട് ചെയ്തെങ്കിലും തുടര്‍ച്ചയായി വിളി വന്നപ്പോള്‍ അറ്റന്‍ഡ് ചെയ്തു.
"സമീര, അവള്‍ ആത്മഹത്യ ചെയ്തു; ഇന്നലെ വൈകിട്ട്. ഒറ്റപ്പാലത്തുള്ള വീട്ടില്‍ വെച്ച്, ഇന്നുച്ച തിരിഞ്ഞ് ശവദാഹം..."
അക്ഷരാര്‍ത്ഥത്തില്‍ അതൊരു ഞെട്ടലായിരുന്നു...
"എന്താ കാര്യം ?" ഞാന്‍ തിരക്കി.
"അതറിയാന്‍ നിനക്കെന്തവകാശം....?"
കൂടുതല്‍ എന്തെങ്കിലും ചോദിക്കും മുന്‍പ് തന്നെ അവന്‍ ഫോണ്‍ വെച്ച് കളഞ്ഞു.
വിളിച്ചു ചോദിച്ചപ്പോള്‍ ബാഹുലേയനാണ് വിശദമായി പറഞ്ഞത്.

"പോലീസ് പിടിയിലായ വിവരം അറിഞ്ഞ ഉടനെ തന്നെ വീട്ടുകാര്‍ അവളെ പടിയടച്ചു പിണ്ഡം വെച്ചു എന്ന് തന്നെ പറയാം. പിതാവിന്റെ പേരില്‍ വാങ്ങിയ വസ്തുവും പണി കഴിപ്പിച്ച വീടും ആഭരണങ്ങളും എല്ലാം അവളുടെ മാനത്തിന്റെ വിലയാണെന്നത് അവര്‍ സൌകര്യ പൂര്‍വ്വം മറന്നു. ആര്‍ക്കു വേണ്ടിയാണോ തെരുവിലിറങ്ങിയത് അവര്‍ തന്നെ തിരിച്ചു കടിച്ചപ്പോള്‍ എല്ലാം അവസാനിപ്പിക്കാന്‍ അവള്‍ക്ക് തോന്നിക്കാണും. "

സമീരയെ അവസാനമായി ഒന്ന് കാണണമെന്ന് തോന്നി. ഉടന്‍ തന്നെ അടുത്ത ഫ്ലൈറ്റിനു കോയമ്പത്തൂര്‍ എത്തി, അവിടെ നിന്നും ടാക്സിയില്‍ ഒറ്റപ്പാലത്തുള്ള വീട്ടില്‍ എത്തിച്ചേര്‍ന്നു.
വെള്ളത്തുണിയില്‍ പൊതിഞ്ഞു മൊബൈല്‍ മോര്‍ച്ചറിയില്‍ കിടക്കുന്ന സമീരയുടെ മുഖത്ത് ഗാഡമായ ഒരു ശാന്തത കളിയാടുന്നതായി എനിക്കനുഭവപ്പെട്ടു. കേവലം ആഴ്ചകള്‍ക്ക് മുന്‍പ് തന്റൊപ്പം കിടക്ക പങ്കിട്ട പെണ്‍കുട്ടി ആണിതെന്നു വിശ്വസിക്കാന്‍ പ്രയാസം തോന്നി.

പരേതാത്മാവിന് വേണ്ടി ഒരു നിമിഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയപ്പോള്‍ സമീര എന്നെ നോക്കി ചിരിക്കുന്നതായി തോന്നി. മൊബൈല്‍ മോര്‍ച്ചറിയുടെ ചില്ലുകള്‍ തകര്‍ത്ത്, ആ കിടന്ന കിടപ്പില്‍ എഴുന്നേറ്റ് വന്ന് സമീര എന്റെ കഴുത്തിന്‌ കുത്തിപ്പിടിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. സാമ്പ്രാണിയുടെ ഗന്ധവും ഉയരുന്ന പ്രാര്‍ഥനാകീര്‍ത്തനങ്ങളും മനസിനെ അസ്വസ്ഥമാക്കിയപ്പോള്‍ ഞാന്‍ ആ മുറിക്ക് പുറത്തേക്കിറങ്ങി.

വീടിന് വെളിയില്‍ മതിലില്‍ ചാരി ശരവണന്‍ നില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവന്‍ വെറുപ്പോടെ മുഖം തിരിച്ചു. ഞാന്‍ ബസ് സ്റ്റോപ്പ്‌ ലക്ഷ്യമാക്കി നടന്നു തുടങ്ങിയപ്പോള്‍ മഴയെത്തി. അവസാനമായി സമീരയെ ആശ്വസിപ്പിക്കാന്‍ എത്തിയ ആ മഴയിലൂടെ ഞാന്‍ നടന്നു നീങ്ങി.
"ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ.." എന്ന് ആരൊക്കെയോ ചുറ്റും നടന്നു ചോദിക്കുന്നതായും പിന്നെ ഉറക്കെ പൊട്ടിച്ചിരിക്കുന്നതായും എനിക്ക് തോന്നി.


ഒറ്റപ്പാലത്ത് നിന്നും അടുത്ത ബസിനു ഞാന്‍ പാലക്കാടെത്തി, സൂര്യ ബാറില്‍ കയറി ഒരു ബിയറിനു ഓര്‍ഡര്‍ ചെയ്തു. ചില്ല് ഗ്ലാസിലെ മഞ്ഞ നിറമുള്ള ദ്രാവകം ചുണ്ടോടടുപ്പിച്ചപ്പോള്‍ ആരോ പറഞ്ഞു...

"ബിയര്‍ കുടിയാ ചിയേഴ്സ്....ഐ കോണ്ടാക്റ്റ്...!"

33 comments:

  1. തേങ്ങ ഞാന്‍ അങ്ങട് ഐശ്വര്യമായി ഒടച്ചു

    ReplyDelete
  2. ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ.." ഇവിടെ നിറുത്താമായിരുന്നു മഹേഷ്.. പിന്നീടുള്ള സൂര്യ ബാറും ബിയറുകുടിയനിലും മനോഹരം അതായിരുന്നു.

    കഥ മനോഹരമായി പറഞ്ഞു. അഭിനന്ദനങ്ങള്‍.

    ReplyDelete
  3. അത്ര കണ്ടു ഇഷ്ടപെട്ടില്ല. . . . ഇത്തരം പെണ്ണുങ്ങള്‍ക്കെല്ലാം ഒരു കഥ പറയാന്‍ ഉണ്ടാവും എന്ന് പറഞ്ഞ പോലെ

    ഇത്തരം കഥകള്‍ എപ്പോഴും എഴുതാം. . . . ആദ്യം ഉണ്ടായിരുന്ന തീവ്രത പിന്നീട് നഷ്ടപെട്ട പോലെ. . .അവസാനം ഒരു പിഴച്ച പെണ്ണിന്റെ ജീവിതം പറഞ്ഞു തീരത്ത പോലെ തോന്നി

    ReplyDelete
  4. ഇഷ്ടമായി. ആദ്യ പകുതിയാണ് കൂടുതല്‍ ഇഷ്ടപെട്ടത്‌... .നല്ല ഭാഷയില്‍ വളരെ മനോഹരമായി തന്നെ പറഞ്ഞു. ആശംസകള്‍.

    ReplyDelete
  5. കൊള്ളാം... എന്നത്തേയും പോലെ സ്ത്രീ ജീവിതം. പ്രണയത്തിന്റെ ഏതൊക്കെയോ അറിയാത്ത വഴികളും...

    ReplyDelete
  6. താങ്കളുടെ പതിവ് മികവു എനിക്ക് അനുഭവപ്പെട്ടില്ല. ചിലപ്പോള്‍ എന്റെ ആസ്വാദനത്തിന്റെ കുഴപ്പമാവും.
    എല്ലാ ആശംസകളും.

    ReplyDelete
  7. @മനോരാജ്,
    ക്ലൈമാക്സിലെ വാക്യങ്ങളില്‍ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട്..
    അനാവശ്യമെന്ന് തോന്നിയ പാരഗ്രാഫ് എടുത്ത് കളയുകയും കൂടാതെ അവസാന വരിയിലും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. അഭിപ്രായത്തിനും നിര്‍ദേശത്തിനും നന്ദി...

    ReplyDelete
  8. ഈ വര്‍ഷം നന്നാവാം എന്ന് കരുതിയതാ.
    പക്ഷെ ഇതൊക്കെ വായിച്ചു നന്നയാവും കണ്ണൂരാന്‍!

    (മഹൂ,നന്നായി മച്ചൂ നന്നായി. ഇടയ്ക്കുള്ള മടി മാറ്റിയാല്‍ തന്നിലെ എഴുത്തുകാരന്‍ മികച്ചുനില്‍ക്കും)

    നവവല്‍സരാശംസകള്‍

    ReplyDelete
  9. "ഈ വൃത്തികെട്ട ജീവിതം ഉപേക്ഷിച്ച് വന്ന് ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ? "
    സമീരമാര്‍ പലപ്പോഴും പലരോടായി ചോദിച്ച്..പിന്നെ വെറുതെ ചിരിച്ചു മറന്നിട്ടുണ്ടായെക്കാവുന്ന ചോദ്യം ...കഥ നന്നായി...ആശംസകള്‍ ...

    ReplyDelete
  10. നന്നായി എഴുതി.
    വരയിട്ടതിനു കുകളില്‍ ഒരു പേസ്. വരക്കു താഴെ മറ്റൊരു പേസ്. ആ വരയില്‍ നിര്‍ത്തിയാലും നല്ലൊരു കഥ തന്നെയാണ്. രണ്ടാം പാതി അലപം കഥ പറച്ചില്‍ പോലെ ആയി.

    ReplyDelete
  11. സമീരമാര്‍ ഉണ്ടാക്കപ്പെടുകയാണ് . ആവശ്യക്കാരില്ലാതെ വന്നാല്‍ സമീര്മാര്‍ ഉണ്ടാകില്ല . അപ്പോള്‍ ആരാണ് ഇതിനു ഉത്തരവാദികള്‍ . അവള്‍ ആത്മഹത്യാ ചെയ്തതത് തന്നെയാണ് എനിക്ക് ഇഷ്ട്ടപ്പെട്ടത്‌.ജീവനില്ലാത്ത ആ ശരീരം അവസാനമായി കാണാന്‍ പോയ നായകനോട് പുച്ഛം തോന്നുന്നു ..... പിന്നെ എവിടെയോ എന്തോ കഥക്ക് ഒരു തീവ്രത ഇല്ലാതെ പോയി ...........

    ReplyDelete
  12. നല്ല കഥ
    നവവല്‍സരാശംസകള്‍

    ReplyDelete
  13. പല ഘട്ടങ്ങളിലൂടെ കഥാപാത്രങ്ങളെ കൊണ്ട് പോയി.. ആദ്യ ഭാഗം വളരെ ഇഷ്ടപ്പെട്ടു..അഭിനന്ദനങ്ങള്‍..

    ReplyDelete
  14. എന്നത്തേയും പോലെ ഒരു മഹി ടച്ച് വന്നില്ല ....പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍............... എങ്കിലും ആശംസകള്‍

    ReplyDelete
  15. "ജാലകത്തിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റ് അവളെ വട്ടം പിടിച്ചു" - കൊള്ളാം

    ReplyDelete
  16. മഹേഷ്‌.,....

    കഥാപശ്ചാത്തലവും കഥാവിഷയവും എനിക്കേറെ പരിചിതമായത് എന്റെ വായനയെ എളുപ്പമാക്കി... ഒപ്പം ആസ്വാദ്യകരവും... കാരണം, കുറച്ചു നാള്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ബംഗ്ലൂര്‍ എനിക്ക് ഇപ്പോഴും നൊസ്റ്റാള്‍ജിയ തരുന്ന സ്ഥലം ആണ് എന്നത് കൊണ്ട് തന്നെ.. അവിടത്തെ വഴികളും മാളുകളും multipluxകളും പബ്ബുകളുമൊക്കെ ഏതോ സ്വപ്നത്തില്‍ ഞാന്‍ കണ്ട കാഴ്ച പോലെ തോന്നിയിട്ടുമുണ്ട്.. ആ ഭ്രാമാത്മകത ഈ കഥയിലും എന്നെ വല്ലാതെ ആകര്‍ഷിച്ചു..

    ഇനി കഥയിലേക്ക്‌ ....
    ആദ്യപകുതിയുടെ ഊഷ്മളത രണ്ടാം പകുതിയില്‍ വിട്ടു സമീരയുടെ ജീവിതം വരച്ചു കാട്ടാനുള്ള ശ്രമം മാത്രമായിപ്പോയി... അവിടെ നഷ്ടമായത് ഞാന്‍ എന്ന കഥാപാത്രത്തെയായിരുന്നു... അയാളില്‍ കുറെ കൂടി ഫോക്കസ് ചെയ്യാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. എന്നാല്‍ അയാളുടെ നിസ്സംഗമായ ഭാവം കഥയ്ക്ക് യോജിക്കുന്നതും അത് മനോഹരമായി പറയാനും മഹേഷിനു സാധിച്ചിട്ടുണ്ട്...

    മനോരാജ് പറഞ്ഞ പോലെ, ഞാന്‍ ആണ് ഈ കഥ എഴുതുന്നതെങ്കിലും ഒരുപക്ഷെ ആ ഒരു ഡയലോഗില്‍ കഥ അവസാനിപ്പിക്കുമായിരുന്നു... എന്നാല്‍ മഹേഷ്‌ അതിനെ തുടര്‍ന്ന് സൂര്യാ ബാറില്‍ ബിയര്‍ കുടിച്ചുകൊണ്ടിരിക്കുന്ന നായകനിലേക്ക് കഥ അവസാനിപ്പിക്കുന്നതിലൂടെ ആ കഥാപാത്രത്തെ ഒന്നുകൂടി വായനക്കാരനിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു എന്ന് തോന്നുന്നു... അയാള്‍ക്ക്‌ സമീര എന്നാ പെണ്‍കുട്ടിയെ മറന്നു മറ്റൊരു സമീരയിലേക്ക് ചേക്കേറാന്‍ സമയമായി എന്ന് വേണമെങ്കില്‍ കരുതാം.. അത്രയും നിസ്സംഗമായി സ്ത്രീ ബന്ധങ്ങളെ കാണാന്‍ അയാള്‍ക്ക്‌ കഴിയുന്നു എന്ന് വായിച്ചെടുക്കാനാണ് എനിക്ക് തോന്നുന്നത്... അപ്പോള്‍ അതൊരു ന്യൂനതയായി എണ്ണാന്‍ ആവില്ല..

    കഥയിലെ പല വാക്കുകളിലും അല്‍പ്പം തിരുത്ത് വരുത്തിയാല്‍ കുറെ കൂടി മിഴിവുള്ളതാക്കാം എന്ന് തോന്നി മഹേഷ്‌,.. എങ്കിലും എടുത്തു പറയാന്‍ മാത്രം ഉള്ള അപാകതകള്‍ ഇല്ലെന്നു തന്നെ പറയാം... മറ്റൊരു കഥയുമായി വരും വരെ സമീര
    ഹൃദയത്തോട് തൊട്ടു വീശുന്ന ഒരു ഉഷ്ണവാതമായി വായനക്കാരന്റെ മനസ്സില്‍ നിറയട്ടെ...

    സ്നേഹാശംസകള്‍

    സന്ദീപ്‌...

    ReplyDelete
  17. എഴുതുക എന്നല്ലാതെ നിരൂപണം നടത്താന്‍ എനിക്കറിഞ്ഞു കൂടാ. ഈ പോസ്റ്റ്‌ കണ്ടാല്‍ ഞാന്‍ പിന്നെ സമയമുണ്ടാക്കി അത് വായിക്കും. ഇപ്രാവശ്യവും നിരാശപ്പെടുത്തിയില്ല. യഥാതഥമായ രീതിയില്‍ അതിനെകഥയെ വായിച്ചാലേ ശ്രീജിത്ത് പറഞ്ഞ പ്രശ്നം വരുന്നുള്ളൂ. താനനുഭവിച്ചത് എങ്ങനെ പറഞ്ഞു ഫലിപ്പിക്കുന്നു എന്ന് മാത്രമാണ് കഥാകാരനെ സംബന്ധിച്ചേടത്തോളം നോക്കേണ്ടതുള്ളൂ. അയാള്‍ ഒരു ഉപദേശിയാണെന്ന് അവകാശപ്പെടത്തോളം കഥാകാരന് അയാളുടെ കഥാപാത്രത്തെ എങ്ങനെയും അവതരിപ്പിക്കാം. പിന്നെ സമീരയുടെ കഥയേക്കാള്‍ കഥാകാരന്‍ അനുഭവിച്ച മാനസികാവസ്ഥയാണ് ഈ കഥയില്‍ പ്രധാനം എന്ന് തോന്നുന്നു.

    ReplyDelete
  18. ഞാനും വായിച്ചു.. കഥ ഇഷ്ടായി.. എല്ലാവരും പറഞ്ഞതാവര്‍ത്തിക്കുകയല്ല,, എനിക്കും ആദ്യഭാഗം ഒത്തിരി ഇഷ്ടായി..

    ReplyDelete
  19. സന്ദീപ് പറഞ്ഞത്....

    ReplyDelete
  20. കഥ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍...

    ReplyDelete
  21. ഇങ്ങനെ വല്ലപ്പോഴും ഓരോ തകർപ്പൻ സാധനങ്ങൾ മതീടാ.. സൂപ്പർ പോസ്റ്റ്.

    ReplyDelete
  22. ഞാനിത് കഴിഞ്ഞ ദിവസം വായിച്ചിരുന്നു പക്ഷേ കമന്റിടുവാന്‍ മറന്നുപോയെന്നു തോന്നുന്നു.
    ഇതുപോലുള്ള കുറച്ച് ജീവിതങ്ങള്‍ ഞാനും കുറേവര്‍ഷങ്ങള്‍ക്ക് മുന്‍പ് മുമ്പയിലെ ഡാന്‍സ് ബാറുകളില്‍ കണ്ടിട്ടുണ്ട്.
    അതു പക്ഷേ പഠനത്തിനായി എത്തിയവരായിരുന്നില്ല ജോലി തേടിയും ഗള്‍ഫ് സ്വപ്നം കണ്ടും വന്നവരായിരുന്നുവെന്നും മാത്രം.
    കഥയുടെ ഇഴകീറി നിരൂപണം നടത്താന്‍ ഞാന്‍ ആളല്ല. പക്ഷേ എനിക്കുമുകളില്‍ ചില സ്നേഹിതര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ സഹോദരബുദ്ധ്യാ പരിശോധിക്കുക.

    നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍......

    ReplyDelete
  23. ആദ്യമാനിവിടെ... കഥ ഇഷ്ടമായി...

    സ്നേഹാശംസകള്‍...

    ReplyDelete
  24. വിശദമായി പറഞ്ഞ കഥ. സമീര മനസ്സില്‍ നോമ്പ്പരമുനര്ത്തുന്നു. മഹേഷിന്റെ പല കഥകള്‍ വായിച്ചിട്ടും എല്ലാത്തിലും വിഷയം ഒന്നായി കാണുന്നതില്‍ അല്പം നീരസം തോന്നാറുണ്ട്.
    ഈ കഥയും നന്നായി തന്നെ പറഞ്ഞിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  25. "ഒരു വേലക്കാരിയായിട്ടെങ്കിലും ഞാന്‍ നിന്റെ കൂടെ കഴിഞ്ഞോട്ടെ.." അതാണ്‌ ഇതിലെ പഞ്ച് ഡയലോഗ്....
    പാവം സമീരക്ക് അറിയില്ലല്ലോ ഒരു ക്ലാര കാത്തിരിപ്പുണ്ടെന്ന്

    ഓഫ്‌ ടോപ്പിക്ക്: എപ്പോളെങ്കിലും നിങ്ങക്ക് ഒരു പെണ്ണ് കിട്ടിയാല്‍ മഹേഷേട്ടാ, എന്നെ കല്യാണത്തിന് വിളിക്കാന്‍ മറക്കരുത്

    ReplyDelete
  26. കഥ നന്നായിട്ടുണ്ട്.എഴുത്തിന്റെ മികവു എടുത്തു പറയേണ്ടതാണ്‌ ..പകുതി എവിടെയോ സുഖം തോന്നിയില്ല ..

    ReplyDelete
  27. മനോഹരം. നന്നായി പറഞ്ഞിരിക്കുന്നു. നൈറ്റ് ഇലവണ്‍ ഡാന്‍സ്‌ ബാറില്‍ നിന്നും ഒറ്റപ്പാലത്തെ മൊബൈല്‍ മോര്‍ച്ചറിയിലേക്കുള്ള ദൂരത്തിനിടയില്‍ ഒട്ടും ബോറടിപ്പിച്ചില്ല എന്നത് തന്നെയാണ് എടുത്തുപറയേണ്ടത്. വിഷയം പഴയതാണെങ്കിലും പുതിയതാണെങ്കിലും വായന ഒരു ഭാരമാകാതിരിക്കുക എന്നത് എഴുതുന്നയാള്‍ നേരിടുന്ന വെല്ലുവിളിയാണ്.
    അതില്‍ മഹേഷ്‌ നൂറുശതമാനവും വിജയിച്ചിരിക്കുന്നു.

    ReplyDelete
  28. ആശയത്തെക്കാൾ അവതരിപ്പിച്ച ശൈലി നല്ലത്. ആദ്യപകുതിയെത്തുമ്പോൾ, അവസാനഭാഗം ഇതിലും നന്നായി സങ്കല്പിക്കും. പുതിയ ആശയവുമായി അടുത്ത കഥ പ്രതീക്ഷിക്കുന്നു. ആശംസകൾ....

    ReplyDelete
  29. നല്ല രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  30. സമീര എന്നൊക്കെ പറഞ്ഞെങ്കിലും ക്ലാരയുടെ മുഖം തന്നെയേ കഥാപാത്രത്തിന് മനസ്സില്‍ വരുന്നുള്ളൂ.. :)

    ReplyDelete